
തിരുവനന്തപുരം: മയക്കുമരുന്ന് കേസിലെ പ്രതി തെളിവെടുപ്പിനിടെ എക്സൈസ് കസ്റ്റഡിയിൽ നിന്ന് ചാടിപോയി. 20 കോടി രൂപയുടെ മയക്കുമരുന്ന് കേസിലെ പ്രതി ജോര്‍ജ്‍കുട്ടിയാണ് ബംഗളൂരുവിലെ തെളിവെടുപ്പിനിടെ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെട്ടത്.
കോവളം വാഴമുട്ടത്ത് നിന്നാണ് ജോര്‍ജ്‍കുട്ടി കാറിന്‍റെ രഹസ്യ അറയിൽ കടത്താൻ ശ്രമിച്ച 20 കോടി രൂപയുടെ ഹാഷിഷ് ഓയിലും കഞ്ചാവും എക്സൈസ് കമ്മീഷണറുടെ പ്രത്യേക സ്ക്വാഡ് പിടികൂടിയത്. കേരളത്തിലേക്കുള്ള ലഹരി കടത്ത് നിയന്ത്രിച്ചിരുന്ന ജോർജ്ജ് കുട്ടിയെ മയക്കുമരുന്നമായി പിടികൂടാൻ കഴിഞ്ഞത് എക്സൈസിനും പോലീസിനും ഏറെ ആശ്വാസമായിരുന്നു. ഇയാളെ പിടികൂടിയ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി പ്രത്യേക അവാർഡ് നൽകുകയും ചെയ്തിരുന്നു.
മയക്കുമരുന്ന് വേട്ടക്കിടെ തൃപ്പൂണിത്തുറയിൽവച്ച് പൊലീസുകാരെ കുത്തിക്കൊല്ലാൻ ശ്രമിച്ചതുള്‍പ്പെടെ 20 കേസുകളിൽ പ്രതിയാണ് കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ ജോർജ്ജ് കുട്ടി. ബംഗളൂര്‍ ആസ്ഥാനമാക്കിയായിരുന്നു ഇയാളുടെ പ്രവര്‍ത്തനങ്ങള്‍.
തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങിയ ജോർജ്‍കുട്ടിയുമായി ബുധനാഴ്ച രാവിലെയാണ് എക്സൈസ് സംഘം ബംഗളൂരുവിലേക്ക് തിരിച്ചത്. രണ്ട് എക്സൈസ് ഇൻപെക്ടര്‍മാരും, രണ്ട് സിവിൽ എക്സൈസ് ഓഫീസർമാരുമാണ് സംഘത്തിലുണ്ടായിരുന്നത്. കമ്പം, തേനി എന്നിവിടങ്ങളിൽ സംഘം തെളിവെടുപ്പ് നടത്തി. വാഹനത്തിൽ രഹസ്യ അറ നിര്‍മ്മിച്ച വർക് ഷോപ്പിലും കൊണ്ടു പോയി തെളിവെടുത്ത ശേഷം ജോര്‍ജ്‍കുട്ടിയെ ബംഗളൂരുവിലെ താമസസ്ഥലത്തേക്ക് കൊണ്ടുപോവുകയായിരുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് മജിസ്റ്റിക് റെയിൽവേ സ്റ്റേഷനില്‍ വച്ച് ജോര്‍ജ്‍കുട്ടി രക്ഷപ്പെട്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൂത്രമൊഴിക്കണമെന്ന് ജോർജ്‍കുട്ടി ആവശ്യപ്പെട്ടതനുസരിച്ച് ഒരു കൈയ്യിലെ വിലങ്ങഴിച്ച് വാഹനത്തിന് പുറത്തേക്കിറങ്ങിയപ്പോള്‍ ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെട്ടെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരിക്കുന്നത്. കർണാടക പൊലീസിന്‍റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാലക്കാട് നിന്നും തിരുവനന്തപുരത്ത് നിന്നും നിരവധി എക്സൈസ് ഉദ്യോഗസ്ഥരും ബംഗളൂരുവിലെത്തിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam