കളിക്കിടെ തെറിവിളി; ജയത്തിന് പിന്നാലെ ഓസ്‌ട്രേലിയന്‍ താരത്തിന് ഐസിസിയുടെ കുടുക്ക്

By Web TeamFirst Published Jun 7, 2019, 6:05 PM IST
Highlights

വെസ്റ്റ് ഇന്‍ഡീസിനെതിരെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയതിന് പിന്നാലെ ഓസ്‌ട്രേലിയന്‍ സ്‌പിന്നര്‍ക്ക് ഐസിസിയുടെ വക കണക്കിന് കിട്ടി. 

ലണ്ടന്‍: ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയതിന് പിന്നാലെ ഓസ്‌ട്രേലിയന്‍ സ്‌പിന്നര്‍ ആദം സാംപയ്‌ക്ക് ഐസിസിയുടെ ശകാരം. വിന്‍ഡീസിന് എതിരായ മത്സരത്തിനിടെ അസഭ്യം പറഞ്ഞതായി തെളിഞ്ഞതിനെ തുടര്‍ന്ന് ലെവല്‍ ഒന്ന് കുറ്റം ചുമത്തിയ സാംപയ്ക്ക് ഐസിസി ഒരു ഡീ മെറിറ്റ് പോയിന്‍റ് ഏര്‍പ്പെടുത്തി. 

വെസ്റ്റ് ഇന്‍ഡീസ് ഇന്നിംഗ്‌സിലെ 29-ാം ഓവറിലായിരുന്നു സംഭവം. സാംപ അസഭ്യം പറഞ്ഞത് ഫീല്‍ഡ് അംപയര്‍മാര്‍ കേട്ടിരുന്നു. ഐസിസി ശിക്ഷാ നിയമത്തിലെ 2.3 വകുപ്പ് സാംപ ലംഘിച്ചതായാണ് കണ്ടെത്തല്‍. കുറ്റം സമ്മതിച്ച ഓസ്‌ട്രേലിയന്‍ താരം മാച്ച് റഫറി ജെഫ് ക്രോ നിര്‍ദേശിച്ച ശിക്ഷാനടപടി സ്വീകരിച്ചു. സാംപ 10 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നേടി 58 റണ്‍സ് വഴങ്ങിയ മത്സരത്തില്‍ ഓസ‌ട്രേലിയ 15 റണ്‍സിന് വിജയിച്ചിരുന്നു. 

ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ് ആരംഭിച്ച ഓസീസ് 49 ഓവറില്‍ 288ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങില്‍ വിന്‍ഡീസിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സെടുക്കാനാണ് സാധിച്ചത്. അഞ്ച് വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് വിന്‍ഡീസിനെ തകര്‍ത്തത്. നേരത്തെ വാലറ്റക്കാരന്‍ നഥാന്‍ കോള്‍ട്ടര്‍ നൈലിന്റെയും (60 പന്തില്‍ 92) മുന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിന്റെ (73)യും അര്‍ധ സെഞ്ചുറിയാണ് ഓസീസിന് പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ചത്.

click me!