നെട്ടൂരിൽ 19-കാരനെ വിളിച്ചുവരുത്തി കൊലപാതകം; യുവതി ഉള്‍പ്പെടെ രണ്ട് പേര്‍ കൂടി പിടിയിൽ

By Web TeamFirst Published Sep 25, 2020, 12:32 AM IST
Highlights

നെട്ടൂരില്‍ 19കാരനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ യുവതി ഉള്‍പ്പെടെ രണ്ട് പേര്‍ കൂടി പിടിയിലായി.

എറണാകുളം: നെട്ടൂരില്‍ 19കാരനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ യുവതി ഉള്‍പ്പെടെ രണ്ട് പേര്‍ കൂടി പിടിയിലായി. കുത്താനുപയോഗിച്ച കത്തിയും ഒപ്പം കഞ്ചാവും യുവതിയുടെ വാഹനത്തില്‍നിന്ന് പൊലീസ് കണ്ടെടുത്തു. കഞ്ചാവ് വില്‍പ്പന സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കമായിരുന്നു കൊലപാതകത്തില്‍ എത്തിയത്.

വൈറ്റില മരട് സ്വദേശിയായ 19കാരൻ ഫഹദിനെ കൊലപ്പെടുത്തിയ കേസിലാണ് രണ്ട് പേര്‍ കൂടി അറസ്റ്റിലായത്. വടകര സ്വദേശിയായ 25-കാരി അനില മാത്യുവും മരട് സ്വദേശി അതുല്‍ എഎസുമാണ് ഇന്ന് പിടിയിലാവര്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 16 ആയി. 

ഈ മാസം 12നാണ് ഫഹദ് കൊല്ലപ്പെട്ടത്. ഏതാനും മാസം മുമ്പ് കഞ്ചാവ് വില്‍പ്പന നടത്തിവന്ന ശ്രുതിയെന്ന പെണ്‍കുട്ടിയെ പനങ്ങാട് പൊലീസ് പിടികൂടിയിരുന്നു. ഇതോടെ ഈ പെണ്‍കുട്ടിയുടെ സംഘവും ഫഹദിന്‍റെ സംഘവും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായി. ഇത് പറഞ്ഞുതീര്‍ക്കാനെന്ന വ്യാജേന ഫഹദിനേയും കൂട്ടരേയും എതിർഘം വിളിച്ചുവരുത്തി. തുടര്‍ന്നായിരുന്നു കൊലപാതകം. 

മുഖ്യപ്രതികളായ പനങ്ങാട് സ്വദേശി ജയ്സണ്‍, ജോമോൻ, നിതിൻ എന്നിവര്‍ ഉള്‍പ്പെടെ 14 പേരെ കഴിഞ്ഞ ദിവസങ്ങളിലായി പൊലീസ് പിടികൂടിയിരുന്നു. അനിലയുടെ ഫ്ലാറ്റില്‍ വെച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കുത്താനുപയോഗിച്ച ആയുധം ഒളിപ്പിച്ചതും അനിലയാണ്. ഈ ആയുധം വാഹനത്തില്‍ നിന്ന് കണ്ടെടുത്തു. 

ഒപ്പം കഞ്ചാവ് പൊതികളും ഉണ്ടായിരുന്നു. കേസില്‍ ഇനിയും പ്രതികളെ പിടികൂടാനുണ്ട്. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷ്ണറുടെ മേല്‍നോട്ടത്തില്‍ പനങ്ങാട് സിഐ അനന്തലാലാണ് കേസ് അന്വേഷിക്കുന്നത്.

click me!