Asianet News MalayalamAsianet News Malayalam

കോലഞ്ചേരി പീഡനം: 75കാരിയുടെ ആരോ​ഗ്യനിലയിൽ പുരോ​ഗതി, പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് അപേക്ഷ നൽകി

കേസിലെ പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് അപേക്ഷ നൽകിയിട്ടുണ്ട്. 75കാരിയെ മുറിവേൽപ്പിച്ച ആയുധം കണ്ടെത്തുകയാണ് പൊലീസിന്റെ അടുത്ത ലക്ഷ്യം.
 

kolenchery molestation case updates
Author
Cochin, First Published Aug 6, 2020, 10:25 AM IST

കൊച്ചി: കോലഞ്ചേരിയിൽ ബലാത്സംഗത്തിന് ഇരയായ 75കാരിയുടെ ആരോഗ്യനിലയിൽ നല്ല പുരോഗതി ഉണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. ഇവർ രണ്ട് ദിവസം കൂടി തീവ്രപരിചരണ വിഭാ​ഗത്തിൽ തുടരും. കേസിലെ പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് അപേക്ഷ നൽകിയിട്ടുണ്ട്. 75കാരിയെ മുറിവേൽപ്പിച്ച ആയുധം കണ്ടെത്തുകയാണ് പൊലീസിന്റെ അടുത്ത ലക്ഷ്യം.

കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. ഒന്നാം പ്രതി ചെമ്പെറക്കി സ്വദേശി മുഹമ്മദ് ഷാഫിയാണ് വയോധികയെ ബലാൽസംഗം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.  ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്തു നിന്നും നാട്ടുകാരുടെ സഹായത്തോടെയാണ് മുഹമ്മദ് ഷാഫിയെ പുത്തൻകുരിശ് സിഐയുടെ നേതൃത്വത്തിലുള്ള സംഘം  പിടികൂടിയത്. അന്തർ സംസ്ഥാന ലോറിയിലെ ഡ്രൈവറാണ് മുഹമ്മദ് ഷാഫി. 

പാങ്കോട് സ്വദേശി മനോജ്, ഇയാളുടെ അമ്മ ഓമന എന്നിവരാണ് മറ്റു പ്രതികൾ. ഞായറാഴ്ച രാവിലെയാണ് 75കാരിയെ അയല്‍വാസിയായ ഓമനയും മറ്റൊരു സ്ത്രീയും മകനും ചേര്‍ന്ന് കൂട്ടിക്കൊണ്ടുപോയത്. മാനസികാസ്വാസ്ഥ്യമുള്ള അമ്മയെ പുകയിലയും ചായയും വാങ്ങിത്തരാമെന്ന് പറഞ്ഞായിരുന്നു കൊണ്ടുപോയതെന്ന് 75കാരിയുടെ മകൻ പറയുന്നു. വയോധികയെ മറ്റൊരു വീട്ടിലെത്തിച്ചശേഷം  ഷാഫി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. 

സ്വകാര്യ ഭഗങ്ങളിലുൾപ്പെടെ കുത്തി മുറിവേൽപ്പിച്ചത് മനോജാണ്. എഴുപത്തിയഞ്ചുകാരിയെ ഓമന വീട്ടിൽ വിളിച്ചു കൊണ്ടു വരുന്നത് മനോജിന് ഇഷ്ടമല്ലായിരുന്നു. സംഭവ ദിവസം മദ്യപിച്ച് വീട്ടിലെത്തിയ മനോജ് ഇവരെ കണ്ടപ്പോൾ കുത്തി പരുക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

അതിക്രൂരപീഡനമാണ് വൃദ്ധയ്ക്ക് നേരിടേണ്ടി വന്നത്. അതിക്രമത്തില്‍ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര പരിക്കേറ്റതായും ദേഹമാസകലം മുറിവുകളും ചതവുകളുമുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിനിലുണ്ട്. 75കാരിയിപ്പോള്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിലാണ്. 

Follow Us:
Download App:
  • android
  • ios