Asianet News MalayalamAsianet News Malayalam

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടത്തിൽ കണ്ണുവച്ച് ഇന്ത്യയും ന്യൂസിലൻഡും; ഇനി പോരാട്ടത്തിന്‍റെ അഞ്ച് നാൾ

\കരിയറിൽ ആദ്യ പ്രധാന കിരീടമാണ് കോലിയുടെ ലക്ഷ്യം. മൂന്ന് പേസർമാരും രണ്ട് സ്പിന്നർമാരും അടങ്ങുന്നതാണ് കലാശപ്പോരിനുള്ള ഇന്ത്യൻ ടീം

india vs new zealand world test championship final live updates
Author
England, First Published Jun 18, 2021, 1:03 AM IST

സതാംപ്ടൺ: ക്രിക്കറ്റ് പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടപോരാട്ടം തുടങ്ങുന്നു. ടെസ്റ്റ് റാങ്കിൽ ഒന്നാം സ്ഥാനത്തുള്ള ന്യുസീലൻഡും രണ്ടാമതുള്ള ഇന്ത്യയും കലാശപ്പോരാട്ടത്തിനിറങ്ങുമ്പോൾ ആവേശത്തിന് ഒട്ടും കുറവുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് മത്സരം. വൈകീട്ട് മൂന്നരയ്ക്ക് മത്സരം തുടങ്ങും.

കരിയറിൽ ആദ്യ പ്രധാന കിരീടമാണ് കോലിയുടെ ലക്ഷ്യം. മൂന്ന് പേസർമാരും രണ്ട് സ്പിന്നർമാരും അടങ്ങുന്നതാണ് കലാശപ്പോരിനുള്ള ഇന്ത്യൻ ടീം. സ്പിന്നർമാരായി രവീന്ദ്ര ജഡേജയും ആർ അശ്വിനും അന്തിമ ഇലവനിൽ ഇടം നേടി. പേസർമാരായി ഇഷാന്ത് ശർമയും ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയുമാണ് അന്തിമ ഇലവനിലെത്തിയത്. സതാംപ്ടണിൽ നിലവിൽ വരണ്ട കാലവസ്ഥയായതിനാൽ സ്പിന്നർമാർക്ക് ആനുകൂല്യം ലഭിക്കുമെന്ന് കണക്കിലെടുത്താണ് അശ്വിനും ജഡേജയും ടീമിലെത്തിയത്. ഫൈനലിന് മുമ്പ് ടീം അംഗങ്ങൾ തമ്മിലുള്ള സന്നാഹ മത്സരത്തിൽ ജഡേജ ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയിരുന്നു. ഇഷാന്തും ബൗളിംഗിൽ തിളങ്ങി. ഇതുകൂടി കണക്കിലെടുത്താണ് ഇരുവരെയും ടീമിലെടുത്തത്.

രോഹിത്തിനൊപ്പം ശുഭ്മാൻ ഗിൽ ഓപ്പണറാകും. പ്രതിരോധക്കോട്ട തീർക്കാൻ മിടുക്കനായ പൂജാരയാകും പിന്നാലെയത്തുക. ക്യാപ്ടൻ കോലിയും രഹാനയും മധ്യനിരയ്ക്ക് കരുത്തേകും. ബാറ്റിംഗിൽ ടീമിന് കരുത്തേകുകയെന്നതിനൊപ്പം റിഷഭ് പന്തിന് വിക്കറ്റ് കാക്കാനും ചുമതലയുണ്ട്. ജഡേജയും അശ്വിനും ബാറ്റിംഗിലും ശ്രദ്ധവയ്ക്കും.

അതേസമയം ഇംഗ്ലണ്ടിനെതിരെ ഇംഗ്ലണ്ടിൽ നടന്ന ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ന്യുസീലൻഡ് ഇറങ്ങുന്നത്. രണ്ടാംനിര ടീമുമായി ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ചതിന്‍റെ ആവേശം കിവിപോരാളികൾക്ക് വേണ്ടുവോളമുണ്ട്. ഇന്ത്യയുമായി അവസാനം കളിച്ച അഞ്ച് മത്സരങ്ങളിൽ നാലിലും ജയിക്കാനായെന്നതും വില്യംസനും കൂട്ടർക്കും ആത്മവിശ്വാസമേകുന്നു. നായകനും റോസ് ടെയ്‍ലറുമടക്കം ആറു മുൻനിര ബാറ്റ്സാമാൻമാരുടെ തകര്‍പ്പൻ ഫോമും അനുകൂല ഘടകം. സൗത്തിയും ബോൾട്ടും കുന്തമുനകളാകുമ്പോൾ എതിരാളിയെ വിറപ്പിക്കാമെന്നും ന്യുസീലൻഡ് കണക്കുകൂട്ടുന്നു. അഞ്ച് ദിവസവും മഴ മുന്നറിയിപ്പുള്ള റോസ്ബൗളിൽ അധികമായി റിസര്‍വ് ദിനവും അനുവദിച്ചിട്ടുണ്ട്. മത്സരം മഴകൊണ്ടുപോയാൽ കിരീടം പങ്കിടും.

Follow Us:
Download App:
  • android
  • ios