പേട്ട സിഐയെ ആക്രമിച്ച കേസ്; 14 അതിഥി തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു

By Web TeamFirst Published May 13, 2020, 1:06 AM IST
Highlights

പേട്ട സിഐ ഗിരിലാലിനെ കല്ലെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അതിഥി തൊഴിലാളികളുടെ അറസ്റ്റ്

തിരുവനന്തപുരം: ലോക്ക് ഡൗണില്‍ നാട്ടിലേക്ക് മടങ്ങാൻ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയ അതിഥി തൊഴിലാളികള്‍ പേട്ട സിഐയെ ആക്രമിച്ച സംഭവത്തില്‍ 14 പേര്‍ അറസ്റ്റില്‍. പേട്ട സിഐ ഗിരിലാലിനെ കല്ലെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അതിഥി തൊഴിലാളികളുടെ അറസ്റ്റ്.

നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ടാണ് ഒരു വാതിൽകോട്ടയിൽ 670 ഓളം അതിഥി തൊഴിലാളികള്‍ സംഘടിതമായി റോഡിലിറങ്ങിയത്. തിരുവനന്തപുരത്തെ മാളിന്‍റെ ജോലിക്കായി എത്തിയതായിരുന്നു തൊഴിലാളികള്‍. കനത്ത മഴയെയും അവഗണിച്ചായിരുന്നു തൊഴിലാളികളുടെ പ്രതിഷേധം. മറ്റ് ജില്ലകളില്‍ നിന്നുള്ള പല തൊഴിലാളികളും മടങ്ങിപ്പോയെങ്കിലും തിരുവനന്തപുരത്ത് ഉള്ളവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ കഴിഞ്ഞില്ലെന്നാണ് പ്രതിഷേധക്കാര്‍ പറഞ്ഞത്. 

പൊലീസ് ആദ്യം സമാധാനപ്പെടുത്തി ക്യാമ്പിലേക്ക് കയറ്റി. എന്നാല്‍, വീണ്ടും പുറത്തിറങ്ങി തൊഴിലാളികള്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. കല്ലേറിൽ സിഐ ഗിരിലാലിൻറെ തലക്ക് പരിക്കേല്‍ക്കുകയായിരുന്നു. വധശ്രമം, പൊലീസിനെ ആക്രമിക്കൽ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. പ്രകോപിതരായി പുറത്തിറങ്ങിയ ഇതരസംസ്ഥാന തൊഴിലാളികളെ രാത്രി ഏറെപ്പണിപ്പെട്ടാണ് പൊലീസ് ക്യാമ്പിലേക്ക് കയറ്റിയത്.

Read more: തിരുവനന്തപുരത്ത് പൊലീസും അതിഥി തൊഴിലാളികളും തമ്മില്‍ സംഘര്‍ഷം, കല്ലേറില്‍ സിഐയ്ക്ക് പരിക്ക്

click me!