
ചണ്ഡീഗഡ്: 2007ലെ ആദ്യ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ട് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ ആറ് പന്തില്‍ ആറ് സിക്സറടിച്ചത് ഇന്ത്യന്‍ ആരാധകരെ ഇപ്പോഴും കോരിത്തരിപ്പിക്കുന്ന കാര്യമാണ്. യുവരാജിന്റെ സിക്സര്‍ മഴയും രവി ശാസ്ത്രിയുടെ കമന്ററിയും ഇപ്പോഴും ആരാധകരുടെ കണ്‍മുന്നിലുണ്ട്. ലോകകപ്പിന് തൊട്ട് മുമ്പ് നടന്ന ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയില്‍ യുവിയുടെ ഒരോവറില്‍ ഇംഗ്ലണ്ട് താരം ദിമിത്രി മസ്കാരനസ് അഞ്ച് സിക്സറടിച്ചിരുന്നു. അതിനുള്ള മറുപടിയാണ് യുവിയുടെ ആറ് സിക്സറുകളെന്നൊരു കഥ അക്കാലത്ത് പ്രചരിക്കുകയും ചെയ്തു. എന്നാല്‍ അതൊന്നുമല്ല ബ്രോഡിന്റെ ഓവറില്‍ ആറ് സിക്സറടിക്കാനുള്ള പ്രചോദനമായതെന്ന് തുറന്നു പറയുകയാണ് യുവി. ഇന്‍സ്റ്റഗ്രാം ലൈവിലൂടെയാണ് അന്നത്തെ സംഭവങ്ങള്‍ യുവി ഓര്‍ത്തെടുക്കുന്നത്.
ബ്രോഡിന്റെ ഓവറിന് തൊട്ടുമുമ്പ് പന്തെറിഞ്ഞ ഫ്ലിന്റോഫിനെ ഞാന്‍ രണ്ട് ബൗണ്ടറി അടിച്ചിരുന്നു. നല്ല പന്തുകളില്‍ ബൗണ്ടറി വഴങ്ങേണ്ടിവന്നത് ഫ്ലിന്റോഫിനെ ചൊടിപ്പിച്ചു. അതോടെ ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മറുവശത്തേക്ക് നടക്കുകയായിരുന്ന എന്റെ സമീപമെത്തി ഫ്ലിന്റോഫ് പറഞ്ഞു, എന്ത് മോശം ഷോട്ടുകളാണ് നീ കളിച്ചതെന്ന്. അദ്ദേഹം പറഞ്ഞ അതേവാക്കുകള്‍ എനിക്ക് പരസ്യമായി പറയാനാവില്ല. എങ്കിലും അദ്ദേഹം പറഞ്ഞത് വ്യക്തമാവാത്തതിനാല്‍ എന്താണ് പറഞ്ഞതെന്ന് ഞാന്‍ ചോദിച്ചു. അതൊരു തര്‍ക്കത്തിലാണ് കലാശിച്ചത്.
ഫ്ലിന്റോഫ് എന്നോട് പറഞ്ഞു, പുറത്തേക്ക് വാ, നിന്റെ തലവെട്ടുമെന്ന്. അതിന് മറപടിയായി ഞാന്‍ പറഞ്ഞു,എന്റെ കൈയിലെ ഈ ബാറ്റ് കണ്ടോ, ഇതുകൊണ്ട് നിന്റെ ഏതു ഭാഗത്താണ് ഞാന്‍ അടിക്കുകയെന്ന് പറയാനാവില്ല. ഇത്രയുമായപ്പോഴേക്കും അമ്പയര്‍ ഇടപെട്ടു.പക്ഷേ,ആ വഴക്കോടെ എനിക്ക് കടുത്ത ദേഷ്യമായി. എല്ലാ പന്തും അടിച്ചുപറത്താനാണ് തോന്നിയത്.അത് എന്റെ ദിനമായിരുന്നതിനാല്‍ എല്ലാം കൃത്യമായ-യുവി പറഞ്ഞു.
ഇന്ന് ആ സിക്സറുകള്‍ അടിക്കുന്നതിന്റെ വിഡിയോ കാണുമ്പോള്‍ എനിക്ക് അത്ഭുതം തോന്നും.ആദ്യത്തെ ഷോട്ടൊക്കെ എങ്ങനെ കളിച്ചെന്ന് ഇന്നും എനിക്കറിയില്ല. രണ്ടും മൂന്നും ഷോട്ടുകള്‍ മികച്ചതായിരുന്നു.പോയന്റ് വഴി നേടിയ നാലാമത്തെ സിക്സറും വിസ്മയമാണ്. അതിനു മുമ്പ് പോയന്റ് വഴി ഒരു ഫോറു പോലും നേടിയിട്ടില്ലാത്ത ആളാണ് ഞാന്‍- യുവരാജ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!