ഇടുക്കിയിൽ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആസിഡ് ആക്രമണം; പ്രതിയെ റിമാന്റ് ചെയ്തു

By Web TeamFirst Published Aug 19, 2020, 7:42 AM IST
Highlights

മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ആസിഡ് ആക്രമണത്തിനെതിരായ പ്രത്യേകവകുപ്പുകൾ ഉൾപ്പടെ ചുമത്തിയാണ് അനിലിനെതിരെ കേസെടുത്തത്

ഇടുക്കി: ഇടുക്കി വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീജയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ കേസിൽ ഭർത്താവും പ്രതിയുമായ അനിലിനെ കോടതി റിമാന്റ് ചെയ്തു.  ഇന്ന് പുലർച്ചെയാണ് ഇയാളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. ശ്രീജയുടെ നില മെച്ചപ്പെട്ടിട്ടുണ്ട്. പരിക്ക് ജീവന് ഭീഷണിയുള്ളതല്ലെന്നാണ് മെഡിക്കൽ റിപ്പോർട്ട്. ആസിഡ് ആക്രമണത്തിനെതിരായ പ്രത്യേകവകുപ്പുകൾ ഉൾപ്പടെ ചുമത്തിയാണ് അനിലിനെതിരെ കേസെടുത്തത്.

ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോട് കൂടിയാണ് സംഭവം നടന്നത്. പഞ്ചായത്ത് കമ്മിറ്റി കഴിഞ്ഞ് വീട്ടിലെത്തിയതായിരുന്നു ശ്രീജ. വീട്ടിലെത്താൻ വൈകിയെന്ന് പറഞ്ഞ് വഴക്കുണ്ടാക്കിയ ഭർത്താവ് യുവതിയുടെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. ശ്രീജയുടെ മുഖത്തും കയ്യിലും സാരമായി പൊള്ളലേറ്റിട്ടുണ്ട്. പ്രാണവേദനക്കിടയിലും ശ്രീജ തന്നെയാണ് മറ്റ് പഞ്ചായത്തംഗങ്ങളെ വിളിച്ച് ആക്രമിക്കപ്പെട്ട വിവരം അറിയിച്ചത്.

പഞ്ചായത്തംഗങ്ങൾ എത്തി യുവതിയെ ആദ്യം മുരിക്കാശ്ശേരിയിലെ ആശുപത്രിയിലും പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ ഭർത്താവ് അനിലിനെ പിടികൂടി പൊലീസിനെ എൽപ്പിച്ചു. ശ്രീജയും ഭർത്താവും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നാണ് നാട്ടുകാർ പൊലീസിന് നൽകിയ മൊഴി.

click me!