
ജോധ്പുര്‍: പാക് ഹിന്ദു അഭയാര്‍ഥി കുടുംബത്തിലെ 11 പേരെ ജോഥ്പുരിനടുത്തുള്ള ഫാമില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ചയാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. നാല് സ്ത്രീകള്‍, അഞ്ച് കുട്ടികള്‍, രണ്ട് പുരുഷന്മാര്‍ എന്നിവരാണ് മരിച്ചത്. കുടിലിന് പുറത്ത് കിടന്നുറങ്ങിയ കുടുംബത്തിലെ മറ്റൊരാള്‍ക്ക് അപകടമൊന്നുമില്ല.
ജോധ്പുരില്‍ നിന്നും 100 കിലോമീറ്റര്‍ അകലെ ദെച്ചു ഏരിയയിലെ ലോഡ്ത ഗ്രാമത്തിലായിരുന്നു ഇവര്‍ കുടില്‍കെട്ടി താമസിച്ചിരുന്നത്. എന്താണ് സംഭവിച്ചതെന്നത് വ്യക്തമായിട്ടില്ലെന്നും ശനിയാഴ്ച രാത്രിയാണ് ഇവര്‍ മരിച്ചതെന്നും എസ്പി രാഹുല്‍ ബര്‍ഹത് മാധ്യമങ്ങളോട് പറഞ്ഞു. വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഭില്‍ സമുദായത്തിലുള്‍പ്പെട്ട കുടുംബം 2015ലാണ് ദീര്‍ഘകാലത്തേക്ക് വിസയെടുത്ത് പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ നിന്ന് ഇവിടെയെത്തുന്നത്. കഴിഞ്ഞ ആറ് മാസമായി ഇവര്‍ പാട്ടകൃഷി ചെയ്യുകയായിരുന്നു. മൃതദേഹങ്ങളില്‍ പരിക്കേറ്റ അടയാളങ്ങളൊന്നുമില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണം എന്താണെന്ന് വ്യക്തമാകൂ. അശോക് ഗെലോട്ട് ഭരണത്തിന്റെ നേര്‍ ചിത്രമാണ് അഭയാര്‍ത്ഥി കുടുംബത്തിന്റെ മരണമെന്ന് ബിജെപി നേതാവും എംപിയുമായ ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam