
അഹമ്മദാബാദ്: സ്ത്രീകളുടെ ചിത്രങ്ങളെടുത്ത് മോർഫ് ചെയ്ത് അപകീർത്തികരമായ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന 19കാരൻ അറസ്റ്റിൽ. മുംബൈയിൽ നിന്നുള്ള യുവതിയാണ് മോർഫ് ചെയ്ത ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് കാട്ടി പൊലീസിൽ പരാതി നൽകിയത്. സാമൂഹ്യമാധ്യമങ്ങളിൽ നിന്ന് ചിത്രങ്ങളെടുത്താണ് മോർഫ് ചെയ്തതെന്നും പണം നൽകിയാൽ അത്തരം ദൃശ്യങ്ങൾ പ്രചരിപ്പിക്കില്ലെന്നും യുവാവ് അറിയിച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
2022 ജൂലായിലാണ് യുവതി പരാതിയുമായി മുംബൈ പൊലീസ് സ്റ്റേഷനിൽ എത്തുന്നത്. തന്റെ ചിത്രങ്ങളെടുത്ത് അപകീർത്തികരമായി പ്രചരിപ്പിക്കുകയാണെന്നും നാലായിരം രൂപ നൽകിയാൽ പ്രചരിപ്പിക്കില്ലെന്ന് പ്രതി പറഞ്ഞതായുമാണ് പരാതി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 19കാരനായ ഗുജറാത്ത് സ്വദേശി ആദിത്യ പ്രശാന്ത് അറസ്റ്റിലാവുന്നത്. ഇയാൾ ഗാന്ധി നഗറിലെ മാസ്ക് നിർമ്മാണ കമ്പനിയിലാണ് ജോലി ചെയ്തു വന്നിരുന്നത്.
ഇയാൾ നിരവധി സ്ത്രീകളുടെ ദൃശ്യങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിട്ടുണ്ടെന്ന് പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി.39 സ്ത്രീകളുടെ ദൃശ്യങ്ങളാണ് ഇയാൾ പ്രചരിപ്പിച്ചിട്ടുള്ളത്. സാമൂഹ്യമാധ്യമ അക്കൗണ്ടുകളിൽ നിന്നാണ് ഇയാൾ ചിത്രങ്ങളെടുക്കുന്നത്. പിന്നീട് മോർഫ് ചെയ്ത് അപകീർത്തികരമായ ദൃശ്യങ്ങളാക്കി മാറ്റും. പിന്നീട് സ്ത്രീകളെ വിളിച്ച് പണം ആവശ്യപ്പെടുമെന്നും കേസിന് നേതൃത്വം നൽകുന്ന അന്റോപ്പ് ഹിൽ പൊലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ നാസിർ കുൽക്കർണി പറയുന്നു.
ഇയാൾക്കെതിരെ സമാനരീതിയിലുള്ള പരാതിയുമായി 22 സ്ത്രീകൾ രംഗത്തെത്തിയിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് കേസിൽ അന്വേഷണം നടത്തിവരികയാണ്. അതേസമയം, ഇരയാക്കപ്പെട്ടവരിൽ ചില സ്ത്രീകൾ ആത്മഹത്യ ചെയ്തതായും പൊലീസ് പറഞ്ഞു. ഐടി നിയമം 67 എ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിക്ക് പിന്നീട് കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചു.