അമേരിക്കയിൽ 2 മാസത്തിനിടെ മരിച്ച നിലയിൽ കണ്ടെത്തിയത് 4 ഇന്ത്യൻ വിദ്യാർത്ഥികൾ, പിന്നാലെ വീണ്ടും ആക്രമണം, ആശങ്ക

Published : Feb 08, 2024, 08:34 AM IST
അമേരിക്കയിൽ 2 മാസത്തിനിടെ മരിച്ച നിലയിൽ കണ്ടെത്തിയത് 4 ഇന്ത്യൻ വിദ്യാർത്ഥികൾ, പിന്നാലെ വീണ്ടും ആക്രമണം, ആശങ്ക

Synopsis

വംശീയവെറിയാണോ എന്ന് സംശയം ജനിപ്പിക്കുന്ന തരത്തിൽ അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥികൾക്കെതിരെ ആക്രമണങ്ങൾ കൂടുമ്പോൾ ആശങ്കയിലാണ് വിദ്യാർഥിസമൂഹമുള്ളത്

ന്യൂയോർക്ക്: യുഎസ്സിൽ ഇന്ത്യൻ വിദ്യാർഥിക്ക് നേരെ മോഷ്ടാക്കളുടെ ക്രൂരമായ ആക്രമണം. ഹൈദരാബാദ് സ്വദേശിയായ സയ്യിദ് മസാഹിർ അലിയ്ക്ക് നേരെയാണ് ഷിക്കാഗോയിലെ നോർത്ത് കാംപ്ബെല്ലിൽ വച്ച് ആക്രമണമുണ്ടായത്. കഴിഞ്ഞ് രണ്ട് മാസത്തിനിടെ ഇന്ത്യൻ വംശജരായ നാല് വിദ്യാർഥികളെ യുഎസ്സിലെ വിവിധ ഇടങ്ങളിലായി മരിച്ച നിലയിൽ കണ്ടെത്തിയ സാഹചര്യത്തിൽ ഈ ആക്രമണം ഇന്ത്യൻ വിദ്യാർഥികൾക്കിടയിൽ വലിയ ആശങ്കയാണുണ്ടാക്കുന്നത്.

യുഎസ്സിലെ ഷിക്കാഗോയിലുള്ള നോർത്ത് കാംപ്ബെല്ലിൽ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സയ്യിദ് മസാഹിർ അലിയെന്ന ഇന്ത്യൻ വിദ്യാർഥിയെ മുഖം മൂടി ധരിച്ച ഒരു സംഘം അക്രമികൾ ക്രൂരമായി മർദ്ദിച്ച് മൊബൈൽ ഫോൺ തട്ടിയെടുത്തത്. ഇന്ത്യാനാ വെസ്ലി സർവകലാശാലയിൽ ഐടിയിൽ മാസ്റ്റേഴ്സിന് പഠിക്കുന്ന വിദ്യാർഥിയാണ് സയ്യിദ് മസാഹിർ അലി. ഭക്ഷണം വാങ്ങി മടങ്ങി വരവേ വീടിനടുത്ത് അലിയെ കാത്തെന്ന പോലെ അക്രമി സംഘം നിൽക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഇവർ പിന്തുടരുന്നുവെന്ന് കണ്ട മസാഹർ അലി ഓടിയെങ്കിലും അഞ്ച് പേരടങ്ങിയ സംഘം പിന്നാലെ എത്തി റോഡിലേക്ക് വലിച്ചിഴച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മൂക്കിൽ നിന്ന് ചോരയൊലിപ്പിച്ച് സയ്യിദ് വിവരങ്ങൾ സുഹൃത്തിനോട് പറയുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്നും ലഭിച്ചിട്ടുണ്ട്

അലിക്ക് നിയമസഹായം നൽകാൻ ഇന്ത്യൻ എംബസി സഹായിക്കണമെന്നും പറ്റുമെങ്കിൽ സഹായത്തിന് കുടുംബത്തിൽ നിന്ന് ആരെയെങ്കിലും യുഎസ്സിലേക്ക് അയക്കണമെന്നും കാട്ടി ഹൈദരാബാദിൽ നിന്ന് അലിയുടെ ഭാര്യ സൈദ റുഖുലിയ ഫാത്തിമ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന് കത്ത് നൽകിയിട്ടുണ്ട്. എല്ലാ സഹായങ്ങളും ഉറപ്പ് നൽകുന്നുണ്ടെന്ന് ഷിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റും വ്യക്തമാക്കുന്നു. വംശീയവെറിയാണോ എന്ന് സംശയം ജനിപ്പിക്കുന്ന തരത്തിൽ അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥികൾക്കെതിരെ ആക്രമണങ്ങൾ കൂടുമ്പോൾ ആശങ്കയിലാണ് വിദ്യാർഥിസമൂഹമുള്ളത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം