സ്വന്തം ആവശ്യത്തിനും വില്‍പനയ്ക്കുമായി എത്തിച്ച എംഡിഎംഎയുമായി 3 യുവാക്കള്‍ പൊന്‍കുന്നത്ത് പിടിയില്‍

By Web TeamFirst Published Oct 4, 2022, 12:12 AM IST
Highlights

അഞ്ച് മില്ലി ഗ്രാം എംഡിഎംയ്ക്ക് ആറായിരം രൂപയാണ് ഇവര്‍ ഈടാക്കിയിരുന്നത്. ഗൂഗിള്‍ പേ വഴി പണം അക്കൗണ്ടിലെത്തിയെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു ആവശ്യക്കാര്‍ക്ക് ലഹരി മരുന്ന് എത്തിച്ചിരുന്നത്. 

കോട്ടയം പൊന്‍കുന്നത്ത് വില്‍പ്പനയ്ക്കെത്തിച്ച മാരക ലഹരി മരുന്നായ എംഡിഎംയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. അറസ്റ്റിലായവരില്‍ ഒരാള്‍ എന്‍ജിനിയറിങ് ബിരുദധാരിയാണ്. കാ‌ഞ്ഞിരപ്പളളി കോരുത്തോട് സ്വദേശി അരുണ്‍ ജോണ്‍, അനന്തു കെ ബാബു, ജിഷ്ണു സാബു എന്നീ യുവാക്കളാണ് അറസ്റ്റിലായത്. ഒന്നും രണ്ടും പ്രതികളായ അരുണിനും അനന്തുവിനും ഇരുപത്തി രണ്ടു വയസു മാത്രമാണ് പ്രായം. 

രണ്ടര ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. ഒപ്പം കഞ്ചാവും പിടിച്ചെടുത്തു. അനന്തു എന്‍ജിനിയറിങ് ബിരുദധാരിയാണ്. ലോറിയടക്കം ഹെവി വാഹനങ്ങളുടെ ഡ്രൈവറാണ് ജിഷ്ണു. ഒന്നാം പ്രതി അരുണ്‍ ജോണാകട്ടെ പ്ലസ് ടുവിന് ശേഷം പാര്‍ട്ട് ടൈം കോഴ്സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥിയും. എക്സൈസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇന്ന് പുലര്‍ച്ചെ മൂവരെയും പൊന്‍കുന്നത്തു നിന്ന് അറസ്റ്റ് ചെയ്തത്. 

സ്വന്തം ആവശ്യത്തിനും വില്‍പ്പനയ്ക്കും വേണ്ടി എത്തിച്ച രണ്ടര ഗ്രാം എംഡിഎംഎയും രണ്ടര ഗ്രാം കഞ്ചാവും ഇവരുടെ ബൈക്കില്‍ നിന്ന് എക്സൈസ് കണ്ടെടുത്തു. അഞ്ച് മില്ലി ഗ്രാം എംഡിഎംയ്ക്ക് ആറായിരം രൂപയാണ് ഇവര്‍ ഈടാക്കിയിരുന്നത്. ഗൂഗിള്‍ പേ വഴി പണം അക്കൗണ്ടിലെത്തിയെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു ആവശ്യക്കാര്‍ക്ക് ലഹരി മരുന്ന് എത്തിച്ചിരുന്നത്. 

ബാംഗ്ലൂരില്‍ നിന്നും എറണാകുളത്തെത്തുന്ന എംഡിഎംഎ അവിടെയുളള ഇടനിലക്കാരില്‍ നിന്ന് വാങ്ങിയാണ് യുവാക്കള്‍ പൊന്‍കുന്നത്ത് എത്തിച്ച് വിറ്റിരുന്നതെന്ന് എക്സൈസ് പറഞ്ഞു. പ്രതികളെ റിമാന്‍ഡ് ചെയ്തു. പൊന്‍കുന്നം എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്.നിജുമോനും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

സമാന സംഭവത്തില്‍  എറണാകുളം കോതമംഗലത്ത് അതിതീവ്ര ലഹരിമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിലായി. എക്സൈസ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രത്യേക ഡ്രൈവിന്‍റെ ഭാഗമായുള്ള പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. 10 ഗ്രാം ഹെറോയിനാണ് അസം സ്വദേശിയില്‍ നിന്ന് കണ്ടെത്തിയത്. മുറി വാടകയ്ക്ക് എടുത്ത് കോതമംഗലം, പെരുമ്പാവൂർ, മൂവാറ്റുപുഴ ഭാഗങ്ങളിലെ ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിലായിരുന്നു ലഹരി വിൽപ്പന. 56 കുപ്പികളിലായാണ് ഇയാൾ ഹെറോയിൻ സൂക്ഷിച്ചിരുന്നത്. 

click me!