
മുംബൈ: വിവാഹത്തിന് ശേഷം മകനെ അമേരിക്കയ്ക്ക് കൊണ്ടുപോയതിന് മരുമകളെ അമ്മായി അമ്മ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മുംബൈയിലെ വയാസ് ഓംനഗറിലാണ് സംഭവം നടന്നത്. മകനെ യുഎസിലേക്ക് കൊണ്ടുപോയതിന്റെ പക തീർക്കാൻ മരുമകൾ റിയ (സ്വാതിമാൻ– 33) യെ ഉറങ്ങിക്കിടന്നപ്പോൾ അമ്മായിയമ്മ ആനന്ദി മാനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം ആനന്ദി പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തി സ്വയം കീഴടങ്ങി. ആറ് മാസം പ്രായമായ മകളുമൊത്ത് റിയ ഉറങ്ങിക്കിടക്കൂമ്പോഴായിരുന്നു ക്രൂര കൃത്യം അരങ്ങേറിയത്. അഞ്ചുവർഷം മുൻപായിരുന്നു റിയയുടെയും രോഹന്റെയും പ്രണയവിവാഹം. റിയയ്ക്കു ടെക്സസിൽ നഴ്സായി ജോലി ലഭിച്ചതിനെത്തുടർന്ന് രോഹനും യുഎസിലേക്കു പോയി. എൻജിനീയറാണ് രോഹൻ. ഡിസംബർ ഒന്നിനാണ് ഇരുവരും അവധിക്ക് നാട്ടിലെത്തിയത്. മരുമകളുടെ നഴ്സിങ് ജോലിയോടും പേരിനോടും പോലും അമ്മായിയമ്മ ആനന്ദിക്ക് വെറുപ്പായിരുന്നു.
പേരക്കുട്ടിയോടൊപ്പം സമയം ചെലവഴിക്കാൻ റിയ അനുവദിക്കാതിരുന്നതിലുള്ള അമർഷവും കൊലയ്ക്കു പ്രേരിപ്പിച്ചെന്ന് ആനന്ദി മൊഴി നല്‍കിയതായി പൊലീസ് വ്യക്തമാക്കി. പൊലീസ് വസായ് ഓംനഗറിലെ ഫ്ലാറ്റിലെത്തിയപ്പോൾ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിലായിരുന്നു റിയയുടെ മൃതദേഹം. റിയയുടെ ഭർത്താവ് രോഹനും പിതാവ് ദത്തത്രയും പ്രഭാതസവാരിക്ക് പോയപ്പോഴായിരുന്നു കൊലപാതകം നടന്നത്.
അടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന ആനന്ദിയുടെ ഇളയ മകനും ഭാര്യയും പൊലീസ് വന്നപ്പോഴാണ് സംഭവം അറിയുന്നത്. പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ ആനന്ദിയെ തലേന്ന് രാത്രി അമിതമായി ഉറക്കഗുളിക കഴിച്ചെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആത്മഹത്യാശ്രമം ആണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam