സാഹ കൊവിഡ് മുക്തനായി; ഇന്ത്യന്‍ ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക്

By Web TeamFirst Published May 18, 2021, 10:41 AM IST
Highlights

അടുത്ത മാസം മൂന്നിനാണ് ഇന്ത്യന്‍ ടീം  ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കുന്നത്.  ഇതിന് മുമ്പ് മുംബൈയില്‍ ക്വാറന്‍റൈനില്‍ കഴിയുന്ന ഇന്ത്യന്‍ സംഘത്തിനൊപ്പം സാഹയും ചേരും. 

കൊല്‍ക്കത്ത: ഐപിഎല്ലിനിടെ കൊവിഡ‍് ബാധിതനായ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ കൊവിഡ് മുക്തനായി. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുമുള്ള ഇന്ത്യന്‍ സംഘത്തിനൊടൊപ്പം 20 അംഗ ടീമിലുള്ള സാഹയ്ക്കും ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കാനാവും. ഇംഗ്ലണ്ട് പര്യടനത്തിനുളള ഇന്ത്യന്‍ ടീമിലെ രണ്ട് വിക്കറ്റ് കീപ്പര്‍മാരിലൊരാളാണ് സാഹ.

അടുത്ത മാസം മൂന്നിനാണ് ഇന്ത്യന്‍ ടീം  ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കുന്നത്.  ഇതിന് മുമ്പ് മുംബൈയില്‍ ക്വാറന്‍റൈനില്‍ കഴിയുന്ന ഇന്ത്യന്‍ സംഘത്തിനൊപ്പം സാഹയും ചേരും.  ഇംഗ്ലണ്ടിലെത്തിയാലും ഇന്ത്യന്‍ ടീം 10 ദിവസം  ക്വാറന്‍റീനില്‍ കഴിയണം. മൂന്ന് മാസം നീളുന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യന്‍ സംഘത്തിനും സപ്പോര്‍ട്ട് സ്റ്റാഫിനും കുടുംബത്തെയും കൂടെ കൂട്ടാന്‍ ബിസിസിഐ അനുമതി നല്‍കിയിട്ടുണ്ട്.

ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി കളിക്കുന്നതിനിടെ മെയ് നാലിനാണ് സാഹക്ക് കൊവിഡ് സ്ഥിരീകരിച്ചത്.  തുടര്‍ന്ന് ക്വാറന്‍റീനിലായ സാഹക്ക് ക്വാറന്‍റീന്‍ പൂര്‍ത്തിയാക്കിയശേഷം നടത്തിയ ഒരു പരിശോധനയില്‍ കൊവിഡ് നെഗറ്റീവായെങ്കിലും വീണ്ടും നടത്തിയ പരിശോധനയില്‍ പൊസറ്റീവായത് ആശങ്കയുണ്ടാക്കിയിരുന്നു.

അടുത്ത മാസം 18ന് ഇംഗ്ലണ്ടിലെ സതാംപ്ടണില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയും ന്യൂസിലന്‍ഡുമാണ് ഏറ്റുമുട്ടുന്നത്. ഓഗസ്റ്റ് മുതലാണ് ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പര തുടങ്ങുക.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!