തോറ്റാല്‍ പുറത്ത്, സിഎസ്‌കെ ഇറങ്ങുന്നു; ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് സീസണില്‍ പിഴച്ചത് എവിടെ?

Published : Apr 30, 2025, 11:12 AM ISTUpdated : Apr 30, 2025, 11:19 AM IST
തോറ്റാല്‍ പുറത്ത്, സിഎസ്‌കെ ഇറങ്ങുന്നു; ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് സീസണില്‍ പിഴച്ചത് എവിടെ?

Synopsis

ഐപിഎല്‍ പതിനെട്ടാം സീസണില്‍ പ്ലേഓഫ് പ്രതീക്ഷകള്‍ കാര്യമായില്ലാത്ത സിഎസ്‌കെ ഇന്ന് ചെപ്പോക്കില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ആശ്വാസ ജയം തേടിയിറങ്ങുകയാണ്  

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആരാധകര്‍ മറക്കാനാഗ്രഹിക്കുന്ന ഒരു ഐപിഎല്‍ സീസണ്‍. എം എസ് ധോണിയെന്ന ഇതിഹാസ ക്യാപ്റ്റന്‍ കൂടെയുണ്ടായിട്ടും കൃത്യമായ ടീം ബാലന്‍സ് കണ്ടെത്താനാവാതെ ഈ സീസണില്‍ തുടര്‍ച്ചയായി വീണിടറി സിഎസ്‌കെ. അവശേഷിക്കുന്ന അഞ്ച് മത്സരങ്ങളില്‍ ജയിച്ചാലും പ്ലേഓഫ് ഉറപ്പില്ലെന്നിരിക്കേ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇന്ന് ശ്രേയസ് അയ്യരുടെ പഞ്ചാബ് കിംഗ്‌സിനെതിരെ ഇറങ്ങുകയാണ്. ഇന്ന് തോറ്റാല്‍ ഐപിഎല്‍ പതിനെട്ടാം സീസണില്‍ നിന്ന് പ്ലേഓഫ് കാണാതെ ആദ്യം പുറത്താവുന്ന ടീമാകും ചെന്നൈ സൂപ്പര്‍ കിംഗ്സ്. 

ചെപ്പോക്കിലെ അജയ്യരെന്ന വിശ്വാസം പോലും കാക്കാനാവാതെ ഉഴലുകയാണ് ഐപിഎല്‍ 2025ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്. കൂറ്റന്‍ സ്കോര്‍ നേടാനാവാത്ത ബാറ്റിംഗ് ലൈനപ്പും, ഒന്നും പ്രതിരോധിക്കാനാവാത്ത ബൗളിംഗ് നിരയും. കരിയറിന്‍റെ അവസാനകാലത്തുള്ള ഒരുപിടി താരങ്ങളാണ് ചെന്നൈ ടീമിലെ പരിചയസമ്പന്നര്‍ എന്ന് വിളിക്കാവുന്ന പ്രധാന കളിക്കാര്‍ മിക്കവരും. രാഹുല്‍ ത്രിപാഠി ഒരു കളിയിലും ക്ലച്ച് പിടിച്ചില്ല. സിഎസ്‌കെ ഏറെ പ്രതീക്ഷയര്‍പ്പിച്ച ഓപ്പണര്‍മാരായ രചിന്‍ രവീന്ദ്രയും ദേവോണ്‍ കോണ്‍വേയും സമ്മാനിച്ചതും നിരാശ. മിന്നും ഫോമിലായിരുന്നില്ലെങ്കിലും ക്യാപ്റ്റന്‍ റുതുരാജ് ഗെയ്‌ക്‌വാദാവട്ടെ പരിക്കേറ്റ് പുറത്തായി. റുതുരാജ് പുറത്തായതോടെ ടോപ്‌ ഓര്‍ഡറിലെ പഴുതുകള്‍ മറനീക്കി പുറത്തുവന്നു. താരലേലത്തില്‍ സിഎസ്‌കെ ഒന്നുകൂടി ശ്രദ്ധിക്കണമായിരുന്നു എന്ന് വ്യക്തം. 

റുതുരാജിന് പകരം എം എസ് ധോണി ക്യാപ്റ്റനായപ്പോള്‍ ഈ സീസണിലാകെ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉപയോഗിച്ചത് 21 താരങ്ങളെയാണ്, അതില്‍ ഒട്ടുമിക്ക പരീക്ഷണങ്ങളും എട്ടുനിലയില്‍ പൊട്ടി. മുംബൈയില്‍ നിന്നുള്ള പതിനേഴുകാരന്‍ ഓപ്പണര്‍ ആയുഷ് മഹാത്രേയ്‌ക്കും, ഹിറ്റിംഗ് പാടവം കൊണ്ട് ബേബി എബിഡി എന്ന വിശേഷണമുള്ള ബെവാള്‍ഡ് ബ്രെവിസിനും അവസരം നല്‍കാനായി എന്നത് മാറ്റിനിര്‍ത്തിയാല്‍ സിഎസ്കെയ്‌ക്ക് അഭിമാനിക്കാന്‍ ഇതുവരെ കാര്യമായൊന്നുമില്ല. ശിവം ദുബെ അല്ലാതെ മറ്റാരും ബാറ്റര്‍മാരില്‍ 200 റണ്‍സ് പോലും തികച്ചിട്ടില്ല. ബാറ്റിംഗില്‍ ഫോമിലുള്ള ബ്രെവിസിന് പ്രായം 22 മാത്രമേയുള്ളൂ. അതുകൊണ്ടുതന്നെ ബ്രെവിസിന് നല്‍കാവുന്ന ഭാരത്തിന് പരിമിതകളുണ്ട്.

ബൗളിംഗിലാവട്ടെ അഫ്‌ഗാനില്‍ നിന്നുള്ള സ്‌പിന്നര്‍ നൂര്‍ അഹമ്മദ് മാത്രമാണ് സിഎസ്‌കെയ്ക്ക് പ്രതീക്ഷ നല്‍കുന്നത്. പേസര്‍മാരായ ഖലീല്‍ അഹമ്മദും മതീഷ പരിതാനയും വല്ലപ്പോഴും മാത്രം തിളങ്ങുന്നു. ടീമിന്‍റെ ഇതിഹാസ ജോടിയായ രവീന്ദ്ര ജഡേജ- രവിചന്ദ്ര അശ്വിന്‍ സഖ്യം പ്രതാപകാലത്തിന്‍റെ നിഴലിലാണുതാനും. 

ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് അവസാനം കളിച്ച അഞ്ചില്‍ ഒരു മത്സരം മാത്രമാണ് വിജയിച്ചത്. തുടര്‍ച്ചയായി രണ്ട് മത്സരങ്ങള്‍ തോറ്റാണ് സിഎസ്‌കെ ഇന്ന് പഞ്ചാബിനെതിരെ ഇറങ്ങുന്നത്. അതേസമയം പഞ്ചാബ് കിംഗ്സും വിജയവഴിയില്‍ തിരിച്ചെത്താന്‍ കൊതിച്ച് കളത്തിലെത്തുന്നു. ജയം പഞ്ചാബ് കിംഗ്‌സിന് ആവേശമാകുമെങ്കില്‍ ഒരു തോല്‍വി ചെന്നൈയുടെ എല്ലാ പ്രതീക്ഷകളും തല്ലിക്കെടുത്തും. 

ചെപ്പോക്കിലെ സ്‌പിന്‍ ട്രാക്കിലാണ് ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- പഞ്ചാബ് കിംഗ്‌സ് മത്സരം. പക്ഷേ സ്വന്തം തട്ടകമായ ചെപ്പോക്കില്‍ പോലും പൊരുതാതെ തോല്‍ക്കുന്ന ടീമായി മാറിക്കഴിഞ്ഞ ഈ സിഎസ്‌കെ സംഘം ഇന്ന് പഞ്ചാബിനെ വിറപ്പിക്കുമോ? ചെപ്പോക്കിലെ സ്‌പിന്‍ സഹായം പ്രതീക്ഷ വച്ച് നൂര്‍ അഹമ്മദിനൊപ്പം സ്‌പിന്നര്‍ രവിചന്ദ്ര അശ്വിനെ ധോണി ഇറക്കിയേക്കാം. എന്നാലും ഉറപ്പില്ലാത്ത ബാറ്റിംഗ് നിരയെ വച്ച് ധോണി ഇന്നത്തെ ജീവന്‍മരണം പോരാട്ടം ജയിക്കുമോയെന്ന് കാത്തിരുന്നറിയാം. ഇന്ന് ജയിച്ചാല്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ചെന്നൈ ടീമിന് നാണക്കേട് ഒഴിവാക്കാം. 

Read more: സ്വന്തം കാണികൾക്ക് മുന്നിൽ ആശ്വാസ ജയം തേടി ചെന്നൈ; എതിരാളികൾ പഞ്ചാബ് കിംഗ്സ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം


 

PREV
Read more Articles on
click me!

Recommended Stories

കളിയുടെ ഗതിമാറ്റിയ 28 പന്തുകള്‍! മോസ്റ്റ് വാല്യുബിള്‍ ഹാർദിക്ക് പാണ്ഡ്യ
'ടീമിലെത്താൻ ഞങ്ങള്‍ തമ്മിൽ മത്സരമില്ല, സഞ്ജു മൂത്ത സഹോദരനെപ്പോലെ', തുറന്നു പറഞ്ഞ് ജിതേഷ് ശര്‍മ