
തിരുവനന്തപുരം: സോളാർ കേസിലെ പ്രതി സരിത എസ് നായരുള്‍പ്പെടുന്ന നിയമന തട്ടിപ്പു കേസ് ഒത്തു തീർക്കാൻ നീക്കം. പൊലീസ് കേസെടുത്തെങ്കിലും സരിത അടക്കമുള്ള പ്രതികളെ ഇതുവരെ ചോദ്യം ചെയ്തില്ല. ഒളിവിലാണെന്നു പൊലീസ് പറയുന്ന ഒന്നാം പ്രതി രതീഷ് പഞ്ചായത്തംഗമായി കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.
ബെവ്ക്കോ, കെടിഡിസി എന്നീ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗസ്ഥാർത്ഥികളിൽ നിന്ന് ലക്ഷങ്ങള്‍ തട്ടിച്ചുവെന്ന രണ്ടു പരാതികളിലാണ് നെയ്യാറ്റിൻകര പൊലീസ് കേസെടുത്തത്. കുന്നത്തുകാൽ പഞ്ചായത്തംഗം രതീഷ്, ഷാജി പാലിയോട് എന്നീ ഇടനിലക്കാർക്കെതിരെയാണ് കേസ്.
സരിതാ നായർക്കുവേണ്ടിയാണ് പണം വാങ്ങിയതെന്നാണ് പരാതിക്കാരുടെ മൊഴി. കഴിഞ്ഞ മാസം 27നണ് കേസെടുത്തത്. പരാതിക്കാരുമായി നിരന്തരം ഫോണിൽ സംസാരിച്ചുവെന്നതിൻറെ രേഖകള്‍ പൊലീസിന് ലഭിച്ചതിന് പിന്നാലെ സരിതയെയും പ്രതിചേർത്തു. എന്നാൽ പിന്നീടൊന്നും നടന്നില്ല.
പൊലീസിനുമേലുള്ള സമ്മർദ്ദമാണ് അന്വേഷണം അട്ടിമറിക്കാൻ കാരണമെന്നാണ് ആരോപണം. പൊതുമേഖല സ്ഥാപനത്തിലെ ഉദ്യോഗസ്ഥർക്കും തട്ടിപ്പിൽ പങ്കുണ്ടെന്ന് പരാതിക്കാർ സംശയം ഉന്നയിച്ചിരുന്നു. പ്രതിപ്പട്ടികയിലുള്ളവർ ഒളിവിലായതുകൊണ്ടാണ് ചോദ്യം ചെയ്യാത്തതെന്നാണ് പൊലീസ് വിശദീകരണം. അതേസമയം, സിപിഐ സ്ഥാനാർത്ഥിയായി കുന്നത്തുകാൽ പഞ്ചായത്ത് പാലിയോട് വാർഡിൽ നിന്ന് ജയിച്ച ഒന്നാം പ്രതി രതീഷ് സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.
അതിനിടെ തട്ടിപ്പിനിരയായവരിൽ ചിലർ പൊലീസുമായി സഹകരിക്കാനും വിമുഖത കാണിക്കുന്നുണ്ട്. പണം നൽകി പരാതി പിൻവലിക്കാനുള്ള നീക്കവും നടക്കുന്നുതുകൊണ്ടാണ് ഈ പിൻമാറ്റമെന്നാണ് സൂചന. ശബ്ദരേഖയുൾപ്പെടെ കൂടുതൽ തെളിവുകള്‍ ഇപ്പോഴും കൈമാറിയിട്ടുമില്ല. പണം നൽകിയാലും പൊതുമേഖല സ്ഥാപനത്തിനറെ പേരിൽ വ്യാജ നിയമന ഉത്തരവുകളുണ്ടാക്കിയ കേസ് പൊലീസിന് പിൻവലിക്കാൻ കഴിയില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam