ഇങ്ങനെ സ്റ്റാൻഡിംഗ് ഓവേഷൻ ലഭിക്കാന്‍ ഒരു റേഞ്ച് വേണം; തോറ്റിട്ടും ഡികെ സ്റ്റാറാ- വീഡിയോ

By Web TeamFirst Published Apr 16, 2024, 9:11 AM IST
Highlights

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ബാറ്റ് എടുത്തവരെല്ലാം വെടിക്കെട്ട് പുറത്തെടുത്ത മത്സരത്തില്‍ തിളങ്ങി ഡികെയും

ബെംഗളൂരു: ആദ്യം ബാറ്റ് ചെയ്‌ത ടീം ട്വന്‍റി 20 ഫോര്‍മാറ്റില്‍ 287 റണ്‍സ് സ്കോര്‍ബോര്‍ഡില്‍ ചേര്‍ത്താല്‍ ചേസിംഗ് ടീമിന്‍റെ ബോധം ഉറപ്പായും പോകേണ്ടതാണ്. എന്നാല്‍ അപ്രാപ്യമെന്ന് എല്ലാവരും വിധിയെഴുതിയിട്ടും ഐപിഎല്‍ 2024 സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരായ സൂപ്പര്‍ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി അവസാനംവരെ പൊരുതി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക് ഒരിക്കല്‍ക്കൂടി വിസ്‌മയമായി. ഐപിഎല്‍ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സ് കളിച്ച് ആര്‍സിബി ആരാധകര്‍ക്ക് ഒരുവേള പ്രതീക്ഷ തിരിച്ചുനല്‍കിയ ഡികെയെ അതുകൊണ്ട് തന്നെ സ്റ്റാന്‍ഡിംഗ് ഓവേഷനോടെയാണ് ടീമിന്‍റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമിയിലെ ആരാധകര്‍ ക്രീസില്‍ നിന്ന് യാത്രയാക്കിയത്. കാണാം ക്രിക്കറ്റ് പ്രേമികളെ രോമാഞ്ചംകൊള്ളിക്കുന്ന ആ സുന്ദര കാഴ്‌ച. 

Dinesh Karthik received a well deserved standing ovation from the Chinnaswamy crowd. 💥pic.twitter.com/jGSiUc4ILW

— Mufaddal Vohra (@mufaddal_vohra)

ഹെഡ് ഷോ, സെഞ്ചുറി 

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ബാറ്റ് എടുത്തവരെല്ലാം വെടിക്കെട്ട് പുറത്തെടുത്തപ്പോള്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി 287 റണ്‍സ് നേടുകയായിരുന്നു ആദ്യം ബാറ്റ് ചെയ്‌ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഓപ്പണര്‍ ട്രാവിസ് ഹെഡ് ഐപിഎല്‍ ചരിത്രത്തിലെ വേഗമേറിയ നാലാമത്തെ സെഞ്ചുറിയുമായി (41 പന്തില്‍ 102) സ്കോറിംഗ് മുന്നില്‍ നിന്ന് നയിച്ചു. സഹ ഓപ്പണര്‍ അഭിഷേക് ശര്‍മ്മ 22 പന്തില്‍ 34 ഉം വണ്‍ഡൗണ്‍ പ്ലെയറും വിക്കറ്റ് കീപ്പറുമായ ഹെന്‍‌റിച്ച് ക്ലാസന്‍ 31 പന്തില്‍ 67 ഉം റണ്‍സുമായും തിളങ്ങി. അവസാന ഓവറുകള്‍ പൂരപ്പറമ്പാക്കിയ അബ്‌ദുള്‍ സമദും (10 പന്തില്‍ 37*), ഏയ്‌ഡന്‍ മാര്‍ക്രാമും (17 പന്തില്‍ 32*) ഇതോടെ സണ്‍റൈസേഴ്‌സിന് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടല്‍ (287-3) സമ്മാനിച്ചു.

Read more: 'ആര്‍സിബി ദുരന്തം, നാണക്കേട്, പിരിച്ചുവിട്ടൂടേ, ഉടമകളെ ബിസിസിഐ മാറ്റണം'; ആഞ്ഞടിച്ച് മഹേഷ് ഭൂപതി        

മറുപടി ഡികെ വെടിക്കെട്ട് 

മറുപടി ബാറ്റിംഗില്‍ ഗംഭീര തുടക്കം ആര്‍സിബിക്ക് നല്‍കി സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയും ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലസിസും പ്രതീക്ഷ നല്‍കി. കോലി 20 പന്തില്‍ 42 ഉം, ഫാഫ് 28 ബോളില്‍ 62 ഉം റണ്‍സുമായി പുറത്തായ ശേഷം മൂന്ന് വിക്കറ്റുകള്‍ തുടരെ വീണത് ബെംഗളൂരുവിനെ കനത്ത തോല്‍വിയുടെ വക്കില്‍ എത്തിച്ചു. വില്‍ ജാക്‌സ് 4 പന്തില്‍ 7 റണ്‍സുമായി നിര്‍ഭാഗ്യവശാല്‍ റണ്ണൗട്ടായപ്പോള്‍ രജത് പാടിദാര്‍ (5 പന്തില്‍ 9), സൗരവ് ചൗഹാന്‍ (1 പന്തില്‍ 0) എന്നിവര്‍ നിറംമങ്ങി. ഇതിന് ശേഷമായിരുന്നു ചിന്നസ്വാമിയെ പ്രകമ്പനംകൊള്ളിച്ച് ഡികെയുടെ വണ്‍മാന്‍ ഷോ. ആറാമനായി ക്രീസിലെത്തിയ ദിനേശ് കാര്‍ത്തിക് 35 പന്തില്‍ അഞ്ച് ഫോറും ഏഴ് സിക്‌സുകളും സഹിതം 83 റണ്‍സെടുത്ത് 19-ാം ഓവറിലെ അഞ്ചാം പന്ത് വരെ അവിശ്വസനീയമായി പോരാടി. മഹിപാല്‍ ലോംറര്‍ (11 പന്തില്‍ 19), അനൂജ് റാവത്ത് (14 പന്തില്‍ 25*), വിജയകുമാര്‍ വൈശാഖ് (2 പന്തില്‍ 1*) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്കോര്‍. 

Read more: രാജസ്ഥാന്‍- കെകെആര്‍, ഐപിഎല്ലില്‍ ഇന്ന് കട്ടയ്ക്ക് കട്ട പോരാട്ടം; വജ്രായുധങ്ങളെ ഇറക്കാന്‍ സഞ്ജു സാംസണ്‍

click me!