
കോഴിക്കോട്: കോഴിക്കോട് (kozhikode) തൊട്ടിൽപ്പാലത്തിനടുത്ത് പതിനേഴുകാരിയായ ദളിത് പെൺകുട്ടിയെ ബലാത്സംഗം (rape) ചെയ്ത നാല് യുവാക്കൾ അറസ്റ്റിൽ. പ്രണയം നടിച്ച് ആൺസുഹൃത്തും കൂട്ടുകാരും ചേർന്ന് ശീതള പാനീയത്തില്‍ മയക്കുമരുന്ന് കലർത്തി നല്‍കിയാണ് പെൺകുട്ടിയെ ക്രൂരപീഡനത്തിന് ഇരയാക്കിയത്.
ഈ മാസം മൂന്നിനാണ് സംഭവം. പെൺകുട്ടിയുടെ സുഹൃത്ത് വിനോദസഞ്ചാര കേന്ദ്രത്തിലേക്കെന്ന പേരിലാണ് കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് അവിടെ വച്ച് മയക്കുമരുന്ന് ചേർത്ത ശീതളപാനീയം നൽകിയ ശേഷമായിരുന്നു പീഡനം. കായക്കൊടി കുറ്റ്യാടി സ്വദേശികളായ സായൂജ്, ഷിബു, രാഹുല്‍, അക്ഷയ് എന്നിവരെ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് അറസ്റ്റ് ചെയ്തതു. ഇവർക്കെതിരെ പോക്സോ, കൂട്ടബലാത്സംഗം, ദളിതർക്കെതിരായ അതിക്രമം തടയൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.
പീഡനത്തിന് ശേഷം വൈകീട്ട് ബോധം തെളിഞ്ഞ പെൺകുട്ടിയെ യുവാക്കൾ വഴിയിലിറക്കിവിട്ടു. സംഭവം പുറത്തുപറഞ്ഞാൽ അപായപ്പെടുത്തുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തി. സംഭവത്തിന് ശേഷം പെൺകുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റം കണ്ട വീട്ടുകാർ കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്നു. പെൺകുട്ടി ആത്മഹത്യ പ്രവണതയുൾപ്പെടെ പ്രകടിപ്പിക്കുന്നുണ്ടെന്നും കൗൺസിലിംഗിന് വിധേയയാക്കുമെന്നും പൊലീസ് പറഞ്ഞു. നാദാപുരം എഎസ്പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.