കോലഞ്ചേരി ബലാത്സംഗ കേസ്: പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള പൊലീസിന്‍റെ അപേക്ഷ ഇന്ന് പരിഗണിക്കും

By Web TeamFirst Published Aug 7, 2020, 6:40 AM IST
Highlights

പ്രതികളായ മുഹമ്മദ് ഷാഫി, ഓമന, ഓമനയുടെ മകൻ മനോജ് എന്നിവരെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസിന്‍റെ ആവശ്യം

കൊച്ചി: കോലഞ്ചേരി ബലാത്സംഗ കേസിലെ പ്രതികള്‍ക്കായി പൊലീസ് നല്‍കിയ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും. കോലഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. പ്രതികളായ മുഹമ്മദ് ഷാഫി, ഓമന, ഓമനയുടെ മകൻ മനോജ് എന്നിവരെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസിന്‍റെ ആവശ്യം. 

എഴുപത്തിയഞ്ചുകാരിയെ പീ‍ഡിപ്പിച്ചതിന് പിന്നാലെ ആയുധം ഉപയോഗിച്ച് ക്രൂരമായി പരുക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഈ ആയുധം പൊലീസിന് കണ്ടെടുക്കേണ്ടതുണ്ട്. കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ കഴിയുന്ന 75കാരിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു. ഇവർ രണ്ട് ദിവസം കൂടി തീവ്രപരിചരണ വിഭാഗത്തിൽ തുടരും.

ഞായറാഴ്ച രാവിലെയാണ് 75കാരിയെ അയല്‍വാസിയായ ഓമനയും മറ്റൊരു സ്ത്രീയും മകനും ചേര്‍ന്ന് കൂട്ടിക്കൊണ്ടുപോയത്. മാനസികാസ്വാസ്ഥ്യമുള്ള അമ്മയെ പുകയിലയും ചായയും വാങ്ങിത്തരാമെന്ന് പറഞ്ഞായിരുന്നു കൊണ്ടുപോയതെന്ന് 75കാരിയുടെ മകൻ പറയുന്നു. വയോധികയെ മറ്റൊരു വീട്ടിലെത്തിച്ചശേഷം  ഷാഫി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. 

സ്വകാര്യ ഭാഗങ്ങളിലുൾപ്പെടെ കുത്തി മുറിവേൽപ്പിച്ചത് മനോജാണ്. എഴുപത്തിയഞ്ചുകാരിയെ ഓമന വീട്ടിൽ വിളിച്ചു കൊണ്ടു വരുന്നത് മനോജിന് ഇഷ്ടമല്ലായിരുന്നു. സംഭവ ദിവസം മദ്യപിച്ച് വീട്ടിലെത്തിയ മനോജ് ഇവരെ കണ്ടപ്പോൾ കുത്തി പരുക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

അതിക്രൂരപീഡനമാണ് വൃദ്ധയ്ക്ക് നേരിടേണ്ടി വന്നത്. അതിക്രമത്തില്‍ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര പരിക്കേറ്റതായും ദേഹമാസകലം മുറിവുകളും ചതവുകളുമുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിനിലുണ്ട്. 

കോലഞ്ചേരി പീഡനം: 75കാരിയുടെ ആരോ​ഗ്യനിലയിൽ പുരോ​ഗതി, പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് അപേക്ഷ നൽകി

click me!