വേദന സഹിക്കാന്‍ വയ്യെന്ന് ഭര്‍ത്താവ്; വെടിവച്ച് കൊലപ്പെടുത്തി 76കാരിയായ ഭാര്യ

By Web TeamFirst Published Jan 22, 2023, 10:18 AM IST
Highlights

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 77 കാരന്‍റെ ആവശ്യപ്രകാരമായിരുന്നു താന്‍ വെടിയുതിര്‍ത്തതെന്നാണ് ഭാര്യ പറയുന്നത്

ഡേറ്റോണ: ഏറെക്കാലമായി രോഗബാധിതനായ കിടപ്പിലായിരുന്ന ഭര്‍ത്താവിനെ വെടിവച്ചുകൊന്ന് 76കാരി. 77കാരനായ ഭര്‍ത്താവിന്‍റെ കഷ്ടപ്പാട് കാണാന്‍ കഴിയാതെയാണ് വെടിയുതിര്‍ത്തതെന്നാണ് കൊലപാതകത്തിന് പിന്നാലെ ആശുപത്രി മുറിയില്‍ കയറി വാതിലടച്ച സ്ത്രീ പ്രതികരിക്കുന്നത്. ഫ്ലോറിഡയിലെ ഡേറ്റോണയില്‍  ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 77 കാരന്‍റെ ആവശ്യപ്രകാരമായിരുന്നു താന്‍ വെടിയുതിര്‍ത്തതെന്നാണ് ഭാര്യ പറയുന്നത്. ഡേറ്റോണയിലെ അഡ്വെന്‍റ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ വലിയ കോലാഹലങ്ങളാണ് സൃഷ്ടിച്ചത്.

സ്ത്രീ വെടിവയ്പിന് പിന്നാലെ മുറിയില് കയറി കതകടച്ചത് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ തന്നെ സാരമായി ബാധിച്ചുവെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശനിയാഴ്ച ഉച്ച കഴിയുന്നത് വരെ സ്ത്രീ മുറിക്കുള്ളില്‍ അടച്ചിരിക്കുകയായിരുന്നു. ഏറെ  നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഇവരെ പുറത്ത് എത്തിക്കാനായത്. ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം ചുമത്തി ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. എല്ലന്‍ ഗില്ലാന്‍ഡ് എന്ന 76കാരിയുമായി ജെറി ഗില്ലാന്‍ഡ് എന്ന 77കാരനായ ഭര്‍ത്താവ് ധാരണയിലെത്തിയിരുന്നുവെന്നാണ് സംഭവത്തേക്കുറിച്ച് ലഭിക്കുന്ന റിപ്പോര്‍ട്ട്. ജെറിയെ വെടിവച്ചതിന് പിന്നാലെ എല്ലന്‍ സ്വയം വെടി വയ്ക്കുമെന്നായിരുന്നു ധാരണ. ശനിയാഴ്ച ആശുപത്രിയിലെ പതിനൊന്നാം നിലയിലെ മുറിയില്‍ വച്ചാണ് ദമ്പതികള്‍ തങ്ങളുടെ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിച്ചത്.

മൂന്ന് ആഴ്ചയ്ക്ക് മുന്‍പാണ് ദമ്പതികള്‍ പദ്ധതി തയ്യാറാക്കിയത്. ജെറിയുടെ ആരോഗ്യ സ്ഥിതി മോശമാകാന് തുടങ്ങിയതിന് പിന്നാലെയായിരുന്നു ഇത്. എങ്ങനെയും വേദന ഒന്ന് അവസാനിപ്പിക്കണമെന്നായിരുന്നു ജെറിയുടെ ആവശ്യമാണ് കടുത്ത നടപടിയിലേക്ക് കടത്തിയതെന്നാണ് എല്ലന്‍ പ്രതികരിക്കുന്നത്. ജെറിയുടെ തലയിലാണ് വെടിയേറ്റത്. ഇതിന് പിന്നാലെ ഇവര്‍ മുറിയില്‍ അടച്ചിരുന്നതോടെ പതിനൊന്നാം നിലയിലെ മറ്റ് മുറികളിലുള്ള രോഗികളെ ഒഴിപ്പിക്കേണ്ട സാഹചര്യമാണ് ആശുപത്രി അധികൃതര്‍ നേരിട്ടത്. വെന്‍റിലേറ്റര്‍ സഹായത്തോടെ കഴിയുന്ന രോഗികളെ മുറികളില്‍ നിന്ന് മാറ്റാന്‍ ആശുപത്രി അധികൃതര്‍ക്ക് ഏറെ പാടുപെടേണ്ടി വരികയും ചെയ്തു.

വീട്ടിൽ പോയ ഭാര്യ തിരികെയെത്താൻ വൈകി; ദേഷ്യത്തിൽ സ്വന്തം സ്വകാര്യ ഭാ​ഗം മുറിച്ച് മാറ്റി യുവാവ്

പിന്നീട് മധ്യസ്ഥ സംഭാഷണത്തില്‍ പരിശീലനം തേടിയവര്‍ എത്തിയാണ് എല്ലനെ മുറിക്ക് പുറത്ത് എത്തിച്ചത്. തുടക്കത്തില്‍ തോക്ക് താഴെ വയ്ക്കാന്‍ പോലും തയ്യാറാവാതിരുന്ന സ്ത്രീ ഉച്ച കഴിഞ്ഞതോടെ ഉദ്യോഗസ്ഥരുടെ വാക്കുകള്‍ക്ക് വഴങ്ങുകയായിരുന്നു. ആശുപത്രിയിലെ മറ്റാരെയും സ്ത്രീ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് പൊലീസ വിശദമാക്കി. എന്നാല്‍ ആശുപത്രി ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടാതെ കിടപ്പുരോഗികള്‍ മാത്രമുള്ള മേഖലയിലേക്ക് ഇവര്‍ തോക്ക് എങ്ങനെ എത്തിച്ചുവെന്നതില്‍ അന്വേഷണം നടക്കുന്നുണ്ട്. 

click me!