ദില്ലി: മുമ്പ് ഖേല്‍രത്ന പുരസ്കാരം നല്‍കിയിരുന്നു എന്നതിന്റെ പേരില്‍ അര്‍ജ്ജുന പുരസ്കാര പട്ടികയില്‍ നിന്നൊഴിവാക്കിയ കായികമന്ത്രാലയത്തിന്റെ നടപടിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജുവിനും കത്തെഴുതി ഗുസ്തി താരം സാക്ഷി മാലിക്ക്. നേടാവുന്ന പരമാവധി മെഡലുകളും പുരസ്കാരങ്ങളും സ്വപ്നം കണ്ടാണ് ഏതൊരു കായികതാരവും മുന്നോട്ടു പോകുന്നതെന്ന് കത്തില്‍ സാക്ഷി വ്യക്തമാക്കി. ഇനി അർജുന പുരസ്കാരം കൂടി ലഭിക്കാൻ താൻ ഏതു മെഡലാണ് ഇന്ത്യയ്ക്കായി നേടേണ്ടതെന്നും  ഇരുവരോടും സാക്ഷി ചോദിക്കുന്നു. അതോ, ഈ ഗുസ്തി കരിയറില്‍ എനിക്ക് ഇനി അർജുന പുര്സാകരം  ലഭിക്കാൻ ഭാഗ്യമില്ല എന്നുണ്ടോ എന്നും കത്തില്‍ സാക്ഷി ചോദിച്ചു.

2016ലെ റിയോ ഒളിംപിക്സില്‍ ഗുസ്തിയില്‍ വെങ്കലം നേടിയ സാക്ഷി 2017ലെ കോൺവെൽത്ത് ഗുസ്തി ചാംപ്യൻഷിപ്പിൽ സ്വർണവും അതേ വർഷം നടന്ന ഏഷ്യൻ ഗുസ്തി ചാംപ്യൻഷിപ്പിൽ വെള്ളിയും നേടി. 2018ലെ കോമൺവെൽത്ത് ഗെയിംസിൽ വെങ്കലവും നേടി. രാജ്യത്തെ ഉയർന്ന നാലാമത്തെ സിവിലിയൻ ബഹുമതിയായ പത്‌മശ്രീ നൽകി രാജ്യം സാക്ഷിയെ ആദരിച്ചിരുന്നു. മുൻപ് ഖേൽരത്ന പുരസ്കാരം നേടിയ സാഹചര്യത്തിലാണ് സാക്ഷിക്കും ഭാരോദ്വഹനത്തിൽ ലോക ചാംപ്യനായ മീരാബായ് ചാനുവിനും ഇത്തവണ അർജുന പുരസ്കാരം നൽകേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ തീരുമാനിച്ചത്.

രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം നേടിയവരെ അർജുന പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യുന്നതിലെ അനൗചിത്യം പലരും ചൂണ്ടിക്കാട്ടിയിരുന്നു. 2016ലാണ് സാക്ഷി മാലിക്കിന് ഖേൽ രത്‌ന പുരസ്കാരം ലഭിച്ചത്. മീരാബായ് ചാനുവിന് 2018ലും. ഈ സാഹചര്യത്തിലാണ് ഇരുവർക്കും ഇത്തവണ അർജുന പുരസ്കാരം നിഷേധിച്ചത്. ഈ വർഷം അർജുന അവാർഡിനായി 12 അംഗ വിദഗ്ധ സമിതി ശുപാർശ ചെയ്ത 29 പേരിൽ ഇവരുടെ രണ്ടു പേരുടെയും പേരുകൾ മാത്രമാണ് കായിക മന്ത്രാലയം ഒഴിവാക്കിയത്.