ട്യൂഷൻ ക്ലാസിലേക്ക് പോയ പതിനൊന്നുകാരനെ തട്ടികൊണ്ടു പോയി; പതിനേഴുകാരി അറസ്റ്റിൽ

By Web TeamFirst Published Mar 4, 2019, 10:48 PM IST
Highlights

പണത്തിനു വേണ്ടിയായിരുന്നു കുട്ടിയെ തട്ടികൊണ്ട് പോയതെന്നും, കുട്ടിയുടെ അമ്മയെ നേരത്തെ അറിയാമായിരുന്നുവെന്നും പെൺകുട്ടി പൊലീസിൽ മൊഴി നൽകി.
 

മുംബൈ: ട്യൂഷൻ ക്ലാസിലേക്ക് പോയ പതിനൊന്നുകാരനെ തട്ടികൊണ്ടു പോയ സംഭവത്തിൽ പതിനേഴുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. കുട്ടിയെ തട്ടിക്കൊണ്ട് പോയി മോചനദ്രവ്യം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പതിനേഴുകാരി പൊലീസ് പിടിയിലായത്.

ശനിയാഴ്ച വൈകുന്നേരം ട്യൂഷൻ ക്ലാസിലേക്ക് പോയ കുട്ടിയെ കാണാതാവുകയായിരുന്നു. അന്നേദിവസം രാത്രി കുട്ടിയുടെ വീട്ടിലേക്ക് സ്ത്രീ ശബ്ദത്തിലുള്ള ഫോൺ കോൾ വന്നു. കുട്ടിയെ വിട്ടുകിട്ടണമെങ്കിൽ ആറ് ലക്ഷം രൂപ നൽകണമെന്നും അല്ലെങ്കിൽ കുട്ടിയെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ന​ഗരപ്രദേശത്ത് നിർത്തിയിട്ടിരിക്കുന്ന ബൈക്കിൽ പണം വയ്ക്കണമെന്നായിരുന്നും കുട്ടിയുടെ അമ്മയോട് ആവശ്യപ്പെട്ടു.

ഇതേ തുടർന്ന് അമ്മ സമീപത്തുള്ള ജ്വല്ലറിയിൽ ജോലി ചെയ്യുന്ന ഭർത്താവിനെ വിവരം അറിയിക്കാൻ പോകുന്ന വഴിയിൽ, കരഞ്ഞുകൊണ്ട് നിൽക്കുന്ന മകനെ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ പിടിയിൽ നിന്നും രക്ഷപ്പെട്ടെത്തിയതാണ് താൻ എന്ന് കുട്ടി മാതാപിതാക്കളോട് പറഞ്ഞു.

തുടർന്ന് പൊലീസിന്റെ നിർദേശപ്രകാരം, പറഞ്ഞ സ്ഥലത്ത് ബാഗ് വച്ചു. ബാഗ് എടുക്കാനെത്തിയ പെൺകുട്ടിയെ പൊലീസ് കയ്യോടെ പിടികൂടുകയായിരുന്നു. പണത്തിനു വേണ്ടിയാണ്  ഇങ്ങനെ കാണിച്ചതെന്നും, കുട്ടിയുടെ അമ്മയെ നേരത്തെ അറിയാമായിരുന്നുവെന്നും പെൺകുട്ടി പൊലീസിൽ മൊഴി നൽകി.
 

click me!