
ഗുവാഹത്തി: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍ ബൗണ്ടറി കടത്തിയത് ഇന്ത്യൻ വംശജനായ സെനുരാന്‍ മുത്തുസാമിയുടെ ഇന്നിംഗ്സാണ്. നല്ല തുടക്കത്തിനുശേഷം 201-5 എന്ന സ്കോറില്‍ ദക്ഷിണാഫ്രിക്ക പതറുമ്പോഴാണ് മുത്തുസാമിയെന്ന ഇടംകൈയന്‍ ബാറ്റര്‍ ആദ്യദിനം ഏഴാമനായി ക്രീസിലെത്തിയത്. ആദ്യം കെയ്ല്‍ വെരിയെന്നെയ്ക്കൊപ്പവും പിന്നീട് മാര്‍ക്കോ യാന്‍സനൊപ്പവും ക്ഷമയോടെ നിര്‍ണായക കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തിയ മുത്തുസാമി ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍ കൂടിയാണ് ബൗണ്ടറി കടത്തിയത്. ഒടുവില്‍ 206 പന്തുകള്‍ നേരിട്ട് 109 റണ്‍സുമായി മുത്തുസാമി മടങ്ങുമ്പോള്‍ ദക്ഷിണാഫ്രിക്ക സുരക്ഷിത സ്കോറിലെത്തിയിരുന്നു. ആദ്യ ടെസ്റ്റ് ജയിച്ച് പരമ്പരയില്‍ 1-0ന് മുന്നിലെത്തിയ ദക്ഷിണാഫ്രിക്കക്ക് രണ്ടാം ടെസ്റ്റില്‍ സമനില പിടിച്ചാല്‍ പോലും പരമ്പര സ്വന്ചമാക്കാം. ഈ സാഹചര്യം കൃത്യമായി മനസിലാക്കിയായിരുന്നു മുത്തുസാമിയുടെ ഇന്നിംഗ്സ്.
1994ല്‍ ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനിൽ ഇന്ത്യൻ വംശജരായ മത്തുസാമിയുടെയും വാണിയുടെയും മകനായാണ് സെനുരാന്‍ ജനിച്ചത്. തമിഴ്നാട്ടിലെ നാഗപട്ടണത്ത് ഇപ്പോഴും മുത്തുസാമിയുടെ മാതാപിതാക്കളുടെ ബന്ധുക്കൾ ഇപ്പോഴുമുണ്ട്. അവരുമായി ഇപ്പോഴും കുടുംബം അടുത്ത ബന്ധം പുലര്‍ത്തുന്നു. ഡര്‍ബനിലെ ക്ലിഫ്റ്റൺ കോളേജിൽ നിന്ന് വിദ്യാഭ്യാസം നേടിയ മുത്തുസാമി പിന്നീട് ക്വാസുലു-നടാൽ സർവകലാശാലയിൽ നിന്ന് സോഷ്യൽ സയൻസിൽ ബിരുദം നേടി. ഡർബനിൽ നിന്നാണ് മുത്തുസാമിയുടെ ക്രിക്കറ്റ് യാത്ര ആരംഭിച്ചത്, അവിടെ അദ്ദേഹം സ്കൂൾ മത്സരങ്ങളിലും പ്രാദേശിക ടൂർണമെന്റുകളിലും തിളങ്ങിയ മുത്തുസാമി അണ്ടർ-11 മുതൽ അണ്ടർ-19 ലെവൽ വരെ ക്വാസുലു-നടാലിനെ പ്രതിനിധീകരിച്ചു.
ദക്ഷിണാഫ്രിക്കൻ അണ്ടർ-19 ടീമില്‍ ഇടം നേടിയ മുത്തുസാമി 2019 ലെ ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിനുള്ള ടെസ്റ്റ് ടീമിലേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. വിശാഖപട്ടണത്ത് വെച്ചായിരുന്നു മുത്തുസാമിയുടെ ടെസ്റ്റ് അരങ്ങേറ്റം. ആ മത്സരത്തിൽ, ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയെ പുറത്താക്കി ആദ്യ ടെസ്റ്റ് വിക്കറ്റ് നേടി. ദക്ഷിണാഫ്രിക്കയിലെ പേസ് സൗഹൃദ പിച്ചുകളും കേശവ് മഹാരാജിന്‍റെ സാന്നിധ്യവും ദക്ഷിണാഫ്രിക്കൻ ടീമിൽ സ്ഥിര സാന്നിധ്യമാവുന്നതിന് മുത്തുസാമിക്ക് തടസമായി.
സ്കൂൾ ക്രിക്കറ്റില്‍ പുറത്തെടുത്ത ബാറ്റിംഗ് മികവുകണ്ട് സുനില്‍ ഗവാസ്കറുടെ വിളിപ്പേരായ സണ്ണിയെന്നായിരുന്നു കൂട്ടുകാര്‍ മുത്തുസാമിയെ പലപ്പോഴും വിളിച്ചിരുന്നത്. കഴിഞ്ഞ മാസം നടന്ന പാകിസ്ഥനെതിരായ ടെസ്റ്റ് പരമ്പരയില്‍ മാന്‍ ഓഫ് ദ് സീരീസായ മുത്തുസാമി ഇന്ന് ഇന്ത്യക്കെതിരായ സെഞ്ചുറി പ്രകടനത്തോടെ ദക്ഷിണാഫ്രിക്കൻ ടീമിലെ സ്പിന്‍ ഓള്‍ റൗണ്ടറുടെ റോള്‍ തന്‍റെ കൈയില്‍ ഭദ്രമാണെന്ന് ഒരിക്കല്‍ കൂടി അടിവരയിട്ടു. ദക്ഷിണാഫ്രിക്കൻ എ ടീമിനൊപ്പം 2019ല്‍ തിരുവനന്തപുരത്തും കൊച്ചിയിലും മുത്തുസാമി കളിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക