
കണ്ണൂർ: കണ്ണൂരിൽ എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടി. സംഭവം നടന്ന സ്ഥലത്തിന് അടുത്തുള്ള വീടുകളിൽ നിന്നാണ് ദൃശ്യങ്ങൾ കിട്ടിയത്. കൊലപാതകത്തിന് തിരിച്ചടി ഉണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകി.
നേരത്തെ പൊലീസ് മുൻകൈയ്യെടുത്ത് സ്ഥാപിച്ച ക്യാമറകളിൽ നിന്ന് കിട്ടിയ ദൃശ്യങ്ങൾക്ക് പുറമെയുള്ളതാണ് ഇപ്പോഴത്തേത്. എല്ലാ ദൃശ്യങ്ങളും പരിശോധിച്ച പൊലീസിന് പ്രതികളെ കുറിച്ചും , കൊലപാതകരീതിയെ കുറിച്ചും കൃത്യമായ വിവരം കിട്ടിയെന്നാണ് സൂചന.
സലാഹുദ്ദീന്‍റെ കാറിൽ ഇടിച്ച ബൈക്കും, മറ്റ് പ്രതികൾ സഞ്ചരിച്ച കാറും കൂത്തുപറമ്പ് ഭാഗത്ത് നിന്നാണ് വന്നതെന്ന് മനസ്സിലായി. ഒഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ ബൈക്ക് ഇടിപ്പിച്ചു, സലാഹുദ്ദീൻ കാർ നിർത്തി പുറത്തിറങ്ങി. കുറച്ച് പേർ ഓടിക്കൂടുന്നത് കണ്ട് മറ്റ് പ്രതികൾ വന്ന കാർ നിർത്താതെ മുന്നോട്ട് പോയി.
കൊല നടത്തണോ എന്ന ആശയക്കുഴപ്പം ഇവർക്കുണ്ടായി. പുഴക്കരയിൽ ഗൂഢാലോചനയിൽ പങ്കെടുത്ത പ്രതികളാണ് ഓടിയെത്തിയതെന്ന് മനസ്സിലായതോടെ കാർ തിരികെ സംഭവസ്ഥലത്തെത്തി. കൃത്യം നടത്തി മടങ്ങി. കാറിനെ പിന്തുടർന്ന ബൈക്ക് ഒരു വീടിനുമുന്നിൽ നിർത്തുന്നതും, അവിടുന്ന് ഒരാൾകൂടി കയറുന്നതും ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
ദൃശ്യങ്ങൾ സ്റ്റേഷനിൽ കിട്ടുന്നിവിധം കണ്ണവം സ്റ്റേഷൻ പരിധിയിൽ 101ക്യാമറകളാണ് സ്ഥാപിച്ചിരുന്നത്. ഇതിൽ പലതും തകരാറിലായിരുന്നു. പക്ഷെ പ്രവർത്തിച്ചിരുന്ന ചുരുക്കം ക്യാമറകളിൽ പ്രതികളുടെ നീക്കം പതിഞ്ഞിരുന്നു.
വീടുകളിലെ ദൃശ്യം ക്യാമറ സ്ഥാപിച്ച കമ്പനി മുഖേനയാണ് പൊലീസ് സംഘടിപ്പിച്ചത്. സലാഹുദ്ദീന്‍റെ കൊലപാതകത്തിന് പ്രത്യാക്രമണം ഉണ്ടാകുമെന്ന രഹസ്യാന്വേണ വിഭാഗത്തിന്‍റെ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam