
മിർസാപൂർ: അഭിഭാഷകനെ പട്ടാപ്പകൽ വെടിവച്ചുകൊന്ന് അക്രമികൾ. രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ ബൈക്കിന് സ്റ്റാർട്ടിംഗ് ട്രബിൾ. പിടികൂടാൻ ശ്രമിച്ചവർക്ക് നേരെയും തോക്ക് ചൂണ്ടി അക്രമികൾ. ഉത്തർ പ്രദേശിലെ മിർസാപൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മിർസാപൂരിന് സമീപത്തെ കട്വാരു കാ പുരയിലാണ് സംഭവം. രാജീവ് സിംഗ് എന്ന അഭിഭാഷകനാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെ പതിവ് നടത്തത്തിനായി പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ട് അക്രമികളിൽ ഒരാൾ പുറത്തിറങ്ങി നാടൻ തോക്ക് ഉപയോഗിച്ച് സിംഗിനെ തൊട്ടടുത്ത് നിന്ന് വെടിവെക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ രാജീവ് സിംഗ് കൊല്ലപ്പെട്ടു.
കൊലപാതകത്തിന് ശേഷം അക്രമികൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അവരുടെ ബൈക്ക് സ്റ്റാർട്ടാകാതെ വന്നു. ഇത് അക്രമികൾക്ക് അൽപ്പനേരത്തേക്ക് പരിഭ്രാന്തി പരത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ അക്രമികൾ ബൈക്ക് സ്റ്റാർട്ടാക്കാൻ കഷ്ടപ്പെടുന്നത് വ്യക്തമായി കാണാം. ഈ സമയം നാട്ടുകാർ ഓടിക്കൂടിയെങ്കിലും കയ്യിലുണ്ടായിരുന്ന തോക്ക് കാട്ടി അക്രമികൾ അവരെ ഭീഷണിപ്പെടുത്തി. ഇതിനിടെ ബൈക്ക് സ്റ്റാർട്ടായതോടെ ഇവർ വേഗത്തിൽ രക്ഷപ്പെടുകയായിരുന്നു.
ജനനിബിഡമായ സ്ഥലത്ത് നടന്ന ഈ കൊലപാതകം വലിയ നടുക്കമുണ്ടാക്കിയിട്ടുണ്ട്. അഭിഭാഷക സമൂഹത്തിനിടയിലും സംഭവത്തിൽ വലിയ പ്രതിഷേധം ഉയർന്നു. വിവരം അറിഞ്ഞെത്തിയ പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അക്രമികളെ തിരിച്ചറിയാനുള്ള ശ്രമം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam