കുടുംബം തകർത്തത് അയൽക്കാരാണെന്ന അന്ധവിശ്വാസം, അതിന്റെ പകയിൽ ഇല്ലാതാക്കിയത് ഒരുവീട്ടിലെ മൂന്നുപേരെ. കേരളത്തെ നടുക്കിയ നെന്മാറയിലെ കൊലപാതകങ്ങളിൽ ഇരട്ടക്കൊലക്കേസിലും പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരിക്കുകയാണ്. പ്രതിക്കുള്ള ശിക്ഷ കോടതി ബുധനാഴ്ച വിധിക്കും.
കുടുംബം തകർത്തത് അയൽക്കാരാണെന്ന അന്ധവിശ്വാസം, അതിന്റെ പകയിൽ ഇല്ലാതാക്കിയത് ഒരുവീട്ടിലെ മൂന്നുപേരെ. കേരളത്തെ നടുക്കിയ നെന്മാറയിലെ കൊലപാതകങ്ങളിൽ ഇരട്ടക്കൊലക്കേസിലും പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരിക്കുകയാണ്. പ്രതിക്കുള്ള ശിക്ഷ കോടതി ബുധനാഴ്ച വിധിക്കും.
കേസിൽ കുറ്റക്കാരനാണെന്ന വിധി കേട്ടിട്ടും കൂസലില്ലാതെയായിരുന്നു ചെന്താമരയുടെ കോടതിയിലെ പെരുമാറ്റം. താൻ ഗാന്ധിജിയല്ലെന്നും കിട്ടിയാൽ ഇനിയും കൊടുക്കുമെന്നും വേണമെങ്കിൽ തൂക്കിക്കൊന്നോളൂ എന്നുമായിരുന്നു ചെന്താമര കോടതിയിൽ പറഞ്ഞത്. ഇതുപോലെ തന്നെയായിരുന്നു ജീവിതത്തിലുടനീളവും ചെന്താമരയുടെ പെരുമാറ്റം. കുടുംബം തകർത്തതും ഭാര്യ പിണങ്ങിപ്പോകാൻ കാരണമായതും അയൽക്കാരാണെന്ന വിശ്വാസത്തിലാണ് അവരോട് ചെന്താമരയ്ക്ക് തീർത്താൽ തീരാത്ത പകയുണ്ടായത്. ഈ പകയിലാണ് 2019-ൽ അയൽവാസിയായ നെന്മാറ പോത്തുണ്ടി തിരുത്തമ്പടം കോളനിയിലെ സജിതയെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. ഈ കേസിൽ പിടിയിലായെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി. തുടർന്നാണ് ഇരട്ടക്കൊലപാതകം അരങ്ങേറുന്നത്. അന്നത്തെ അതേ പകയിൽ സജിതയുടെ ഭർത്താവ് സുധാകരനെ(56)യും ഇദ്ദേഹത്തിന്റെ അമ്മ ലക്ഷ്മി(75)യെയും ചെന്താമര നിഷ്കരുണം കൊലപ്പെടുത്തി. കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതകം.
2025 ജനുവരി 27... വെട്ടിക്കൊന്നത് രണ്ടുപേരെ...
2025 ജനുവരി 27-നാണ് ചെന്താമര സുധാകരനെയും ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയത്. സുധാകരൻ വീട്ടിലെത്തുന്ന സമയം നോക്കി ആസൂത്രിതമായിട്ടായിരുന്നു കൊലപാതകം. പിടിച്ചുമാറ്റാനെത്തിയ അമ്മ ലക്ഷ്മിയെയും ഇയാൾ വെറുതെവിട്ടില്ല. രണ്ടുപേരെയും വെട്ടിക്കൊന്നശേഷം സ്വന്തം വീട്ടിലേക്ക് ഓടിക്കയറിയ പ്രതി പിന്നാലെ അവിടെനിന്നും മുങ്ങി. പിന്നെ ഓടിയൊളിച്ചത് സമീപത്തെ പോത്തുണ്ടി വനമേഖലയിലും മലമുകളിലുമായിരുന്നു. പ്രതിയെ തിരയാനായി നാടൊന്നാകെ തിരച്ചിൽ നടത്തി. നൂറുകണക്കിന് പൊലീസുകാരും നാട്ടുകാരും രാത്രിയും പകലും പ്രതിയെ തേടിയിറങ്ങി. ഒടുവിൽ ഒന്നരദിവസത്തിനുശേഷം വിശന്നുവലഞ്ഞ് ഭക്ഷണം കഴിക്കാനായി സ്വന്തം വീട്ടിലേക്ക് വരുമ്പോളാണ് ചെന്താമരയ്ക്ക് പിടിവീണത്.
അന്നും സമാനം...
2019 ഓഗസ്റ്റിൽ സുധാകരന്റെ ഭാര്യ സജിതയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത് സമാനരീതിയിലായിരുന്നു. കൊലപാതകത്തിന് ശേഷം സമീപത്തെ വനമേഖലയിൽ തന്നെയാണ് അന്നും ഒളിച്ചത്. വിശപ്പ് താങ്ങാൻ കഴിയാത്ത പ്രതി അന്നും വിശന്നുവലഞ്ഞ് മലയിറങ്ങിയപ്പോളാണ് പൊലീസിന്റെ പിടിയിലായത്. അന്ന് സഹോദരന്റെ വീട്ടിലേക്കാണ് ചെന്താമര ഭക്ഷണം തേടി പോയത്. എന്നാൽ, 2025-ൽ ഭക്ഷണത്തിനായി സ്വന്തം വീട്ടിലേക്ക് വരുന്നതിനിടെ പിടിവീഴുകയായിരുന്നു. പ്രതിക്ക് വിശപ്പ് താങ്ങാനാകില്ലെന്നതും ഭക്ഷണംതേടി തിരികെ വരുമെന്നതും പൊലീസ് കണക്കുകൂട്ടിയിരുന്നു. ഇതനുസരിച്ച് ചെന്താമര വരാൻ സാധ്യതയുള്ള ഇടങ്ങളിലെല്ലാം പൊലീസ് നിരീക്ഷണവും ശക്തമാക്കി. അങ്ങനെയിരിക്കെ വീട്ടിലേക്കുള്ള വഴിയിൽവെച്ച് തന്നെ ചെന്താമരയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സമീപത്തെ വനവും മലയുമെല്ലാം കാണാപാഠമായ ചെന്താമരയ്ക്ക് മണിക്കൂറുകളോളം പൊലീസിന്റെ കണ്ണിൽപ്പെടാതെ കഴിയുന്നത് നിസാരമായിരുന്നു. പക്ഷേ, ഏറെനേരം ഒളിവുജീവിതം തുടരാനായില്ല. കേരള പൊലീസ് അയാളെ കണ്ടെത്തുകയും പിടികൂടുകയുംചെയ്തു.
ചിക്കനും ചോറും വേണം സാറേ...
പിടിയിലായതിന് പിന്നാലെ ചെന്താമര പൊലീസുകാരോട് ആവശ്യപ്പെട്ടത് ചിക്കനും ചോറുമായിരുന്നു. അതിനിടെ, പ്രതിയെ പിടികൂടിയെന്ന വിവരമറിഞ്ഞതോടെ നെന്മാറ പൊലീസ് സ്റ്റേഷന് മുന്നിൽ ജനങ്ങൾ തടിച്ചുകൂടി. പ്രതിക്കെതിരേ ജനരോഷമുണ്ടായി. ഈ സംഭവത്തിൽ പിന്നീട് കേസുണ്ടാവുകയുംചെയ്തു. പൊലീസിന്റെ പിടിയിലായിട്ടും ചെന്താമരയ്ക്ക് ഒരു കൂസലുമില്ലായിരുന്നു. ഇതിനിടെ തെളിവെടുപ്പിനിടെ സമീപവാസിയായ പുഷ്പയെ കൂടി കൊല്ലാൻ പദ്ധതിയിട്ടിരുന്നതായും അത് നടപ്പാക്കാത്തതിന്റെ രോഷവും പ്രതി പങ്കുവെച്ചിരുന്നു.
കുടുംബം തകർത്തെന്ന് പറഞ്ഞ് പക...
ഭാര്യ പിണങ്ങിപ്പോകാനും കുടുംബം തകരാനും കാരണം അയൽവാസികളാണെന്നായിരുന്നു ചെന്താമര വിശ്വസിച്ചിരുന്നത്. ഒരു നീണ്ട മുടിയുള്ള സ്ത്രീയാണ് എല്ലാത്തിനും കാരണമെന്നും ചെന്താമര പലരോടും പറഞ്ഞിരുന്നു. ഈ പകയിലാണ് സജിതയെ 2019-ൽ കൊലപ്പെടുത്തിയത്. ഈ കേസിൽ പിടിയിലായി വിചാരണ തടവുകാരനായി ജയിലിൽ കഴിയവേ രണ്ടുപേരെ കൂടി തീർക്കുമെന്നും ചെന്താമര സഹതടവുകാരോട് പറഞ്ഞിരുന്നു. ഇതാണ് പിന്നീട് ജാമ്യത്തിലിറങ്ങിയ ശേഷം നടപ്പാക്കിയത്.
നെന്മാറയിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയിലാണ് ചെന്താമരയ്ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നത്. ഇതിനിടെ, ജാമ്യത്തിലിറങ്ങിയ പ്രതി കോഴിക്കോട് മലയോര മേഖലയിലെ ഒരു ക്വാറിയിലും ജോലിചെയ്തു. ജാമ്യവ്യവസ്ഥ ലംഘിച്ച് ചെന്താമര നെന്മാറയിൽ വരുന്നതായും ജീവന് ഭീഷണിയുണ്ടെന്നും കാണിച്ച് സമീപവാസികളടക്കം നേരത്തേ പൊലീസിൽ പരാതി അറിയിച്ചിരുന്നു. എന്നാൽ, ഇത് പൊലീസ് മുഖവിലയ്ക്കെടുത്തില്ലെന്ന് അന്ന് ആരോപണമുയർന്നു. നെന്മാറ ഇരട്ടക്കൊലയ്ക്ക് പിന്നാലെ പൊലീസിന്റെ ഈ വീഴ്ചയും ചർച്ചയായി. തുടർന്ന് നെന്മാറ എസ്എച്ച്ഒയെ അന്ന് സർവീസിൽനിന്ന് സസ്പെൻഡും ചെയ്തിരുന്നു.
കുടുംബം നശിപ്പിച്ചവരെ തുലയ്ക്കും...
'എന്റെ കുടുംബം നശിപ്പിച്ചവരെ ഞാൻ തുലയ്ക്കും, അത് ആരാണെങ്കിലും', ഇതായിരുന്നു പിടിയിലായിട്ടും ചെന്താമര ആവർത്തിച്ച് പറഞ്ഞിരുന്നത്. കുടുംബം തകർത്തത് അയൽക്കാരാണെന്നും പുതിയ വീട് വെച്ചിട്ട് അതിൽക്കയറി കുടുംബത്തോടൊപ്പം താമസിക്കാനായില്ലെന്നും ചെന്താമര തെളിവെടുപ്പിനിടെയും വിചാരണയ്ക്കിടെയും ആവർത്തിച്ച് പറഞ്ഞിരുന്നു. കുറ്റബോധത്തിന്റെ ഒരു കണിക പോലുമില്ലാത്ത പെരുമാറ്റമായിരുന്നു ചെന്താമരയുടേത്. തെളിവെടുപ്പിനിടെ ഇയാൾ മറ്റുള്ള അയൽക്കാരെ കൊല്ലുമെന്ന ആംഗ്യം കാണിച്ച് ഭീഷണിപ്പെടുത്തുകയുമുണ്ടായി.
സജിത വധക്കേസിൽ ശിക്ഷ, ഇരട്ടക്കൊലയിൽ അതിവേഗം കുറ്റപത്രം...
2019-ൽ സജിതയെ കൊലപ്പെടുത്തിയ കേസിൽ പിന്നീട് പ്രതിയുടെ ജാമ്യം റദ്ദാക്കിയ കോടതി, അതിവേഗം വിചാരണ പൂർത്തിയാക്കി ജീവപര്യന്തം തടവിനും ശിക്ഷിച്ചിരുന്നു. ഇതിനിടെ, നെന്മാറ ഇരട്ടക്കൊലയിലും പൊലീസ് വേഗത്തിൽ കുറ്റപത്രം സമർപ്പിച്ചു. രണ്ടുമാസത്തിനുള്ളിലാണ് 480 പേജുകളുള്ള കുറ്റപത്രം ആലത്തൂർ കോടതിയിലെത്തിയത്. 30-ലേറെ ശാസ്ത്രീയ തെളിവുകളും 132 സാക്ഷികളും കേസിലുണ്ടായിരുന്നു. ഒരു ദൃക്സാക്ഷിയും കേസിലുണ്ടായി.
പ്രതിക്ക് മാനസികാരോഗ്യ പ്രശ്നങ്ങളില്ലെന്ന മെഡിക്കൽ സർട്ടിഫിക്കറ്റും കേസിൽ നിർണായകമായ ഡിഎൻഎ തെളിവുകളും പൊലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു. വെട്ടിക്കൊല്ലാൻ ഉപയോഗിച്ച വെട്ടുകത്തിയുടെ പിടിയിൽനിന്നാണ് ചെന്താമരയുടെ ഡിഎൻഎ കിട്ടിയത്. മാത്രമല്ല, ചെന്താമരയുടെ തുണിയിൽനിന്ന് സുധാകരന്റെയും ലക്ഷ്മിയുടെയും രക്തക്കറ കിട്ടിയതും കേസിൽ നിർണായക തെളിവുകളായി. അതിനിടെ, കേസിൽ ചില സാക്ഷികൾ കൂറുമാറിയതും ശ്രദ്ധേയമായി. എന്നാൽ, അതിവേഗത്തിൽ തന്നെ കോടതി വിചാരണ പൂർത്തിയാക്കി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.
അനാഥമായി ആ കുടുംബം...
അച്ഛനും അമ്മയും മുത്തശ്ശിയും ചെന്താമരയുടെ പകയിൽ കൊലക്കത്തിക്കിരയായതോടെ അനാഥരായത് സുധാകരൻ-സജിത ദമ്പതിമാരുടെ രണ്ട് പെൺമക്കളാണ്. സജിതയുടെ കൊലപാതകത്തിന് ശേഷം ഏറെ ഭയന്നാണ് ഇവർ വീട്ടിൽ കഴിഞ്ഞിരുന്നത്. ചെന്താമര ജാമ്യത്തിലിറങ്ങിയതോടെ ഇത് ഇരട്ടിച്ചു. ഇതിനിടെയായിരുന്നു സുധാകരനെയും ലക്ഷ്മിയെയും ചെന്താമര കൊലപ്പെടുത്തിയത്.


