
വോഴ്സെസ്റ്റര്‍: യൂത്ത് ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യ അണ്ടര്‍ 19 ടീമിനെതിരെ ഇംഗ്ലണ്ട് അണ്ടർ 19 ടീമിന് 364 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വൈഭവ് സൂര്യവന്‍ഷിയുടെയും വിഹാന്‍ മല്‍ഹോത്രയുടെയും സെഞ്ചുറികളുടെ കരുത്തില്‍ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 363 റണ്‍സെടുത്തു. 78 പന്തില്‍ 13 ഫോറും 10 സിക്സും പറത്തി 183.33 സ്ട്രൈക്ക് റേറ്റില്‍ 143 റണ്‍സെടുത്ത വൈഭവ് സൂര്യവന്‍ഷിയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ വിഹാന്‍ മല്‍ഹോത്ര 121 പന്തില്‍ 129 റണ്‍സെടുത്തു. ആയുഷ് മാത്രെയെ(5) തുടക്കത്തിലെ നഷ്ടമായെങ്കിലും വൈഭവ്-മൽഹോത്ര സഖ്യം മൂന്നാം വിക്കറ്റില്‍ 219 റണ്‍സ് കൂട്ടിച്ചേര്‍ത്തതാണ് ഇന്ത്യക്ക് കരുത്തായത്.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ക്യാപ്റ്റന്‍ ആയുഷ് മാത്രെയെ(5) തുടക്കത്തിലെ നഷ്ടമായെങ്കിലും വിഹാന്‍ മല്‍ഹോത്രയുടെ പിന്തുണയില്‍ വൈഭവ് തകര്‍ത്തടിച്ചു. 52 പന്തില്‍ സെഞ്ചുറിയിലെത്തിയ വൈഭവ് ഏഴ് സിക്സും 10 ഫോറും പറത്തിയാണ് മൂന്നക്കം കടന്നത്. സെഞ്ചുറി പൂര്‍ത്തിയാക്കിയശേഷവും ക്രീസില്‍ തുടര്‍ന്ന വൈഭവ് ഒടുവില്‍ 143 റണ്‍സെടുത്താണ് മടങ്ങിയത്. നാല്‍പതാം ഓവറിലെ മൂന്നാം പന്തിലാണ് വിഹാന്‍ മല്‍ഹോത്ര സെഞ്ചുറി പൂര്‍ത്തിയാക്കിയത്.
110 പന്തിലാണ് വിഹാന്‍ സെഞ്ചുറി തികച്ചത്. ഇരുവര്‍ക്കും പുറമെ ഇന്ത്യൻ നിരയില്‍ അഭിഗ്യൻ കുണ്ഡു(23), യുദ്ധജിത് ഗുഹ(15*) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ആയുഷ് മാത്രെക്ക് പുറമെ രാഹുല്‍ കുമാറും(0), ഹര്‍വന്‍ഷ് പംഗാലിയയും(0) റണ്ണെടുക്കാതെ മടങ്ങിയപ്പോള്‍ കനിഷ്ക് ചൗഹാന്‍(2), അംബരീഷ്(9) എന്നിവരും നിരാശപ്പെടുത്തി. ഇംഗ്ലണ്ടിനായി ജാക്ക് ഹോം നാലും സെബാസ്റ്റ്യന്‍ മോര്‍ഗന്‍ മൂന്നും വിക്കറ്റെടുത്തു.
ഇന്ത്യ ജയിച്ച പരമ്പരയിലെ ആദ്യ മത്സരത്തില്‍ 19 പന്തില്‍ 48 റണ്‍സടിച്ച വൈഭവ് ഇംഗ്ലണ്ട് ഒരു വിക്കറ്റിന് ജയിച്ച രണ്ടാം മത്സരത്തില്‍ 34 പന്തില്‍ 45ഉം ഇന്ത്യ ജയിച്ച മൂന്നാം മത്സരത്തില്‍ 31 പന്തില്‍ 86 റൺസും നേടിയിരുന്നു. അഅഞ്ച് മത്സര പരമ്പരയില്‍ 2-1ന് മുന്നിലുള്ള ഇന്ത്യക്ക് ഇന്ന് ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാനാവും. കഴിഞ്ഞ ഐപിഎല്ലില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ് പരിക്കേറ്റതോടെ രാജസ്ഥാന്‍ റോയല്‍സിനായി ഓപ്പണറായി അരങ്ങേറിയ പതിനാലുകാരന്‍ നേരിട്ട ആദ്യ പന്ത് തന്നെ സിക്സിന് പറത്തിയാണ് ഇന്നിംഗ്സ് തുടങ്ങിയത്. പിന്നീട് ഗുജറാത്തിനെതിരായ മത്സരത്തില്‍ 35 പന്തില്‍ സെഞ്ചുറി നേടിയ വൈഭവ് ഐപിഎല്ലിലെ ഇന്ത്യക്കാരന്‍റെ ഏറ്റവും വേഗമേറിയ സെഞ്ചുറി നേടി റെക്കോര്‍ഡിട്ടിരുന്നു. ഐപിഎല്ലിലെ മികച്ച സ്ട്രൈക്കര്‍ക്കുള്ള പുരസ്കാരവും വൈഭവ് സ്വന്തമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!