
ഗയാന: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20 മത്സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയെങ്കിലും യുവതാരം തിലക് വര്‍മക്ക് അര്‍ധസെഞ്ചുറി നേടാനാവാഞ്ഞത് നിരാശയായിരുന്നു. 49 റണ്‍സുമായി തിലക് പുറത്താകാതെ നില്‍ക്കുമ്പോള്‍ ജയത്തിന് രണ്ട് റണ്‍സ് മാത്രം വേണ്ട ഘട്ടത്തില്‍ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ പറത്തിയ സിക്സാണ് യുവതാരത്തിന് തുടര്‍ച്ചയായ രണ്ടാം അര്‍ധസെഞ്ചുറി നിഷേധിച്ചത്. ഹാര്‍ദ്ദിക്കിന്‍റേത് സ്വാര്‍ത്ഥതയാണെന്നും ധോണിയെ കണ്ടു പഠിക്കണമെന്നും ആരാധകര്‍ വിമര്‍ശിക്കുന്നതിനിടെ ഹാര്‍ദ്ദിക്കിന്‍റെ പ്രകടനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരം ആകാശ് ചോപ്ര.
നെറ്റ് റണ്‍ റേറ്റിന്‍റെ സമ്മര്‍ദ്ദമൊന്നും ഇല്ലാതിരിക്കെ 13 പന്തുകളില്‍ രണ്ട് റണ്‍സ് മാത്രം ജയിക്കാനും ഏഴ് വിക്കറ്റും കൈയിലുള്ളപ്പോള്‍ ഹാര്‍ദ്ദിക് അങ്ങനെയൊരു സിക്സ് അടിച്ചത് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ലെന്ന് ആകാശ് ചോപ്ര പറഞ്ഞു. തിലകിന് അര്‍ഹിച്ച അര്‍ധസെഞ്ചുറിയായിരുന്നു അത്. കാരണം, തുടര്‍ച്ചയായ മൂന്ന് കളികളിലും 30ന് മുകളില്‍ സ്കോര്‍ ചെയ്യുകയും ഇന്നലെ തുടക്കത്തില്‍ തകര്‍ത്തടിച്ച് സൂര്യ സ്കോറിംഗ് തുടങ്ങിയപ്പോള്‍ നങ്കൂരമിട്ട് കളിക്കുകയും ചെയ്ത തിലക് മികച്ച പ്രകടനമാണ് പുറത്തെടുത്തത്.അമിതാവേശം കാട്ടി പുറത്താകരുതെന്നും അവസാനം വരെ നോട്ടൗട്ടാവണമെന്നും ഹാര്‍ദ്ദിക് ക്രീസിലെത്തിയപ്പോള്‍ തിലകിനോട് പറഞ്ഞിട്ടുണ്ടാവണം.
അതുകൊണ്ടുതന്നെ അവസാനം വരെ അവന്‍ ക്രീസില്‍ നില്‍ക്കുകയും ചെയ്തു. എന്നിട്ടും ആ ഘട്ടത്തില്‍ ഹാര്‍ദ്ദിക് അത്തരമൊരു വമ്പനടിക്ക് മുതിരേണ്ട കാര്യമില്ലായിരുന്നു. വ്യക്തിഗത നേട്ടത്തിന് പ്രാധാന്യം കൊടുക്കാത്ത സംസ്കാരം വളര്‍ത്തിയെടുക്കാനാണ് അവര്‍ ശ്രമിക്കുന്നതെങ്കില്‍ പോലും ആ ഒരു റണ്‍ എടുക്കാന്‍ തിലകിനെ അനുവദിക്കുന്നതുകൊണ്ട് ഒന്നും സംഭവിക്കാനില്ലായിരുന്നു. കാരണം, നെറ്റ് റണ്‍റേറ്റിന്‍റെ സമ്മര്‍ദ്ദം ഒന്നും ഉണ്ടായിരുന്നില്ലല്ലോ. ആ ഒരു റണ്ണെടുക്കാന്‍ അനുവദിച്ചിരുന്നെങ്കില്‍ തിലകിന് തുടര്‍ച്ചയായ രണ്ടാം അര്‍ധസെഞ്ചുറി സ്വന്തമാക്കാമായിരുന്നു.
ആ അവസരമാണ് ഹാര്‍ദ്ദിക്കിന്‍റെ സിക്സിലൂടെ നഷ്ടമായത്. ഇത് തന്‍റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ആകാശ് ചോപ്ര പറഞ്ഞു. അഞ്ച് മത്സര പരമ്പരയിലെ ആദ്യ രണ്ട് കളികളും വിന്‍ഡീസ് ജയിച്ചപ്പോള്‍ മൂന്നാം മത്സരത്തില്‍ ജയിച്ചാണ് ഇന്ത്യ തിരിച്ചുവന്നത്. 12ന് ഫ്ലോറിഡയിലാണ് നാലാം മത്സരം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!