ആദ്യ ഐസിസി കിരീടത്തിന് കോലി, നിരാശ മറക്കാന്‍ വില്യംസണ്‍; ഇത് ക്യാപ്റ്റന്‍സിയുടെ അഗ്നിപരീക്ഷ

By Web TeamFirst Published Jun 18, 2021, 8:56 AM IST
Highlights

ഇത് ക്യാപ്റ്റന്മാരുടെ പോരാട്ടമെന്ന് ഇയാന്‍ ബോത്തം, ഇയാന്‍ ചാപ്പല്‍, ഷെയ്‌ന്‍ വോണ്‍ എന്നീ ഇതിഹാസങ്ങള്‍ പറയുന്നു. 

സതാംപ്‌ടണ്‍: ക്യാപ്റ്റൻമാരുടെ പോരാട്ടം കൂടിയാണ് സതാംപ്‌ടണിലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. നായകനായി ആദ്യ ഐസിസി കിരീടം തേടി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഇറങ്ങുമ്പോൾ ദൗര്‍ഭാഗ്യം കൊണ്ട് നഷ്ടപ്പെട്ട ഏകദിന ലോക കിരീടത്തിന്‍റെ നിരാശ മറക്കുകയാണ് ന്യൂസിലന്‍ഡ് നായകന്‍ കെയ്ൻ വില്യംസണിന്‍റെ ലക്ഷ്യം.

ഇത് ക്യാപ്റ്റന്മാരുടെ പോരാട്ടമെന്ന് ഇയാന്‍ ബോത്തം, ഇയാന്‍ ചാപ്പല്‍, ഷെയ്‌ന്‍ വോണ്‍ എന്നീ ഇതിഹാസങ്ങള്‍ പറയുന്നു. ടെസ്റ്റ് റാങ്കിംഗിൽ രണ്ടാമതുള്ള കെയ്ൻ വില്യംസണും നാലാം സ്ഥാത്തുള്ള വിരാട് കോലിയും നേര്‍ക്കുനേര്‍ വരുന്ന പോരാട്ടമാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. 2008ൽ 19 വയസ്സിൽ താഴെയുള്ളവരുടെ ലോകകപ്പ് സെമിയിൽ ഇന്ത്യയും ന്യൂസിലൻഡും ഏറ്റുമുട്ടിയപ്പോൾ കോലിയും വില്യംസണുമായിരുന്നു നായകര്‍. അന്നുമുതലുള്ള പരിചയമുണ്ട് ഇരുവര്‍ക്കും. 

ഇംഗ്ലണ്ടിനെയും ഓസ്‌ട്രേലിയയേയും തറപറ്റിച്ചതിന്‍റെ ചരിത്രമുണ്ടെങ്കിലും പ്രധാന ഐസിസി കിരീടം കോലിക്ക് അകലെയാണ്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഐപിഎൽ ജേതാക്കളാക്കുന്നതും സ്വപ്നമായി അവശേഷിക്കുന്നു. ഈ കളങ്കങ്ങള്‍ തീര്‍ക്കാനാണ് വിരാടിന്‍റെ തയ്യാറെടുപ്പ്. 

സ്റ്റീഫൻ ഫ്ലെമിംഗിന് ശേഷം കിവികളെ ഏറ്റവും കൂടുതൽ ടെസ്റ്റുകളിൽ ജയിപ്പിച്ചതിന്‍റെ റെക്കോഡുള്ള വില്യംസനും കിരീടത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഒന്‍പതില്‍ ആറ് ജയവുമായാണ് കിവീസ് നായകൻ ഇംഗ്ലണ്ടിലെത്തിയത്. പൊതുവെ ശാന്തപ്രകൃതനായ വില്യംസനും കടന്നാക്രമണ സ്വഭാവമുള്ള കോലിയും കൊമ്പുകോര്‍ക്കുമ്പോൾ ക്യാപ്റ്റൻസിയുടെ വിലയിരുത്തൽ കൂടിയാകുകയാണ് സതാംപ്‌ടണിലെ ചരിത്ര ടെസ്റ്റ്. 

സതാംപ്ടണിൽ ഇന്ത്യന്‍സമയം ഉച്ചയ്ക്ക് ശേഷം 2.30നാണ് ടോസ് ഇടുക. മൂന്ന് മണിക്ക് മത്സരം തുടങ്ങും. വിജയികള്‍ക്ക് 12 കോടി രൂപയാണ് സമ്മാനത്തുക. അഞ്ച് ദിവസവും മഴ മുന്നറിയിപ്പുള്ള റോസ്‌ബൗളിൽ അധികമായി റിസര്‍വ് ദിനവും അനുവദിച്ചിട്ടുണ്ട്. മത്സരം മഴ കൊണ്ടുപോയാൽ കിരീടം ഇന്ത്യയും ന്യൂസിലന്‍ഡും പങ്കിടും. 

ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍

വിരാട് കോലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ, ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ(വൈസ് ക്യാപ്റ്റന്‍), റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, രവിചന്ദ്ര അശ്വിന്‍, ജസ്‌പ്രീത് ബുമ്ര, ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി.  

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടത്തിൽ കണ്ണുവച്ച് ഇന്ത്യയും ന്യൂസിലൻഡും; ഇനി പോരാട്ടത്തിന്‍റെ അഞ്ച് നാൾ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ന്യൂസിലൻഡിന് മുൻതൂക്കമെന്ന് ​ഗാം​ഗുലി

ഇതില്‍ക്കൂടുതല്‍ എന്തുവേണം, നമുക്കവന്‍ പോരെ അളിയാ...ഫൈനലില്‍ സൂപ്പര്‍താരത്തെ ഒഴിവാക്കരുത് എന്ന് മുന്‍താരം

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: ഇന്ത്യയുടെ മൂന്ന് പേസര്‍മാരെ തെരഞ്ഞെടുത്ത് ലക്ഷ്‌മണ്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!