Women's IPL : വേണം വനിതാ ഐപിഎല്‍, വനിതാ ക്രിക്കറ്റിന്‍റെ മുഖംമാറും; ശക്തമായി വാദിച്ച് സൂസീ ബേറ്റ്‌സ്

By Web TeamFirst Published Dec 21, 2021, 12:50 PM IST
Highlights

വനിതാ ഐപിഎല്ലിന് വനിതാ ക്രിക്കറ്റില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് ന്യൂസിലന്‍ഡ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍

ദില്ലി: വനിതാ ഐപിഎല്‍ എന്ന ആവശ്യം കുറച്ച് വര്‍ഷങ്ങളായി ഇന്ത്യന്‍ ക്രിക്കറ്റില്‍ ശക്തമാണെങ്കിലും ഒടുവില്‍ വിദേശത്ത് നിന്നുപോലും ആവശ്യമുയര്‍ന്നിരിക്കുന്നു. ന്യൂസിലന്‍ഡ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സൂസീ ബേറ്റ്‌സാണ് (Suzie Bates) വനിതാ ഐപിഎല്‍ (Women's Indian Premier League) തുടങ്ങണമെന്ന ആവശ്യം ശക്തമാക്കിയത്. വനിതാ ഐപിഎല്ലിന് വനിതാ ക്രിക്കറ്റില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്ന് സൂസീ പറഞ്ഞു. വനിതാ ഐപിഎല്ലാണ് ക്രിക്കറ്റിന്‍റെ വലിയ നഷ്‌ടമെന്ന് സൂസി വ്യക്തമാക്കി. 

'വനിതാ ഐപിഎല്‍ വലിയ മിസിംഗ്'

'വനിതാ ഐപിഎല്‍ എന്ന ആവശ്യത്തെ എല്ലാ രാജ്യാന്തര വനിതാ താരങ്ങളും പിന്തുണയ്‌ക്കുന്നു എന്നാണ് മനസിലാക്കുന്നത്. കൊവിഡിന് മുമ്പ് വനിതകളുടെ പ്രദര്‍ശന ഐപിഎല്‍ മത്സരങ്ങള്‍ നടത്തിയിരുന്നു. അതിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞത് വലിയ അഭിമാനമാണ്. വനിതാ ഐപിഎല്‍ ആരംഭിക്കുന്നത് കാണാനാഗ്രഹിക്കുന്നു. ഇന്ത്യന്‍ ആരാധകര്‍ക്ക് മുമ്പില്‍ ലോകത്തെ വനിതാ താരങ്ങള്‍ക്കെല്ലാം ജേഴ്‌സിയണിയാന്‍ ഇത് അവസരമൊരുക്കും. 

ഇന്ത്യന്‍ വനിതാ ടീമിനും ഇത് ഗുണകരമാണ്, ടീമിന്‍റെ കരുത്ത് വര്‍ധിപ്പിക്കുകയും താരങ്ങളുടെ വളര്‍ച്ചയ്‌ക്ക് കാരണമാവുകയും ചെയ്യും. ഫ്രാഞ്ചൈസി ക്രിക്കറ്റ് വളരുന്നത് വലിയ ആകാംക്ഷയുണ്ടാക്കുന്നു. വനിതാ ക്രിക്കറ്റില്‍ മിസ് ചെയ്യുന്ന പ്രധാനപ്പെട്ട ടൂര്‍ണമെന്‍റ് ഐപിഎല്ലാണ്' എന്നും സൂസീ ബേറ്റ്‌സ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. 

അടുത്ത വര്‍ഷം മാര്‍ച്ചില്‍ സ്വന്തം നാട്ടില്‍ നടക്കുന്ന വനിതാ ഏകദിന ലോകകപ്പ് വലിയ ആകാംക്ഷയാണ് എന്നും അവര്‍ വ്യക്തമാക്കി. 'ഹോം ലോകകപ്പ് കൂടുതല്‍ ആവേശം നല്‍കുന്നു എന്ന സത്യം മറച്ചുവെക്കുന്നില്ല. ഇക്കാര്യം ടീമിനുള്ളില്‍ത്തന്നെ ചര്‍ച്ച ചെയ്‌തിരുന്നു. ന്യൂസിലന്‍ഡില്‍ വച്ച് ഞങ്ങളാരും ലോകകപ്പ് കളിച്ചിട്ടില്ല. നാട്ടില്‍ കളിക്കുന്നതിന്‍റെ സമ്മര്‍ദത്തെക്കുറിച്ച് ആശങ്കയില്ല. ലോകത്തെ മികച്ച രണ്ട് ടീമുകളായ ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയക്കുമെതിരെ അടുത്തിടെ കളിച്ചിരുന്നു'. 

ഇന്ത്യക്കെതിരെ അഗ്നിപരീക്ഷ...

'അവസാന രണ്ട് ലോകകപ്പുകളില്‍ ഫൈലിലെത്തിയ ഇന്ത്യക്കെതിരെ കളിക്കാന്‍ പോകുന്നത് ആകാംക്ഷയുണ്ടാക്കുന്നു. ലോകകപ്പിന് തൊട്ടുമുമ്പ് അഞ്ച് ഏകദിനങ്ങള്‍ കളിക്കുന്നത് മികച്ച അവസരമാണ്. എല്ലാ മേഖലയിലും ഇന്ത്യ ഞങ്ങളെ പരീക്ഷിക്കും. ലോകകപ്പില്‍ ഓസ്‌ട്രേലിയയെ കീഴ്‌പ്പെടുത്തുക എളുപ്പമല്ല. 2020 ടി20 ലോകകപ്പ് നേടിയ ഓസീസ് വനിതാ ടീമില്‍ ന്യൂസിലന്‍ഡില്‍ കളിക്കാന്‍ ഇഷ്‌ടപ്പെടുന്ന താരങ്ങളുണ്ട്. ഓസീസ് വനിതാ ടീമായിരിക്കും ലോകകപ്പിലെ ഫേവറൈറ്റുകളിലൊന്ന്'.  

ലോകകപ്പിന് മുമ്പ് ന്യൂസിലന്‍ഡ് വനിതാ ടീം ഇന്ത്യക്കെതിരെ ഒരു ടി20യും അഞ്ച് ഏകദിനങ്ങളും കളിക്കും. ഫെബ്രുവരി 9നാണ് ഈ മത്സരങ്ങള്‍ തുടങ്ങുന്നത്. 

മിതാലിക്കും ജൂലനും വമ്പന്‍ പ്രശംസ 

'ക്രിക്കറ്റിലെ ഇതിഹാസമാണ് മിതാലി രാജ്. എന്‍റെ ആദ്യ രാജ്യാന്തര പരമ്പര ഇന്ത്യക്കെതിരെയായിരുന്നു, അത് ഒരിക്കലും മറക്കാന്‍ കഴിയില്ല. ഞാന്‍ കണ്ട എക്കാലത്തേയും മികച്ച താരങ്ങളിലൊരാളാണ് അവര്‍. അവരുടെ ദീര്‍ഘകാല കരിയര്‍ എനിക്ക് പ്രചോദനമാകുന്നു. സ്ഥിരതയോടെ റണ്‍സ് കണ്ടെത്താനാവുന്നത് മഹത്തരമാണ്. മിതാലിയും ജൂലന്‍ ഗോസ്വാമിയും ഇതിഹാസങ്ങളാണ്' എന്നും സൂസീ ബേറ്റ്‌സ് കൂട്ടിച്ചേര്‍ത്തു. 

വനിതാ ഐപിഎല്ലിനെ സ്വാഗതം ചെയ്‌ത് ഇന്ത്യന്‍ താരങ്ങള്‍; വിദേശ കളിക്കാര്‍ക്ക് എതിര്‍പ്പ്

click me!