കാശിന് അത്യാവശ്യം; എടിഎം തകര്‍ത്ത് മോഷണ ശ്രമം, മോഷ്ടാവിനെ മണിക്കൂറുകള്‍ക്കുള്ളില്‍ വലയിലാക്കി പൊലീസ്

By Web TeamFirst Published Oct 3, 2022, 11:34 PM IST
Highlights

പാലക്കാട് വണ്ടാഴി സ്വദേശി മണികണ്ഠനാണ് പിടിയിലായത്. കാഞ്ഞങ്ങാടും പരിസരത്തും മോപ്പെഡ് ബൈക്കില്‍ സഞ്ചരിച്ച് ചട്ടിയും കലവും വില്‍ക്കുന്നയാളാണ് ഇയാള്‍

കാസര്‍കോട് കാഞ്ഞങ്ങാട് എടിഎം മെഷീന്‍ തകര്‍ത്ത് മോഷണത്തിന് ശ്രമം. എടിഎം മെഷീനിന്‍റെ ഡോര്‍ തകര്‍ത്തെങ്കിലും പണം കവരാന്‍ മോഷ്ടാവിന് ആയില്ല. മണിക്കൂറുകള്‍ക്കുള്ളില്‍ ഹൊസ്ദുര്‍ഗ് പൊലീസ് ഇയാളെ  പിടികൂടുകയും ചെയ്തു. പാലക്കാട് വണ്ടാഴി സ്വദേശി മണികണ്ഠനാണ് പിടിയിലായത്. ഇയാള്‍ കാഞ്ഞങ്ങാടും പരിസരത്തും മോപ്പെഡ് ബൈക്കില്‍ സഞ്ചരിച്ച് ചട്ടിയും കലവും വില്‍ക്കുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. കാശിന് അത്യാവശ്യം വന്നപ്പോഴാണ് മോഷണത്തിന് ഇറങ്ങിയതെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി.

കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ബാങ്ക് ഓഫ് ബറോഡയുടെ എടിഎം കേന്ദ്രത്തിലാണ് മോഷണ ശ്രമം നടന്നത്. എടിഎം മെഷീന്‍ തകര്‍ത്ത് മോഷണം നടത്താനായിരുന്നു ശ്രമം. എന്നാല്‍ വാതില്‍ പൊളിക്കാന്‍ മാത്രമാണ് കള്ളന് സാധിച്ചത്. എടിഎമ്മിന് സമീപം ആളനക്കമുണ്ടായപ്പോള്‍ മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. അര്‍ധരാത്രി കവര്‍ച്ചയ്ക്കായി ഒരാള്‍ എത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. കറുത്ത മാസ്ക്ക് ധരിച്ച് എത്തിയ ആളുടെ സിസിടിവി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.

കൊച്ചി എടിഎം തട്ടിപ്പ്: ഇടപാടുകാരുടെ പണം തിരിച്ചു നൽകി സൗത്ത് ഇന്ത്യൻ ബാങ്ക്

സമാനമായ മറ്റൊരു സംഭവത്തില്‍ ആലുവയില്‍ എടിഎം കുത്തിത്തുറന്ന് പണം മോഷ്ടിക്കാന്‍ ശ്രമിച്ചയാളെയും പൊലീസ് മണിക്കുറുകള്‍ക്കുള്ളില്‍ പിടികൂടിയിരുന്നു. മാള അന്നമനട സ്വദേശി ഷിനാസാണ് അറസ്റ്റിലായത്. പണം കവരാൻ ശ്രമിക്കുന്നതിനിടെ ബാങ്ക് ആസ്ഥാനത്ത് അലാം മുഴങ്ങിയതോടെ പ്രതി ഇറങ്ങിയോടുകയായിരുന്നു. ബാങ്ക് അധികൃതർ സിസിടിവി  ദൃശ്യം ഉടൻ പൊലീസിന് കൈമാറി. പൊലീസ് നൈറ്റ് പട്രോളിംഗ് സംഘത്തെ വിവരം അറിയിച്ചതിവ് പിന്നാലെ പ്രതിയെ രാത്രി തന്നെ നഗരത്തിൽ നിന്ന് പിടികൂടുകയായിരുന്നു. നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ ഷിനാസ്. 

click me!