കടം വാങ്ങിയ പണത്തിനായി ബന്ധുവിന്‍റെ ക്വട്ടേഷൻ; 14 കാരനെ തട്ടികൊണ്ടുപോയ സംഭവത്തിൽ 'ട്വിസ്റ്റ്'

By Web TeamFirst Published Sep 7, 2022, 9:08 AM IST
Highlights

രണ്ട് ദിവസത്തെ നിരീക്ഷണത്തിന് ശേഷമാണ് സംഘം കുട്ടിയെ തട്ടി കൊണ്ടുപോയത്. മർത്താണ്ഡം സ്വദേശി ബിജുവിനെ പൊലീസ് പിടികൂടി. മറ്റ് പ്രതികൾ രക്ഷപ്പെട്ടു. പ്രതികള്‍ സഞ്ചരിച്ച കാറും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

കൊല്ലം: കൊല്ലം കൊട്ടിയത്ത് നിന്ന് 14 കാരനെ തട്ടികൊണ്ടുപോയ സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് 14 കാരനെ സംഘം തട്ടിക്കൊണ്ട് പോയത്. കുട്ടിയുടെ കുടുംബം ബന്ധുവിൽ നിന്നും 10 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ നൽകിയില്ല. പണം വാങ്ങിയെടുക്കാൻ ബന്ധുവിന്‍റെ മകൻ ക്വട്ടേഷൻ നൽകുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. തമിഴ്നാട് സംഘം കൊട്ടിയത്തെ വീട്ടിൽ നിന്ന് കുട്ടിയെ തട്ടി കൊണ്ടുപോകുന്ന ദ്യശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

സിനിമയെ വെല്ലുന്ന ഓപ്പറേഷനാണ് പൊലീസ് നടത്തിയത്. തട്ടിക്കൊണ്ടുപോയി മണിക്കൂറുകള്‍ക്കുള്ളില്‍ കുട്ടിയെ കണ്ടെത്താനും പൊലീസിനായായി. കുട്ടിയെ തട്ടിക്കൊണ്ടുപോകാനുപയോഗിച്ച വാഹനവും സംഘത്തിലെ ഒരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബന്ധുവായ ഫിസിയോ തെറാപ്റ്റിസാണ് കുട്ടിയ തട്ടിക്കൊണ്ടുപോകാന്‍ ക്വട്ടേഷൻ നൽകിയത്. കുട്ടിയെ തട്ടികൊണ്ടുപോകാന്‍ ഒരു ലക്ഷം രൂപക്കാണ് ക്വട്ടേഷൻ നൽകിയത്. രണ്ട് ദിവസത്തെ നിരീക്ഷണത്തിന് ശേഷമാണ് സംഘം കുട്ടിയെ തട്ടി കൊണ്ടുപോയത്. കുട്ടിയെ തട്ടിയെടുത്ത് തമിഴ്‌നാട് മാർത്താണ്ഡത്തേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം. ഒമ്പത് പേരാണ് സംഘത്തിലുണ്ടായിരുന്നത്. പാറശാല പൊലീസാണ് കുട്ടിയെ രക്ഷിച്ചത്. മർത്താണ്ഡം സ്വദേശി ബിജുവിനെ പൊലീസ് പിടികൂടി. മറ്റ് പ്രതികൾ രക്ഷപ്പെട്ടു. പ്രതികള്‍ സഞ്ചരിച്ച കാറും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

നിലവില്‍ ഒരാള്‍ മാത്രമാണ് പൊലീസ് കസ്റ്റഡിയിലെങ്കിലും സംഘത്തിലെ എല്ലാവരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ന് തന്നെ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാനാകുമെന്നാണ് പൊലീസ് പ്രതീക്ഷ. ഇതിനായി തമിഴ്നാട് പൊലീസുമായി യോജിച്ചുള്ള ഓപറേഷനാണ് കേരളാ പൊലീസ് നടത്തുന്നത്. ഡോക്ടറുള്‍പ്പെടെയുള്ള സംഘമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലുള്ളതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന് പിന്നില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്നും പൊലീസ് സംശയിക്കുന്നു. 

tags
click me!