
ദില്ലി: ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ-ബംഗ്ലാദേശ് മത്സരം പുരോഗമിക്കുമ്പോള്‍ ലോകത്തിന്‍റെ കണ്ണ് ഗ്യാലറിയിലിരുന്ന ഒരു 'കട്ട' ഇന്ത്യന്‍ ആരാധകയിലായിരുന്നു, ഇന്ത്യന്‍ ടീമിന്‍റെ കടുത്ത ആരാധികയായ 87-കാരി ചാരുലത പട്ടേലില്‍. ഗ്യാലറിയില്‍ വൂസാല ഈതി ഇന്ത്യന്‍ ടീമിനെ പ്രോത്സാഹിപ്പിച്ച മുത്തശ്ശി മത്സരം അവസാനിച്ചപ്പോഴേക്കും സോഷ്യല്‍ മീഡിയയിലും താരമായി.
ഇതോടെ മുത്തശ്ശിയുടെ ക്രിക്കറ്റ് പ്രേമത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. ഇന്ത്യന്‍ ടീമിന്‍റെ ഇനിയുള്ള മത്സരങ്ങള്‍ നേരിട്ട് കാണാനായി മുത്തശ്ശിക്ക് ടിക്കറ്റുകള്‍ നല്‍കുമെന്നാണ് ആനന്ദ് മഹീന്ദ്ര അറിയിച്ചത്.
'ക്രിക്കറ്റ് ആരാധകനായ ഞാന്‍ കാണുന്ന മത്സരങ്ങളിലൊന്നും ഇന്ത്യ ജയിക്കാറില്ലെന്നും അതിനാല്‍ തന്നെ ഇന്ത്യയുടെ കളി ടിവിയില്‍ കാണാതെ സ്കോര്‍ മാത്രം അറിയുന്നതാണ് പതിവ്. എന്നാല്‍ ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തില്‍ കുറച്ചുസമയം ടിവി കാണാനിടയായി. അപ്പോഴാണ് സ്ക്രീനില്‍ ടീം ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്ന മുത്തശ്ശി കൗതുകമുണര്‍ത്തിയത്'- ആനന്ദ് മഹീന്ദ്ര പറഞ്ഞു.
മുത്തശ്ശി ആരാണെന്ന് അന്വേഷിച്ചുകൊണ്ട് അദ്ദേഹം ട്വീറ്റും ചെയ്തിരുന്നു. മുത്തശ്ശിയെ കുറിച്ച് വിവരം ലഭിച്ചാല്‍ ഇനി വരുന്ന മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിന്‍റെ കളി കാണാനുള്ള ടിക്കറ്റുകള്‍ മുത്തശ്ശിക്ക് നല്‍കുമെന്നും ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു.
മത്സരത്തില്‍ ബംഗാള്‍ കടുവകളെ ഇന്ത്യന്‍ ടീം കൂട്ടിലടച്ചപ്പോള്‍ ടീമിനൊപ്പം താരപരിവേഷം ലഭിച്ച മുത്തശ്ശിയെ കാണാന്‍ നായകന്‍ വിരാട് കോലിയും രോഹിത് ശര്‍മയും എത്തിയിരുന്നു. ക്രിക്കറ്റിനെയും ഇന്ത്യന്‍ ടീമിനെയും ഇത്രത്തോളം സ്നേഹിക്കുന്ന മുത്തശ്ശിക്ക് ആനന്ദ് മഹീന്ദ്രയുടെ പ്രഖ്യാപനത്തോടെ ഇനി തന്‍റെ പ്രിയപ്പെട്ട ടീമിന്‍റെ മത്സരങ്ങള്‍ ആവേശം ഒട്ടും ചോരാതെ ഗ്യാലറിയിലിരുന്ന് തന്നെ കാണാം.