ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയെ കോടതിമുറിയിലിട്ട് വെടിവച്ച് കൊന്നു

By Web TeamFirst Published Dec 17, 2019, 6:45 PM IST
Highlights

വെടിയൊച്ച കേട്ടതോടെ എല്ലാവരും നിലത്തുകിടന്നുവെന്ന് കോടതിമുറിയിലുണ്ടായിരുന്ന അഭിഭാഷകരിലൊരാള്‍ പറഞ്ഞു. 

ലക്നൗ: ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയെ ഉത്തര്‍പ്രദേശിലെ ബിജിനൂരില്‍ കോടതിമുറിയിലിട്ട് വെടിവച്ചുകൊന്നു. കോടതി നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് പ്രതിയായ ഷാനവാസ് അന്‍സാരി(50)യെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. ഈ സമയത്തായിരുന്നു ഇയാള്‍ക്ക് നേരെ വെടിയേറ്റത്. 

മൂന്ന് പേര്‍ തോക്കുമായി കോടതിയിലെത്തിയിരുന്നു. ഇവര്‍ പ്രതിയ്ക്ക് നേരെ വെടിയുതിര്‍ത്തു. കോടതിമുറിയിലുണ്ടായിരുന്ന പൊലീസുകാര്‍ ഉടന്‍ തന്നെ ഇവരെ പിടികൂടി. വെടിയൊച്ച കേട്ടതോടെ എല്ലാവരും നിലത്തുകിടന്നുവെന്ന് കോടതിമുറിയിലുണ്ടായിരുന്ന അഭിഭാഷകരിലൊരാള്‍ പറഞ്ഞു. 

''ഞാന്‍ കോടതിമുറിയിലുണ്ടായിരുന്നു. എന്‍റെ കക്ഷികളിലൊരാള്‍ക്ക് ജാമ്യാപേക്ഷ നല്‍കാനുണ്ടായിരുന്നു. ഒരാള്‍ നിലത്തുവീഴുന്നത് ഞാന്‍ കണ്ടു. ഒരാള്‍ക്ക് വെടികൊള്ളുന്നത് ഞാന്‍ കണ്ടു. ഉടന്‍ തന്നെ ഞങ്ങള്‍ നിലത്തുകിടന്നു. പൊലീസുകാര്‍ എത്തി രക്ഷപ്പെടുത്തുന്നതുവരെ ഞങ്ങള്‍ നിലത്തുകിടക്കുകയായിരുന്നു. ഒരു സിനിമാ രംഗം പോലെയായിരുന്നു എല്ലാം'' - അഭിഭാഷകന്‍ അതുല്‍ സിസോദിയ പറഞ്ഞു. 

ബഹുജന്‍ സമാജ്‍വാദി പാര്‍ട്ടി നേതാവ് ഹാജി അഹ്സന്‍ ഖാനെയും ബന്ധുവിനെയും കൊന്ന കേസില്‍ പ്രതിയാണ് ഷാനവാസ് അന്‍സാരി.  ഹാജി അഹ്സന്‍റെ മകനും മറ്റ് രണ്ടുപേരും ചേര്‍ന്നാണ് ഷാനവാസിനെ വെടിവച്ചുകൊന്നത്. മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഒരു കോടതി ജീവനക്കാരന് പരിക്കേറ്റു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

click me!