
മുസാഫര്‍നഗര്‍: ദളിത് ബാലികയെ ബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന കേസിൽ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ കോട്‌വാലിക്കടുത്ത് റോഹന പ്രദേശത്താണ് സംഭവം. ഇവിടുത്തെ ഒരു ഇഷ്ടിക ചൂളയ്ക്ക് സമീപത്തെ വീട്ടിനകത്താണ് പെൺകുട്ടിയുടെ കത്തിക്കരിഞ്ഞ മൃതശരീരം കണ്ടെത്തിയത്.
മൃതശരീരം പോസ്റ്റുമോര്‍ട്ടം ചെയ്തതിൽ നിന്നാണ് പെൺകുട്ടി അതിക്രൂരമായ ബലാത്സംഗത്തിന് ഇരയായിരുന്നുവെന്ന് മനസിലായത്. കൊലപാതകം, ബലാത്സംഗം, എസ്‌സി-എസ്‌ടി നിയമം, പോക്സോ നിയമം തുടങ്ങിയവയുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തി ഏഴ് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അസുഖം ബാധിച്ച് ഗ്രാമത്തിലെ വീട്ടിൽ കഴിയുന്ന ഭാര്യയെ കാണാൻ അച്ഛൻ രാജ് സിങ് പോയപ്പോഴാണ് മീനാക്ഷിയെന്ന 14 കാരിയെ ഏഴംഗ സംഘം തട്ടിക്കൊണ്ടുപോയത്. ഇഷ്ടിക ചൂളയുടെ ഉടമ, ഇവിടുത്തെ കണക്കെഴുത്തുകാരൻ എന്നിവരടക്കം ഏഴ് പേര്‍ക്കെതിരെയാണ് മീനാക്ഷിയുടെ പിതാവ് കേസ് നൽകിയത്.
മീനാക്ഷിയുടെ ഇളയ സഹോദരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി നിശബ്ദനാക്കിയ ശേഷമാണ് പ്രതികള്‍ മീനാക്ഷിയെ ചുട്ടെരിച്ചത്. ഭീം ആര്‍മി അംഗങ്ങള്‍ സ്ഥലത്തെത്തി രാജ് സിങുമായി സംസാരിച്ച ശേഷമാണ് പ്രതികള്‍ക്കെതിരെ നിയമനടപടിക്ക് കുടുംബം തയ്യാറായത്. പരാതിക്കാരന്റെ മൊഴി മജിസ്ട്രേറ്റ് മുൻപാകെ രേഖപ്പെടുത്തുമെന്ന് സ്ഥലം എസ്‌പി വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam