'100 മീറ്റർ' റേസിൽ ക്ലാസനെ പൊട്ടിച്ചു; ഈ ഐപിഎല്ലിലെ ഏറ്റവും വലിയ സിക്‌സുമായി ദിനേശ് കാര്‍ത്തിക്, 108 മീറ്റര്‍!

By Web TeamFirst Published Apr 16, 2024, 9:55 AM IST
Highlights

ഹെന്‍‌റിച്ച് ക്ലാസന്‍റെ റെക്കോര്‍ഡാണ് ദിനേശ് കാര്‍ത്തിക് തകര്‍ത്തത് എന്നതാണ് ശ്രദ്ധേയം

ബെംഗളൂരു: ഐപിഎല്‍ 2024 സീസണിലെ ഏറ്റവും നീളമേറിയ സിക്‌സറിന്‍റെ റെക്കോര്‍ഡ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്കിന്‍റെ പേരില്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരെ ഇന്നലെ നടന്ന മത്സരത്തില്‍ ഡികെ പറത്തിയ 108 മീറ്റര്‍ സിക്‌സാണ് റെക്കോര്‍ഡ‍് ബുക്കില്‍ ഇടംപിടിച്ചത്. ഇതേ കളിയില്‍ 106 മീറ്റര്‍ നീണ്ട സിക്‌സ് പറത്തിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വിക്കറ്റ് കീപ്പര്‍ ഹെന്‍‌റിച്ച് ക്ലാസന്‍റെ റെക്കോര്‍ഡാണ് ദിനേശ് കാര്‍ത്തിക് തകര്‍ത്തത് എന്നതാണ് ശ്രദ്ധേയം. 

108 METER SIX BY 38-YEAR-OLD DINESH KARTHIK 🤯💪pic.twitter.com/CnOwcV5vPJ

— Johns. (@CricCrazyJohns)

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ റണ്‍ഫെസ്റ്റ് ആയി മാറിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു- സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തില്‍ ഇരു ടീമും ചേര്‍ന്ന് 549 റണ്‍സ് അടിച്ചുകൂട്ടി. 43 ഫോറും 38 സിക്‌സുകളും ആകെ പിറന്നു. ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ കണ്ട ഐപിഎല്‍ മത്സരം എന്ന റെക്കോര്‍ഡ് പിറന്ന മത്സരത്തിലായിരുന്നു സീസണിലെ ഏറ്റവും വലിയ സിക്‌സിന്‍റെ റെക്കോര്‍ഡ് ഹെന്‍‌റിച്ച് ക്ലാസന്‍ ആദ്യമെഴുതിയതും പിന്നാലെ ദിനേശ് കാര്‍ത്തിക് തിരുത്തിയതും. ഡികെയുടെ ബാറ്റിംഗ് കരുത്തില്‍ ഐപിഎല്ലില്‍ ആദ്യമായി 250 റണ്‍സ് ചേസ് ചെയ്‌ത് സ്കോര്‍ ബോര്‍ഡില്‍ ചേര്‍ത്തതിന്‍റെ റെക്കോര്‍ഡ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സ്വന്തമാക്കി. മത്സരം 25 റണ്‍സിന് സണ്‍റൈസേഴ്‌സ് വിജയിച്ചു. 

Read more: 'ആര്‍സിബി ദുരന്തം, നാണക്കേട്, പിരിച്ചുവിട്ടൂടേ, ഉടമകളെ ബിസിസിഐ മാറ്റണം'; ആഞ്ഞടിച്ച് മഹേഷ് ഭൂപതി

ആദ്യം ബാറ്റ് ചെയ്‌ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 20 ഓവറില്‍ 287-3 എന്ന റെക്കോര്‍ഡ് സ്കോര്‍ നേടിയപ്പോള്‍ ആര്‍സിബിയുടെ മറുപടി 20 ഓവറില്‍ 262-7 എന്ന നിലയില്‍ അവസാനിച്ചു. ഐപിഎല്‍ ചരിത്രത്തിലെ വേഗമേറിയ നാലാമത്തെ സെഞ്ചുറി പേരിലാക്കിയ ട്രാവിസ് ഹെഡാണ് (41 പന്തില്‍ 102) സണ്‍റൈസേഴ്‌സിന്‍റെ ടോപ് സ്കോറര്‍. സഹ ഓപ്പണര്‍ അഭിഷേക് ശര്‍മ്മ 22 പന്തില്‍ 34 ഉം, വണ്‍ഡൗണ്‍ പ്ലെയറും വിക്കറ്റ് കീപ്പറുമായ ഹെന്‍‌റിച്ച് ക്ലാസന്‍ 31 പന്തില്‍ 67 ഉം റണ്‍സ് വീതം നേടി. അവസാന ഓവറുകള്‍ പൂരപ്പറമ്പാക്കിയ അബ്‌ദുള്‍ സമദും (10 പന്തില്‍ 37*), ഏയ്‌ഡന്‍ മാര്‍ക്രാമും (17 പന്തില്‍ 32*) സണ്‍റൈസേഴ്‌സിന് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടോട്ടല്‍ സമ്മാനിച്ചു. 

മറുപടി ബാറ്റിംഗില്‍ ആര്‍സിബിക്ക് വിരാട് കോലി (20 പന്തില്‍ 42), ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലസിസ് (28 പന്തില്‍ 62) എന്നിവര്‍ വെടിക്കെട്ട് തുടക്കവുമായി പ്രതീക്ഷ നല്‍കി. 10 ഓവറില്‍ 122 റണ്‍സുണ്ടായിരുന്നു ടീമിനെങ്കിലും അഞ്ച് വിക്കറ്റ് നഷ്ടമായി. വില്‍ ജാക്‌സ് 4 പന്തില്‍ 7 റണ്‍സുമായി നിര്‍ഭാഗ്യവശാല്‍ റണ്ണൗട്ടായപ്പോള്‍ രജത് പാടിദാര്‍ (5 പന്തില്‍ 9), സൗരവ് ചൗഹാന്‍ (1 പന്തില്‍ 0) എന്നിവര്‍ നിറംമങ്ങിയത് തിരിച്ചടിയായി. ഇതിന് ശേഷം ദിനേശ് കാര്‍ത്തിക് 35 പന്തില്‍ അഞ്ച് ഫോറും ഏഴ് സിക്‌സുകളും സഹിതം 83 റണ്‍സെടുത്ത് വീരോചിതമായി പൊരുതി 19-ാം ഓവറിലെ അഞ്ചാം പന്തില്‍ മടങ്ങി. മഹിപാല്‍ ലോംറര്‍ (11 പന്തില്‍ 19), അനൂജ് റാവത്ത് (14 പന്തില്‍ 25*), വിജയകുമാര്‍ വൈശാഖ് (2 പന്തില്‍ 1*) എന്നിങ്ങനെയായിരുന്നു പിന്നീടുള്ളവരുടെ സ്കോറുകള്‍. 

Read more: ഇങ്ങനെ സ്റ്റാൻഡിംഗ് ഓവേഷൻ ലഭിക്കാന്‍ ഒരു റേഞ്ച് വേണം; തോറ്റിട്ടും ഡികെ സ്റ്റാറാ- വീഡിയോ

click me!