തളര്‍ന്നുവീണ പക്ഷിയുടെ രക്ഷകനായി ധോണി; ആ കഥ പറഞ്ഞ് സിവ

By Web TeamFirst Published Jun 9, 2020, 11:15 PM IST
Highlights

എനിക്കതിനെ പറഞ്ഞുവിടാന്‍ മനസുണ്ടായിരുന്നില്ല. അതിനെ വീട്ടില്‍ തന്നെ നിര്‍ത്തണമെന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷെ, അമ്മ പറഞ്ഞു അതിന് അതിന്റെ അമ്മയുടെ അടുത്ത് പോവണ്ടേ എന്ന്. എനിക്കുറപ്പുണ്ട്, ആ സുന്ദരി പക്ഷിയെ ഞാന്‍ വീണ്ടും കാണും

റാഞ്ചി: രാജ്യം ലോക്ഡൗണിലായ കോവിഡ് കാലത്ത് റാഞ്ചിയിലെ ഫാം ഹൗസില്‍ കുടുംബത്തോടൊപ്പം കഴിയുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എം എസ് ധോണി. മകള്‍ക്കൊപ്പം കളിച്ചും ബൈക്കും ട്രാക്ടറുമെല്ലാം ഓടിച്ചും അപ്രതീക്ഷിതമായി കിട്ടിയ അവധിക്കാലം ആഘോഷിക്കുന്ന ധോണിയുടെ ചിത്രങ്ങളും വീഡിയോയും ഭാര്യ സാക്ഷി ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. എന്നാലിപ്പോള്‍ വീട്ടുമുറ്റത്ത് തളര്‍ന്നുവീണുകിടന്ന പക്ഷിക്കുഞ്ഞിനെ ധോണി രക്ഷിച്ച കഥ പറയുകയാണ് ധോണിയുടെ അഞ്ചു വയസുകാരിയായ മകള്‍ സിവ. സ്വന്തം ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് സിവ ധോണിയുടെ സഹായത്തില്‍ ജീവന്‍ തിരിച്ചുകിട്ടിയ പക്ഷിക്കുഞ്ഞിന്റെ കഥ വിവരിക്കുന്നത്.

'ഇന്ന് വൈകുന്നേരമാണ് വീട്ടുമുറ്റത്തെ പുല്‍ത്തകിടിയില്‍  പക്ഷിക്കുഞ്ഞ് വീണു തളര്‍ന്നു കിടക്കുന്നത് ഞാന്‍ കണ്ടത്. ഉടനെ ഞാന്‍ അലറിവിളിച്ച് അച്ഛനെയും അമ്മയെയും വിളിച്ചുവരുത്തി.അച്ഛന്‍ വന്ന് അതിനെ പതുക്കെ കൈയിലെടുത്ത് കുറേശ്ശെ വെള്ളം കൊടുത്തു. അച്ഛന്‍ കൈയിലെടുത്തപ്പോള്‍ അത് കണ്ണടച്ചു കിടക്കുകയായിരുന്നു. വെള്ളം കുടിച്ചു കുറച്ചു കഴിഞ്ഞപ്പോള്‍ അത് പതുക്കെ കണ്ണു തുറന്നു. ഞങ്ങള്‍ക്കെല്ലാം അത് കണ്ട് സന്തോഷമായി.

പിന്നെ ഞങ്ങള്‍ ഒരു കൂടയെടുത്ത് ഒരു വലിയ ഇല അതിന് മുകളിലിട്ട് പക്ഷിക്കുഞ്ഞിന് അതിന് മുകളില്‍ ഇരുത്തി. അമ്മ പറഞ്ഞത് അത് ചെങ്കോട്ടി പക്ഷിയാണെന്നാണ്. എന്തൊരു സുന്ദരി പക്ഷിയായിരുന്നെന്നോ അത്. കുറച്ചുനേരം അങ്ങനെ ഇരുന്നിട്ട് പെട്ടെന്ന് അത് പറന്നു പോയി. എനിക്കതിനെ പറഞ്ഞുവിടാന്‍ മനസുണ്ടായിരുന്നില്ല. അതിനെ വീട്ടില്‍ തന്നെ നിര്‍ത്തണമെന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷെ, അമ്മ പറഞ്ഞു അതിന് അതിന്റെ അമ്മയുടെ അടുത്ത് പോവണ്ടേ എന്ന്. എനിക്കുറപ്പുണ്ട്, ആ സുന്ദരി പക്ഷിയെ ഞാന്‍ വീണ്ടും കാണും. സിവ ധോണി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ഇനിയും വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടാല്ലാത്ത ധോണി കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പിനുശേഷം ഇന്ത്യക്കായി കളിച്ചിട്ടില്ല. ഐപിഎല്ലില്‍ കളിക്കാനായി ചെന്നൈയില്‍ പരിശീലനത്തിന് എത്തിയിരുന്നെങ്കിലും രാജ്യത്ത് കൊവിഡ് രോഗബാധയെത്തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പെ ധോണി റാഞ്ചിയില്‍ തിരിച്ചെത്തിയിരുന്നു. റാഞ്ചിയിലെ ഫാം ഹൗസില്‍ കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പമാണ് കഴിഞ്ഞ രണ്ട് മാസമായി ധോണി കഴിയുന്നത്. ഈ വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിനുളള ഇന്ത്യന്‍ ടീമില്‍ ധോണി ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകരിപ്പോഴും.

click me!