
മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ രോഹിത് ശർമയെയും വിരാട് കോലിയെയും ടീമിൽ നിന്ന് മാറ്റിനിർത്തുക എന്നത് തികച്ചും അസാധ്യമായ കാര്യമാണെന്ന് മുൻ ഇന്ത്യൻ സ്പിന്നർ ആർ. അശ്വിൻ. തന്‍റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ് ഈ 'രോ-കോ' സഖ്യത്തിന്‍റെ ആരാധക പിന്തുണയെക്കുറിച്ചും ഇന്ത്യൻ ക്രിക്കറ്റിൽ അവർക്കുള്ള സ്വാധീനത്തെക്കുറിച്ചും അശ്വിൻ മനസ് തുറന്നത്. കളിക്കാൻ ആഗ്രഹിക്കുന്നിടത്തോളം കാലം രോഹിത് ശർമയെയും വിരാട് കോലിയെയും തൊടാൻ പോലും ബിസിസിഐക്കോ സെലക്ടർമാർക്കോ സാധിക്കില്ലെന്ന് അശ്വിൻ വ്യക്തമാക്കി.
കളിക്കാൻ ആഗ്രഹമുണ്ടെങ്കിൽ കോലിയെയും രോഹിതിനെയും മാറ്റിനിർത്താൻ ആർക്കും കഴിയില്ല. അവർ ക്രിക്കറ്റിന് നൽകിയ സംഭാവനകളും അവിശ്വസനീയമായ റെക്കോർഡുകളുമാണ് അതിന് കാരണം. രോഹിത് മാത്രം ഏകദിനത്തിൽ പതിനായിരത്തിലധികം റൺസ് നേടിയിട്ടുണ്ട്. അതിലുപരി, അവരെ തൊട്ടാൽ പ്രതികരിക്കാൻ വലിയൊരു ആരാധകപ്പട തന്നെയുണ്ട്. ജനങ്ങൾ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുന്നത് അവരെ കാണാനാണ്. അവരെ മാറ്റിയാൽ ആരാധകർ സ്റ്റേഡിയം പൊളിക്കും അശ്വിൻ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ഇരുവരും ഇന്ത്യക്കായി ഒന്നിച്ച് കളിക്കുന്ന 400-ാം അന്താരാഷ്ട്ര മത്സരമെന്ന അപൂർവ്വ നാഴികക്കല്ലും പിന്നിട്ടിരുന്നു.ലോർഡ്സ് ഏകദിനത്തിന് തൊട്ടുമുമ്പ് രോഹിത് ശർമ്മ വിരമിക്കൽ പ്രഖ്യാപിച്ചേക്കുമെന്ന തരത്തിൽ ശക്തമായ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ഈ സമ്മർദ്ദങ്ങളെയെല്ലാം അതിജീവിച്ച് സെഞ്ചുറി നേടിയാണ് 'ഹിറ്റ്മാൻ' ആഭ്യൂഹങ്ങളെയെല്ലാം ബൗണ്ടറി കടത്തിയത്.
ഇംഗ്ലണ്ടിനെതിരെ ഫുള്‍ ഫോമിലായിരുന്നുവെങ്കിൽ രോഹിത് 180 റൺസ് വരെ നേടിയേനെയെന്ന് അശ്വിൻ അഭിപ്രായപ്പെട്ടു. ഇത്രയും കാലം കളിച്ച് തെളിയിച്ച രോഹിതിന് ഇനി മറ്റാർക്ക് മുന്നിലും ഒന്നും തെളിയിക്കാനില്ലെന്നും, അടുത്ത ഏകദിന ലോകകപ്പ് കളിക്കണമെന്ന സ്വന്തം ആഗ്രഹമാണ് അദ്ദേഹത്തെ മുന്നോട്ട് നയിക്കുന്നതെന്നും അശ്വിൻ കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!