
ദില്ലി: ദില്ലി ദ്വാരകയിൽ വിദ്യാർഥിനിക്ക് നേരെ ആസിഡ് ആക്രമണം. ബൈക്കിലെത്തിയ ആളാണ് ആക്രമണം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ 17 കാരിയെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുചക്ര വാഹനത്തിൽ പിന്നിലിരുന്നയാളാണ് പെൺകുട്ടിക്ക് നേരെ ആസിഡ് ഒഴിച്ചത്. സംഭവത്തിൽ ഒരാളെ പോലീസ് പിടികൂടി. വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
പെൺകുട്ടിയുടെ നില അതീവഗുരുതരമാണെന്നും മുഖത്തും കണ്ണിലും ആസിഡ് തെറിച്ചുവെന്നും പെൺകുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് പ്രതികളെ തിരിച്ചറിഞ്ഞതായും അവരിൽ ഒരാളെ കസ്റ്റഡിയിലെടുത്തതായും പൊലീസ് വ്യക്തമാക്കി. പ്രദേശത്തെ സിസിടിവി ക്യാമറയിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞു. രണ്ട് പെൺകുട്ടികൾ റോഡരികിലൂടെ നടന്ന് പോകുമ്പോൾ എത്തിയ ബൈക്ക് വേഗത കുറയ്ക്കുകയും യാത്രക്കാരിലൊരാൾ പെൺകുട്ടിക്ക് നേരെ ആസിഡ് എറിയുകയും ചെയ്തു.
ആസിഡ് ആക്രമണമേറ്റ കുട്ടി മുഖം പൊത്തിപ്പിടിച്ച് ഓടുന്നതും കാണാം. രാവിലെ ഏഴരയോടെയാണ് സംഭവം. ആക്രമണ സമയം പെൺകുട്ടിയുടെ കൂടെ സഹോദരിയുമുണ്ടായിരുന്നു. പെൺകുട്ടിക്ക് നേരെയുണ്ടായ ആസിഡ് ആക്രമണം അങ്ങേയറ്റം ഹീനവും അപലപനീയുമാണെന്ന് ദില്ലി വനിതാ കമ്മീഷൻ ചെയർപേഴ്സൻ സ്വാതി മലിവാൾ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam