
ജലന്ധര്‍: പഞ്ചാബിലെ ജലന്ധറിൽ ലോക്ക് ഡൗൺ ഡ്യൂട്ടിയിലായിരുന്ന പോലീസിന് നേരെ യുവാവിന്റെ പരാക്രമം. പൊലീസ് ഓഫീസറെ ബോണറ്റിൽ കുടുക്കി ഏറെ ദൂരം അതിവേഗത്തിൽ കാറോടിച്ചു പോയി. സംഭവം ലോക്ക്ഡൗൺ ലംഘിച്ചത് പോലീസ് ചോദ്യം ചെയ്തതിൽ പ്രകോപിതനായി. ജലന്ധറിലെ മിൽക്ക് ബാർ ചൗക്കിലാണ് സംഭവമുണ്ടായത്.
ലോക്ക്ഡൗൺ ലംഘിച്ചെത്തിയ കാറിന്റെ ഡ്രൈവറാണ് പൊലീസിന് നേരെ അതിക്രമം കാണിച്ചത്. പൊലീസ് ആവശ്യപ്പെട്ടപ്പോൾ ഇയാൾ കാർ നിർത്തി. എന്നാൽ വിവരങ്ങൾ അന്വേഷിക്കാൻ തുടങ്ങിയതോടെ വാഹനം മുന്നോട്ടെടുത്തു. മുന്നിൽ നിന്നിരുന്ന എഎസ്ഐ കാർ തടയാൻ ശ്രമിക്കുന്നതിനിടെ ബോണറ്റിൽ കുടുങ്ങി. ഇത് കാര്യമാക്കാതെ അമിത വേഗത്തിൽ കാർ ഓടിച്ചു പോവുകയായിരുന്നു.
കാറിനെ പിന്തുടർന്ന പൊലീസ് സംഘം വാഹനം തടഞ്ഞു നിർത്തിയാണ് എഎസ്ഐയെ രക്ഷിച്ചത്. സംഭവത്തിൽ എഎസ്ഐ മുൽക് രാജിന് നിസാര പരിക്കേറ്റു. കാറോടിച്ചിരുന്ന അമോൽ മെഹ്‌മി എന്ന 20-കാരനെ പൊലീസ് പിടികൂടി. കോളേജ് വിദ്യാർത്ഥിയായ ഇയാൾക്കെതിരെ ഐപിസി 307, ദുരന്ത നിവാരണനിയമം എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു. കാർ ഉടമയായ ഇയാളുടെ പിതാവിന്റെ പേരിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ലോക്ക്ഡൗൺ ഡ്യൂട്ടിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെയുള്ള നടപടികളിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ മാസം പഞ്ചാബിലെ പട്യാലയിൽ ലോക്ക്ഡൗൺ ലംഘിച്ചെത്തിയ സംഘം ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ യുടെ കൈ വെട്ടി മാറ്റിയിരുന്നു. തീവ്ര സ്വഭാവമുള്ള സിക്ക് സംഘടനയായ നിഹാംഗിലെ അംഗങ്ങളായിരുന്നു അന്നത്തെ ആക്രമണത്തിന് പിന്നിൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam