
മുംബൈ: ഫോണിലേക്ക് വന്ന വ്യാജ സന്ദേശത്തിൽ ക്ലിക്ക് ചെയ്തതിന് പിന്നാലെ സ്വകാര്യ ബാങ്കിലെ നാൽപതോളം ഉപഭോക്താക്കൾ പണം നഷ്ടപ്പെട്ടതിൽ മുന്നറിയിപ്പുമായി പൊലീസ്. മുംബൈയിൽ മറാത്തി നടിയടക്കം 40 പേർക്കാണ് പണം നഷ്ടമായത്. കെവൈസി, പാൻ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതിനായി ക്ലിക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഫോണിലേക്ക് അയച്ച സന്ദേശത്തിൽ ക്ലിക്ക് ചെയ്തതോടെയാണ് പണം നഷ്ടപ്പെട്ടത്. ലിങ്കിൽ ക്ലിക്ക് ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ മുംബൈയിലെ ഒരു സ്വകാര്യ ബാങ്കിലെ 40 ഇടപാടുകാരിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിപ്പ് സംഘം കവർന്നതായി ഉപഭോക്താക്കൾ പരാതിപ്പെട്ടു.
ബാങ്ക് ഉപഭോക്താക്കളുടെ രഹസ്യ വിവരങ്ങൾ ചോദിക്കുന്ന ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുംബൈ പൊലീസ് മുന്നറിയിപ്പ് നൽകി. ഉപഭോക്താക്കൾക്ക് KYC/PAN കാർഡ് വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യാത്തതിന്റെ പേരിൽ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്‌തിരിക്കുന്നുവെന്ന് കാണിച്ചാണ് തട്ടിപ്പുകാർ ഫിഷിംഗ് ലിങ്കുകൾ എസ്എംഎസ് ആയി അയക്കുന്നത്. അത്തരം ലിങ്കുകൾ ഉപഭോക്താക്കളെ ബാങ്കിന്റെ വ്യാജ വെബ്‌സൈറ്റിലേക്ക് എത്തിക്കും. പിന്നീട് കസ്റ്റമർ ഐഡി, പാസ്‌വേഡ്, മറ്റ് രഹസ്യ വിശദാംശങ്ങൾ നൽകാൻ ആവശ്യപ്പെടും. ടിവി നടി ഉൾപ്പെടെയുള്ളവർക്കാണ് പണം നഷ്ടമായത്.
കഴിഞ്ഞ വ്യാഴാഴ്ച ബാങ്കിൽ നിന്നുള്ളതാണെന്ന് വിശ്വസിച്ച് വ്യാജ സന്ദേശത്തിൽ നിന്നുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തതായി മേമൻ പരാതിയിൽ പറഞ്ഞു. പിന്നീട് തുറന്ന വെബ്സൈറ്റിൽ ആവശ്യപ്പെട്ട വിവരങ്ങൾ നൽകി. ബാങ്ക് ഉദ്യോഗസ്ഥനെന്ന വ്യാജേന ഒരു സ്ത്രീയിൽ നിന്ന് തനിക്ക് ഒരു ഫോൺ കോൾ ലഭിച്ചതായും മൊബൈൽ നമ്പറിൽ ലഭിച്ച ഒടിപി കൈമാറാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് തന്റെ അക്കൗണ്ടിൽ നിന്ന് 57,636 രൂപ നഷ്ടപ്പെട്ടതായി നടി പരാതിപ്പെട്ടു. നിരവധി പേരാണ് സമാനമായ തട്ടിപ്പിനിരയായതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam