അഫ്ഗാൻ ബാറ്റർമാർ ഭേദപ്പെട്ട സ്കോർ കണ്ടെത്തുന്നുണ്ടെങ്കിലും, കരുത്തുറ്റ ഇന്ത്യൻ ബാറ്റിങ് നിരയെ നിയന്ത്രിക്കാൻ അവരുടെ ലോകോത്തര സ്പിൻ നിരയ്ക്ക് കഴിയാത്തതാണ് പ്രധാന വെല്ലുവിളി.
ദില്ലി: അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര തൂത്തുവാരാൻ ഇന്ത്യ ഇന്നിറങ്ങുന്നു. ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം ആരംഭിക്കുന്നത്. ആദ്യ രണ്ട് കളികളിലും ആധികാരിക ജയം നേടിയ ഇന്ത്യ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. ആശ്വാസ ജയം തേടിയാണ് അഫ്ഗാനിസ്ഥാൻ ഇറങ്ങുന്നതെങ്കിലും ഇന്ത്യയെ കീഴടക്കുക അവർക്ക് എളുപ്പമാവില്ല.
അഫ്ഗാൻ ബാറ്റർമാർ ഭേദപ്പെട്ട സ്കോർ കണ്ടെത്തുന്നുണ്ടെങ്കിലും, കരുത്തുറ്റ ഇന്ത്യൻ ബാറ്റിങ് നിരയെ നിയന്ത്രിക്കാൻ അവരുടെ ലോകോത്തര സ്പിൻ നിരയ്ക്ക് കഴിയാത്തതാണ് പ്രധാന വെല്ലുവിളി. ടോപ് ഓർഡർ ബാറ്റർമാർ ക്രീസിലുറയ്ക്കുകയും ബൗളർമാർ മികവിനൊത്ത് പന്തെറിയുകയും ചെയ്താൽ മാത്രമേ അഫ്ഗാനിസ്ഥാന് മത്സരത്തിൽ എന്തെങ്കിലും പ്രതീക്ഷയ്ക്ക് വകയുള്ളൂ. പരമ്പര നേടിക്കഴിഞ്ഞതിനാൽ ഇന്ത്യ ബെഞ്ചിലുള്ള താരങ്ങൾക്ക് അവസരം നൽകാൻ സാധ്യതയുണ്ട്. യുവതാരം വൈഭവ് സൂര്യവൻഷിക്ക് ഇന്ത്യൻ മണ്ണിൽ ആദ്യമത്സരം കളിക്കാൻ അവസരം ലഭിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.
ഇന്ത്യൻ ഓപ്പണർമാരായ സഞ്ജു സാംസണും അഭിഷേക് ശർമ്മയും തകർപ്പൻ പ്രഹരശേഷിയാണ് ആദ്യ രണ്ടു മത്സരങ്ങളിലും പുറത്തെടുത്തത്.എങ്കിലും വൈഭവിന് ഇന്ന് പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കുമെന്നാണ് കരുതുന്നത്. വൈഭവ് പ്ലേയിംഗ് ഇലവനിലെത്തിയാൽ അഭിഷേക് ശര്‍മയാകും പുറത്തിരിക്കുക. ആദ്യ മത്സരത്തില്‍ നിറം മങ്ങിയെങ്കിലും രണ്ടാം മത്സരത്തില്‍ വെടിക്കെട്ട് അര്‍ധസെഞ്ചുറി നേടിയ മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണറായി തുടരും. ബാറ്റിംഗ് നിരയില്‍ പിന്നാലെയെത്തുന്ന ഇഷാൻ കിഷൻ, നായകൻ ശ്രേയസ് അയ്യർ, വൈസ് ക്യാപ്റ്റൻ തിലക് വർമ്മ എന്നിവരും മികച്ച ഫോമിലാണ്. ഏഷ്യൻ ഗെയിംസിന് മുന്നോടിയായി ബൗളിങ് മൂർച്ച കൂട്ടാൻ ഒരു അധിക ബൗളറെ ടീമിൽ ഉൾപ്പെടുത്തിയേക്കും. ശിവം ദുബെക്ക് പകരം വാഷിംഗ്ടണ്‍ സുന്ദറിന് അവസരം നല്‍കാനും സാധ്യതയുണ്ട്.
