
റായ്പുർ: കാമുകിയ്ക്കൊപ്പം ഹോട്ടലിലെത്തിയ യുവാവിനെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ഛത്തീസ്ഗഢിലെ ഭിലായിലാണ് സംഭവം. കലാകാരനും ഡ്രമ്മറുമായ 19-കാരനാണ് മരിച്ചത്. അതേസമയം, സംഭവം കൊലപാതകമാണെന്നും കാമുകിയ്ക്ക് ഇതിൽ പങ്കുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും യുവാവിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച രാത്രിയാണ് 23-കാരിയായ കാമുകിയ്ക്കൊപ്പം യുവാവ് ഹോട്ടലിൽ മുറിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഹോട്ടിലിൽവെച്ച് ഇരുവരും മദ്യപിച്ചതായി കാമുകിയും മൊഴി നൽകിയിട്ടുണ്ട്. ഇതിനിടെ യുവാവിന് വന്ന ഒരു ഫോൺകോളിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. കലഹത്തിനിടെ യുവതി ബ്ലേഡ് കൊണ്ട് കൈയിൽ സ്വയം മുറിവേൽപ്പിച്ചു. പിന്നാലെ മദ്യലഹരിയിലായിരുന്ന തനിക്ക് ബോധം നഷ്ടമായെന്നും ബുധനാഴ്ച രാവിലെ ബോധം വീണ്ടെടുത്തപ്പോഴാണ് ഫാനിൽ തൂങ്ങിയനിലയിൽ യുവാവിനെ കണ്ടതെന്നുമാണ് യുവതിയുടെ മൊഴി.
ഫാനിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയ യുവാവിനെ യുവതി തന്നെ കെട്ടഴിച്ച് താഴെ ഇറക്കുകയായിരുന്നു. തുടർന്ന് സുഹൃത്തുക്കളെ വിവരമറിയിച്ച് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തേ മരണം സംഭവിച്ചിരുന്നു.
അതേസമയം, സംഭവം കൊലപാതകമാണെന്നാണ് യുവാവിന്റെ ബന്ധുക്കളുടെ ആരോപണം. ആറുമാസം മുൻപാണ് യുവാവും യുവതിയും അടുപ്പത്തിലായത്. പലതവണ ഇവർ ഒരുമിച്ച് ഹോട്ടലുകളിൽ താമസിച്ചിട്ടുണ്ട്. യുവതി നേരത്തേ യുവാവിനെ മർദിച്ച സംഭവവുമുണ്ടായി. യുവാവിന്റെ മൃതദേഹത്തിൽ പലയിടത്തായി പരിക്കേറ്റ പാടുകളുണ്ടെന്നും യുവാവ് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ബന്ധുക്കൾ പറഞ്ഞു.
അതിനിടെ, സംഭവത്തിൽ എല്ലാവശങ്ങളും പരിശോധിച്ചുവരികയാണെന്ന് പോലീസ് സൂപ്രണ്ട് വിജയ് അഗർവാൾ മാധ്യമങ്ങളോട് പറഞ്ഞു. ചൊവ്വാഴ്ച രാത്രി ഇരുവരും നന്നായി മദ്യപിച്ചിരുന്നു. യുവാവ് തൂങ്ങിമരിച്ചതാണെന്ന് തന്നെയാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൂടുതൽ വ്യക്തത ലഭിക്കും. ഫൊറൻസിക് തെളിവുകളടക്കം ശേഖരിച്ചിട്ടുണ്ടെന്നും ആരോപണങ്ങൾക്ക് തെളിവ് ലഭിച്ചാൽ നടപടികളുണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam