നിങ്ങള്‍ക്ക് നിരാശപ്പെടേണ്ടി വരില്ല, ഇംഗ്ലണ്ടില്‍ മികച്ച പിച്ചൊരുക്കും: ജോ റൂട്ട്

By Web TeamFirst Published Feb 26, 2021, 2:38 PM IST
Highlights

രണ്ട് ദിവസം പൂര്‍ത്തിയാവുന്നതിന് മുമ്പ് ടെസ്റ്റ് പൂര്‍ത്തിയായിരുന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. പലരും പിച്ച് ടെസ്റ്റ് ക്രിക്കറ്റിന് യോജിച്ചതല്ലെന്ന അഭിപ്രായം വ്യക്തമാക്കിയിരുന്നു.

അഹമ്മദാബാദ്: ഇന്ത്യ ഇംഗ്ലണ്ട് പര്യടനത്തിനെത്തുമ്പോള്‍ പിച്ചിനെ കുറിച്ച് ആലോചിച്ച് ഒരിക്കലും നിരാശപ്പെടേണ്ടി വരില്ലെന്ന് ക്യാപ്റ്റന്‍ ജോ റൂട്ട്. ഇന്നലെ അഹമ്മദാബാദ് ടെസ്റ്റില്‍ ഇന്ത്യയോടേറ്റ തോല്‍വിക്ക് ശേഷം സംസാരിക്കുകയായിരുന്നു റൂട്ട്. രണ്ട് ദിവസം പൂര്‍ത്തിയാവുന്നതിന് മുമ്പ് ടെസ്റ്റ് പൂര്‍ത്തിയായിരുന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. പലരും പിച്ച് ടെസ്റ്റ് ക്രിക്കറ്റിന് യോജിച്ചതല്ലെന്ന അഭിപ്രായം വ്യക്തമാക്കിയിരുന്നു.

അഹമ്മദാബാദിലെ തോല്‍വി വേദനയാണെന്നാണ് റൂട്ട് വ്യക്തമാക്കിയത്. ഇതൊരു പ്രചോദനമാണെന്നും റൂട്ട്് പറഞ്ഞിരുന്നു. ഇംഗ്ലീഷ് ക്യാപറ്റന്റെ വാക്കുകള്‍... ''ലോകത്തെ എല്ലാ പിച്ചുകളിലും മികവ് തെളിയിക്കുകയെന്നുള്ളത് ബുദ്ധിമുട്ടേറിയ കാര്യമാണ്. അങ്ങനെ സാധിക്കണമെങ്കില്‍ കൂടുതല്‍ റണ്‍സ് കണ്ടെത്തണം. അതോടൊപ്പം കൂടുതല്‍ സ്ഥിരത കാണിക്കണം. മികച്ച പിച്ചുകളില്‍ 20 വിക്കറ്റുകളും വീഴ്ത്തുന്ന രീതിയില്‍ പന്തെറിയാന്‍ സാധിക്കണം. അങ്ങനെയാണ് നല്ല ക്രിക്കറ്റ് ടീമുകളുണ്ടാവുക.

ഇന്ത്യ, ഇംഗ്ലണ്ട് പര്യടനത്തിനെത്തുമ്പോള്‍ മികച്ച പിച്ചുകള്‍ ഒരുുക്കി കൊടുക്കും. മികച്ച വിക്കറ്റ് തയ്യാറാക്കി ഏറ്റവും മികച്ച പന്തില്‍ വിക്കറ്റ് വീഴ്ത്താന്‍ തന്നെയാണ് ഞങ്ങളുടെ സീമര്‍മാര്‍ ശ്രമിക്കുക. ഈ തോല്‍വിയിലെ വേദന പ്രചോദനമാവും. ആഗ്രഹിക്കുന്നത് പോലെയുള്ള പിച്ച് വേണമെന്ന് നിര്‍ബന്ധം പിടിക്കാന്‍ കഴിയില്ലല്ലൊ.

ഇംഗ്ലണ്ടില്‍ കാലാവസ്ഥ നിര്‍ണായക ഘടകമാവാറുണ്ട്. എന്നിട്ടും അവിടെ എത്ര നേരം വേണമെങ്കിലും ബാറ്റ് ചെയ്യാന്‍ സാധിക്കും.'' റൂട്ട് പറഞ്ഞുനിര്‍ത്തി. പത്ത് വിക്കറ്റിനായിരുന്ന ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സില്‍ 112 റണ്‍സിനും രണ്ടാം ഇന്നിങ്‌സില്‍ 81നും പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 145 റണ്‍സ് നേടി. പിന്നാലെ രണ്ടാം ഇന്നിങ്‌സില്‍ 49 റണ്‍സ് നേടി പത്ത് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി.

click me!