2019ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ റായുഡുവിനെ ഉള്‍പ്പെടുത്താതിരുന്നത് വിരാട് കോലിയും രവി ശാസ്ത്രിയും കാണിച്ച ആന മണ്ടത്തരമായിരുന്നുവെന്ന് തുറന്നു പറയുകയാണ് ശാസ്ത്രിക്ക് മുമ്പ് ഇന്ത്യന്‍ പരിശീലകനായിരുന്ന അനില്‍ കുംബ്ലെ.

മുബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് അഞ്ചാം കിരീടം നേടിയപ്പോള്‍ ഫൈനലില്‍ നിര്‍ണായക പ്രകടനം നടത്തിയ താരങ്ങളിലൊരാള്‍ അമ്പാട്ടി റായു‍ഡുവായിരുന്നു. അഞ്ചാമനായി ക്രീസിലെത്തിയ റായു രണ്ട് സിക്സും ഫോറും സഹിതം എട്ട് പന്തില്‍ നേടിയ 19 റണ്‍സാണ് മൂന്നോവറില്‍ 38 റണ്‍സ് വേണ്ടിയിരുന്ന ചെന്നൈയെ ജയത്തിലേക്ക് അടുപ്പിച്ചത്. സീസണില്‍ നിരാശാജനകമായ പ്രകടനമായിരുന്നെങ്കിലും തന്‍റെ കരിയറിലെ അവസാന ഐപിഎല്‍ മത്സരം റായുഡു അവിസ്മരണീയമാക്കി.

ഫൈനലിന് മുമ്പെ റായുഡു ഐപിഎല്ലില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. 2019ലെ ഏകദിന ലോകകപ്പിന് മുമ്പ് ഇന്ത്യയുടെ നാലാം നമ്പര്‍ സ്ഥാനത്തേക്ക് ക്യാപ്റ്റനായിരുന്ന വിരാട് കോലിയും പരിശീലകന്‍ രവി ശാസ്ത്രിയും നിര്‍ദേശിച്ചതും റായഡുവിനെ ആയിരുന്നു. അതിന് തൊട്ട് മുമ്പുള്ള ഐപിഎല്‍ സീസണില്‍ 602 റണ്‍സടിച്ച റായുഡു നാലാം നമ്പറില്‍ ഇന്ത്യക്കായി 21 ഏകജിനങ്ങളില്‍ കളിച്ച് ഒരു സെഞ്ചുറിയും നാല് അര്‍ധസെഞ്ചുറിയും അടക്കം 639 റണ്‍സ് നേടി തിളങ്ങുകും ചെയ്തു. എന്നാല്‍ ലോകകപ്പിന് തൊട്ടു മുമ്പ് ചില മത്സരങ്ങളില്‍ റായുഡു നിരാശപ്പെടുത്തിയതോടെ സെലക്ടര്‍മാര്‍ അദ്ദേഹത്തെ തഴഞ്ഞ് വിജയ് ശങ്കറെ ആണ് ലോകകപ്പ് ടീമിലെടുത്തത്. ഇതോടെ 32-ാം വയസില്‍ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച റായുഡു പിന്നീട് ഐപിഎല്ലില്‍ തിരിച്ചുവന്നു.

2019ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ റായുഡുവിനെ ഉള്‍പ്പെടുത്താതിരുന്നത് വിരാട് കോലിയും രവി ശാസ്ത്രിയും കാണിച്ച ആന മണ്ടത്തരമായിരുന്നുവെന്ന് തുറന്നു പറയുകയാണ് ശാസ്ത്രിക്ക് മുമ്പ് ഇന്ത്യന്‍ പരിശീലകനായിരുന്ന അനില്‍ കുംബ്ലെ. 2019ലെ ഏകദിന ലോകകപ്പില്‍ റായുഡു കളിക്കണമായിരുന്നു. അതിനുവേണ്ടി നീണ്ട നാളായി ഒരുക്കിയെടുത്ത റായുഡുവിനെ ലോകകപ്പ് ടീമില്‍ നിന്ന തഴഞ്ഞത് വലിയ കോലിയും ശാസ്ത്രിയും ചെയ്ത വലിയ മണ്ടത്തരമായിപ്പോയി എന്നതില്‍ സംശയമില്ല. ആ തിരുമാനം എല്ലാവരെയും അത്ഭുതപ്പെടുത്തുകയും ചെയ്തുവെന്നും ഐപിഎല്‍ ഫൈനല്‍ ഇടവേളക്കിടെ അനില്‍ കുംബ്ലെ ജിയോ സിനിമയില്‍ പറഞ്ഞു.

ബ്രൂക്ക് മുതല്‍ ദിനേശ് കാര്‍ത്തിക് വരെ, ഇതാ ഐപിഎല്ലിലെ ഫ്ലോപ്പ് ഇലവന്‍

റായുഡുവിന് പകരം ഓള്‍ റൗണ്ടറായ വിജയ് ശങ്കറെ ടീമിലെടുത്ത അന്നത്തെ ചീഫ് സെലക്ടര്‍ പറഞ്ഞത്, വിജയ് ശങ്കര്‍ ത്രീ ഡി(3 ഡൈമന്‍ഷന്‍)പ്ലേയറാണെന്നായിരുന്നു. ബാറ്റ് ചെയ്യാനും ബൗള്‍ ചെയ്യാനും ഫീല്‍ഡ് ചെയ്യാനും അറിയാവുന്ന കളിക്കാരെയണ് ടീമിലേക്ക് വേണ്ടതെന്നും അന്ന് പ്രസാദ് പറഞ്ഞത് പിന്നീട് വലിയ വിവാദമാവുകയും ചെയ്തിരുന്നു.