ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പട്ടികയില്‍ ഇന്ത്യക്ക് തിരിച്ചടി; ലോര്‍ഡ്‌സിലെ ജയത്തോടെ ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്ത്

Published : Jul 15, 2025, 05:02 PM IST
Team India lost the Lord's Test

Synopsis

ലോർഡ്‌സിലെ മൂന്നാം ടെസ്റ്റിൽ ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടതോടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് വീണു. 

ദുബായ്: ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യക്ക് തിരിച്ചടി. ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റില്‍ തോറ്റതോടെ ഇന്ത്യ നാലാം സ്ഥാനത്തേക്ക് വീണു. ലോര്‍ഡ്‌സ് ടെസ്റ്റില്‍ 22 റണ്‍സിന്റെ ജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. 181 പന്തില്‍ 61 റണ്‍സുമായി പുറത്താവാതെ നിന്ന രവീന്ദ്ര ജഡേജയുടെ പോരാട്ടത്തേയും മറികടന്നാണ് ഇംഗ്ലണ്ട് ജയം നേടിയത്. അവസാന ദിനം 193 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ ഇന്ത്യ 170ന് എല്ലാവരും പുറത്താവുകയായിരുന്നു. സ്‌കോര്‍: ഇംഗ്ലണ്ട് 387 & 192, ഇന്ത്യ 387 & 170. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 2-1ന് മുന്നിലെത്തി.

തോല്‍വിയോടെ ഇന്ത്യയുടെ പോയിന്റ് ശതമാനം 33.33 ആയി കുറഞ്ഞു. മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യക്ക് ഒരു ജയം മാത്രമാണുള്ളത്. ഇന്ത്യക്കെതിരെ രണ്ട് ജയം സ്വന്തമാക്കിയ ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്ത്. മൂന്ന് മത്സരം പൂര്‍ത്തിയാക്കിയ ഇംഗ്ലണ്ടിന് 66.67 പോയിന്റ് ശതമാനമുണ്ട്. ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയില്‍ ഇനിയും രണ്ട് മത്സരങ്ങള്‍ ബാക്കിയുണ്ട്. ഓസീസ് ഒന്നാം സ്ഥാനത്ത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഓസീസ് തൂത്തുവാരിയിരുന്നു. 100 പോിയന്റ് ശതമാനമാണ് ഓസീസിന്. ഇംഗ്ലണ്ട് രണ്ടാം സ്ഥാനം സ്വന്തമാക്കിയതോടെ ശ്രീലങ്ക മൂന്നാമതായി.

രണ്ട് മത്സരങ്ങള്‍ കളിച്ച ലങ്കയുടെ പോയിന്റ് ശതമാനം 66.67 ആണ്. ബംഗ്ലാദേശിനെതിരെ അവര്‍ നാട്ടില്‍ രണ്ട് ടെസ്റ്റുകള്‍ കളിച്ചിരുന്നു. ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചപ്പോള്‍ രണ്ടാമത്തേത് ശ്രീലങ്ക ജയിക്കുകയായിരുന്നു. ബംഗ്ലാദേശ് അഞ്ചാം സ്ഥാനത്താണ്. രണ്ട് മത്സരങ്ങള്‍ കളിച്ച ബംഗ്ലാദേശിന്റെ പോയിന്റ് ശതമാനം 16.67. ശ്രീലങ്കയ്ക്കെതിരായ ഒരു ടെസ്റ്റില്‍ ബംഗ്ലാദേശ് സമനില പിടിച്ചിരുന്നു. ഓസ്ട്രേലിയക്കെതിരെ മൂന്ന് ടെസ്റ്റും തോറ്റ വെസ്റ്റ് ഇന്‍ഡീസ് ആറാം സ്ഥാനത്താണ്. ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക ടീമുകള്‍ ടെസ്റ്റ് ചാംപ്യന്‍ഷിപ്പിപ്പിന് കീഴില്‍ ഈ സീസണില്‍ ഒരു മത്സരവും കളിച്ചിട്ടില്ല.

നിലവിലെ ചാംപ്യന്മാരാണ് ദക്ഷിണാഫ്രിക്ക. ലോര്‍ഡ്സില്‍ നടന്ന ഫൈനലില്‍ ഓസ്ട്രേലിയയെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് ദക്ഷിണാഫ്രിക്ക കിരീടം നേടിയത്. 282 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക മറികടക്കുകയായിരുന്നു. 27 വര്‍ഷത്തിനിടെ ദക്ഷിണാഫ്രിക്ക സ്വന്തമാക്കുന്ന ആദ്യ ഐസിസി കിരീടമാണിത്. 136 റണ്‍സ് നേടിയ എയ്ഡന്‍ മാര്‍ക്രമാണ് ദക്ഷിണാഫ്രിക്കയെ കിരീടത്തിലേക്ക് നയിച്ചത്. ക്യാപ്റ്റന്‍ തെംബ ബാവൂമയുടെ (66) ഇന്നിംഗ്സ് നിര്‍ണായകമായി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ആഷസ് പരമ്പര നേട്ടം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഒന്നാം സ്ഥാനത്ത് ലീഡുയര്‍ത്തി ഓസ്ട്രേലിയ, ഇന്ത്യ ആറാം സ്ഥാനത്ത്
സമീര്‍ മിന്‍ഹാസിന് വെടിക്കെട്ട് സെഞ്ചുറി, അണ്ടര്‍ 19 ഏഷ്യാ കപ്പിൽ ഇന്ത്യക്കെതിരെ പാകിസ്ഥാൻ കൂറ്റൻ സ്കോറിലേക്ക്