
ഫ്‌ളോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര പാകിസ്ഥാന്. മൂന്നാം ടി20യില്‍ 13 റണ്‍സിന് ജയിച്ചതോടെയാണ് സന്ദര്‍ശകര്‍ പരമ്പര 2-1ന് സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 189 റണ്‍സാണ് നേടിയത്. സഹിബ്‌സദാ ഫര്‍ഹാന്‍ (74), സെയിം അയൂബ് (66) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് പാകിസ്ഥാനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ വെസ്റ്റ് ഇന്‍ഡീസിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുക്കാനാണ് സാദിച്ചത്. അലിക് അതനാസെ (60), ഷെഫാനെ റുതര്‍ഫോര്‍ഡ് (51) എന്നിവര്‍ മാത്രമാണ് വിന്‍ഡീസിന് വേണ്ടി തിളങ്ങിയത്.
വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് ആരംഭിച്ച വിന്‍ഡീസിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ അതനാസെ - ജ്യുവല്‍ ആന്‍ഡ്ര്യൂ (24) സഖ്യം 44 റണ്‍സ് ചേര്‍ത്തു. അഞ്ചാം ഓവറില്‍ ആന്‍ഡ്രൂവിനെ ഹാരിസ് റൗഫ് പുറത്താക്കി. തുടര്‍ന്നെത്തിയ ഷായ് ഹോപ്പിന് (7) തിളങ്ങാനായില്ല. അതനാസെയ്‌ക്കൊപ്പം 30 ചേര്‍ത്ത ശേഷം ഹോപ്പ് മടങ്ങി. തുടര്‍ന്ന് ഷെഫാനെ റുതര്‍ഫോര്‍ഡ് ക്രീസിലേക്ക്. അതനാസെയ്‌ക്കൊപ്പം ചേര്‍ന്ന റുതര്‍ഫോര്‍ഡ് വിന്‍ഡീസിനെ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിച്ചു. എന്നാല്‍ അതനാസെയെ പുരത്താക്കി സെയിം അയൂബ് പാകിസ്ഥാനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.
ഇരുവരും 34 റണ്‍സ് കൂട്ടിചേര്‍ത്തിരുന്നു. 40 പന്തുകള്‍ നേരിട്ട അതനാസെ ഒരു സിക്‌സും എട്ട് ഫോറും നേടി. പിന്നീടെത്തിയ റോസ്റ്റണ്‍ ചേസ് (15) റിട്ടയേര്‍ഡ് ഹര്‍ട്ടായി. ജേസണ്‍ ഹോള്‍ഡര്‍ക്ക് (0) തിളങ്ങാനുമായില്ല. അവസാന ഓവര്‍ വരെ റുതര്‍ഫോര്‍ഡ് പൊരുതിയെങ്കിലും വിജയത്തിലേക്ക് നയിക്കാനായില്ല. 20 ഓവറിലെ രണ്ടാം പന്തില്‍ അദ്ദേഹം മടങ്ങി. 35 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്‌സും നാല് ഫോറും നേടി. റൊമാരിയോ ഷെപ്പേര്‍ഡ് (4), ഗുഡകേഷ് മോട്ടി (10) പുറത്താവാതെ നിന്നു.
നേരത്തെ, പാകിസ്ഥാന് വേണ്ടി ഫര്‍ഹാന്‍ - സെയിം സഖ്യം ഒന്നാം വിക്കറ്റില്‍ 138 റണ്‍സ് ചേര്‍ത്തിരുന്നു. 53 പന്തുകള്‍ നേരിട്ട ഫര്‍ഹാന്‍ അഞ്ച് സിക്‌സും മൂന്ന് ഫോറും നേടി. തുടര്‍ന്നെത്തിയ ഹസന്‍ നവാസ് (15), മുഹമ്മദ് ഹാരിസ് (2) എന്നിവര്‍ക്ക് തിളങ്ങാനായില്ല. അയൂബ് 19-ാം ഓവറിലും മടങ്ങി. ഖുഷ്ദില്‍ ഷാ (11), ഫഹീം അഷ്‌റഫ് (10) പുറത്താവാതെ നിന്നു. നേരത്തെ, ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയും വെസ്റ്റ് ഇന്‍ഡീസ് അടിയറവ് വച്ചിരുന്നു.