
മുംബൈ: ഇന്ത്യൻ താരങ്ങളായ വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും വിമര്‍ശകര്‍ക്ക് മുന്നറിയിപ്പുമായി മുന്‍ ഇന്ത്യൻ പരിശീലകന്‍ രവി ശാസ്ത്രി. ഏകദിന ഇതിഹാസങ്ങളായ കോലിയോടും രോഹിത്തിനോടും മുട്ടാന്‍ നില്‍ക്കരുതെന്നും അത് നല്ലതിനാവില്ലെന്നും ശാസ്ത്രി ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അവരെപ്പോലുള്ള കളിക്കാരോട് മുട്ടാന്‍ പോകരുതെന്ന് രവി ശാസ്ത്രി പറഞ്ഞപ്പോള്‍, ആരാണ് അവരോട് മുട്ടാൻ നില്‍ക്കുന്നതെന്ന് അവതാരകൻ ചോദിച്ചു. ചിലര്‍ അത് ചെയ്യുന്നുണ്ട്, അത്രയെ ഞാനിപ്പോള്‍ പറയുന്നുള്ളു. അവര്‍ ശരിക്കും ഫോമിലായാല്‍ പിന്നെ ഇപ്പോള്‍ അവരോട് ഏറ്റുമുട്ടാനിറങ്ങിയവരുടെ ഒന്നും പൊടിപോലും കാണില്ലെന്നും ശാസ്ത്രി പറഞ്ഞു. ശസ്ത്രി ആരുടെയും പേരെടുത്ത് പറഞ്ഞില്ലെങ്കിലും ഇന്ത്യൻ പരിശീലകന്‍ ഗൗതം ഗംഭീറിനും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ക്കുമുള്ള പരോക്ഷ മുന്നറിയിപ്പാണിതെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.
2027ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യക്കായി കളിക്കാന്‍ ആഗ്രഹിക്കുന്ന കോലിക്കും രോഹിത്തിനും ടീമില്‍ ഇതുവരെ സ്ഥാനം ഉറപ്പു നല്‍കാന്‍ ടീം മാനേജ്മെന്‍റ് തയാറായിട്ടില്ല. ലോകകപ്പില്‍ കളിക്കണമെങ്കില്‍ ഇരുവരും ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് മത്സരക്ഷമത തെളിയിക്കണമെന്ന് ടീം മനേജ്മെന്‍റ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പരിശീലകന്‍ ഗൗതം ഗംഭീറുമായുള്ള ഇരുവരുടെയും ബന്ധം മോശമായതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോലിയുടെയും രോഹിത്തിന്‍റെയും ടെസ്റ്റില്‍ നിന്നുള്ള അപ്രതീക്ഷിത വിരമിക്കലിന് പിന്നിലും ഗംഭീറും അഗാര്‍ക്കറുമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിരാട് കോലിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രവി ശാസ്ത്രി കോലിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനെന്ന് കൂടിയാണ് അറിയപ്പെടുന്നത്.
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായ കോലി മൂന്നാം മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടിയിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിലും കോലി സെഞ്ചുറി നേടി റെക്കോര്‍ഡിട്ടു. ഓസ്ട്രേലിയക്കെതിരെ സെഞ്ചുറിയും അര്‍ധസെഞ്ചുറിയും നേടിയ രോഹിത്തും തിളങ്ങിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക