Latest Videos

ആശാന്‍മാരായി കോലിയും അശ്വിനും; ഇന്ത്യന്‍ ടീമിനൊപ്പം യശസ്വി ജയ്‌സ്വാളിന്‍റെ ആദ്യ നെറ്റ് സെഷന്‍ വൈറല്‍

By Web TeamFirst Published May 31, 2023, 3:29 PM IST
Highlights

ഇന്ത്യന്‍ ടെസ്റ്റ് ടീമിനൊപ്പമുള്ള ആദ്യ നെറ്റ് നെഷനില്‍ അതിമനോഹരമായാണ് യശസ്വി ജയ്‌സ്വാള്‍ ബാറ്റ് ചെയ്‌തത്

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ അവസാന നിമിഷം ഇടംപിടിച്ച താരമാണ് രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍. ഐപിഎല്‍ പതിനാറാം സീസണില്‍ രാജസ്ഥാനായി പുറത്തെടുത്ത സ്ഥിരതയാര്‍ന്ന പ്രകടനമാണ് ജയ്‌സ്വാളിന് ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് ക്ഷണം നല്‍കിയത്. ലണ്ടനില്‍ ഫൈനലിന് മുന്നോടിയായി ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്ന യശസ്വി ജയ്‌സ്വാള്‍ പരിശീലനം ആരംഭിച്ചു. ടീം ഇന്ത്യക്ക് ഒപ്പമുള്ള ആദ്യ നെറ്റ് സെഷനില്‍ ജയ്‌സ്വാള്‍ പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ ഐസിസി സാമൂഹ്യമാധ്യമങ്ങള്‍ വഴി പങ്കുവെച്ചിട്ടുണ്ട്. 

ഇന്ത്യന്‍ ടെസ്റ്റ് ടീമിനൊപ്പമുള്ള ആദ്യ നെറ്റ് നെഷനില്‍ അതിമനോഹരമായാണ് യശസ്വി ജയ്‌സ്വാള്‍ ബാറ്റ് ചെയ്‌തത്. ഇന്ത്യന്‍ സ്‌പിന്‍ മാസ്റ്റര്‍ രവിചന്ദ്രന്‍ അശ്വിനും റണ്‍ മെഷിന്‍ വിരാട് കോലിയും ജയ്‌സ്വാളിന് ഏറെ നിര്‍ദേശങ്ങള്‍ നല്‍കുന്നത് വീഡിയോയില്‍ കാണാം. സീനിയര്‍ താരങ്ങളായ അശ്വിനും കോലിയും ഏറെ നേരം സംസാരിച്ച് ജയ്‌സ്വാളിന് വേണ്ട ഉപദേശങ്ങള്‍ നല്‍കി. ഐപിഎല്‍ പതിനാറാം സീസണിലെ റണ്‍വേട്ടക്കാരനില്‍ അഞ്ചാമനായി മാറിയ ജയ്‌സ്വാള്‍ 14 ഇന്നിംഗ്‌സില്‍ 625 റണ്‍സ് അടിച്ചുകൂട്ടി. രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫില്‍ കടന്നിരുന്നെങ്കില്‍ യശസ്വി ജയ്‌സ്വാളിന് തന്‍റെ റണ്‍ സമ്പാദ്യം ഉയര്‍ത്താമായിരുന്നു. സീസണില്‍ സെഞ്ചുറി നേടിയ താരങ്ങളില്‍ ഒരാള്‍ ജയ്‌സ്വാളാണ്. ഇംഗ്ലണ്ടിലെ ഓവലില്‍ ജൂണ്‍ ഏഴാം തിയതി മുതലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും മുഖാമുഖം വരുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ICC (@icc)

ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡ്

രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, കെ എസ് ഭരത്(വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ഷര്‍ദ്ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്‌ദേവ് ഉനദ്‌കട്ട്, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍). 

സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍

യശസ്വി ജയ്‌സ്വാള്‍, മുകേഷ് കുമാര്‍, സൂര്യകുമാര്‍ യാദവ്. 

Read more: 'ഒരു സംശയവും വേണ്ട, അവനെ ഒഴിവാക്കിയത് കോലിയുടെയും ശാസ്ത്രിയുടെയും ആന മണ്ടത്തരം തന്നെ', തുറന്നു പറഞ്ഞ് കുംബ്ലെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!