
പത്തനംതിട്ട: പത്തനംതിട്ട റാന്നി റീന കൊലക്കേസിൽ പ്രതി മനോജിന് ജീവപര്യന്തം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും. മക്കളുടെ മുന്നിലിട്ടാണ് ഭാര്യ റീനയെ ഭർത്താവ് മനോജ് അതിക്രൂരമായി കൊലപ്പെടുത്തിയത്. പിഴ തുക മക്കൾക്ക് നൽകാനും അഡീഷണൽ സെഷൻസ് കോടതി വിധിച്ചു.
ക്രൂരമായ കൊലപാതകത്തിൽ 11 വർഷത്തിന് ശേഷമാണ് കോടതി വിധി. സംശയത്തെ തുടർന്നാണ് ഭാര്യ റീനയെ മനോജ് കൊലപ്പെടുത്തിയത്. മക്കളുടെയും അമ്മയുടെയും മുന്നിലിട്ട് അതിക്രൂരമായി മർദ്ദിച്ചു. ജാക്കി ലിവറും ഇഷ്ടികയും ഉപയോഗിച്ച് തലയ്ക്കടിച്ചു. ഓട്ടോറിക്ഷയിൽ തലയിടിപ്പിച്ചു. ഗുരുതര പരിക്കേറ്റ റീന കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.
വിചാരണവേളയിൽ മക്കളും റീനയും അമ്മയും സാക്ഷി പറഞ്ഞു. റീനയെ മർദ്ദിച്ച ശേഷം കഴുത്തിൽ കിടന്ന താലിമാല മനോജ് പൊട്ടിച്ചെടുത്തിരുന്നു. തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന മാല മക്കൾക്ക് നൽകാൻ കോടതി നിർദേശിച്ചു. പിഴത്തുകയായ രണ്ട് ലക്ഷം രൂപയും മക്കൾക്ക് നൽകും. ഒരു ഭാവവ്യത്യാസവുമില്ലാതെയാണ് മനോജ് ശിക്ഷാവിധി കേട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം